Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ശബരിമലയിലെ നിയന്ത്രണങ്ങള്‍ പാളി: ദര്‍ശനം പൂര്‍ത്തിയാക്കാതെ ഭക്തര്‍ മടങ്ങുന്നു; ദേവസ്വം ബോര്‍ഡ് പൂര്‍ണ്ണമായും പരാജയപ്പെട്ടു

02:25 PM Dec 12, 2023 IST | Online Desk
Advertisement

നിലയ്ക്കല്‍: ശബരിമലയിലെ അതിരൂക്ഷമായ ഭക്തജനത്തിരക്ക് മൂലം പലയിടത്തും നിയന്ത്രണം പാളുന്നു. അഞ്ചാം ദിവസവും ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ദര്‍ശനം പൂര്‍ത്തിയാക്കാതെ ഭക്തരില്‍ പലര്‍ക്കും പന്തളത്തുനിന്ന് മടങ്ങേണ്ടി വരുന്ന സാഹചര്യമാണ്. ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിലും തിരക്ക് നിയന്ത്രിക്കുന്നതിലും ദേവസ്വം ബോര്‍ഡ് പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പ്രതിഷേധിച്ചു. ഡല്‍ഹിയില്‍ എം.പിമാരും പാര്‍ലമെന്റിന് മുന്നിലെ ഗാന്ധിപ്രതിമയ്ക്ക് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

Advertisement

ശബരിമലയില്‍ ചൊവ്വാഴ്ച തിരക്കിന് നേരിയ കുറവുണ്ടെങ്കിലും ഗതാഗതക്കുരുക്കിന് ശമനമില്ലെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി അഞ്ചാംദിനവും ശബരിമല പാതയില്‍ വാഹനങ്ങളുടെ നീണ്ടനിരയാണ്. ഭക്തരുടെ പ്രയാസം ചൂണ്ടിക്കാട്ടി വിവിധയിടങ്ങളില്‍ പ്രതിഷേധം നടക്കുന്നുണ്ട്. പമ്പയിലെത്താനും തിരിച്ചുപോകാനും വളരെയേറെ പ്രയാസം അനുഭവപ്പെടുന്നതായി ഭക്തര്‍ പറയുന്നു. ബസില്‍ തൂങ്ങിപ്പിടിച്ച് യാത്രചെയ്യുന്നതും ജനലുകളില്‍ കൂടി തിക്കിത്തിരക്കി ഉള്ളില്‍ക്കടക്കാന്‍ ശ്രമിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പര്യാപ്തമായതോതില്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ നിലവില്‍ സജ്ജീകരിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ 654 കെ.എസ്.ആര്‍.ടി.സി. ബസുകളാണ് ഈ മേഖലയില്‍ സര്‍വീസ് നടത്തിയത്. സമാനമായ രീതിയില്‍ ഇന്നും സര്‍വീസിന് തയ്യാറാണെന്നാണ് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ വിശദീകരിക്കുന്നത്.എന്നാല്‍, തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കുറച്ച് വാഹനങ്ങള്‍ മാത്രമെ സ്റ്റാന്‍ഡിലേക്ക് എത്തിക്കുന്നുള്ളൂ എന്നാണ് ലഭിക്കുന്ന വിവരം. കൂടുതല്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ആളുകളുമായി നിലയ്ക്കലില്‍ നിന്ന് പമ്പാ മേഖലയിലേക്ക് പോയാല്‍ ആ മേഖലയില്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെടും. അതിനാലാണ് പോലീസ് നിയന്ത്രണം നിര്‍ദേശിച്ചിരിക്കുന്നത്.

പലരും ദര്‍ശനം നടത്താനാകാതെ പന്തളത്ത് നിന്നും നിലയ്ക്കലില്‍ നിന്നും മടങ്ങുന്നതായും വിവരമുണ്ട്. മണിക്കൂറുകള്‍ കാത്തുനിന്നിട്ടും ദര്‍ശനം സാധിക്കാതായതോടെയാണ് പന്തളത്തെ ക്ഷേത്രത്തില്‍ തേങ്ങയുടച്ച് നെയ്യഭിഷേകം നടത്തി തീര്‍ത്ഥാടകര്‍ മാല ഊരി മടങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.ശബരിമലവിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും പങ്കെടുക്കുന്നുണ്ട്. ഇതിനുപുറമെ ദേവസ്വം ബോര്‍ഡ് യോഗവും ഇന്ന് ചേരുന്നുണ്ട്. തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ദേവസ്വം മന്ത്രി അറിയിച്ചു.

Advertisement
Next Article