മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് 5ന് തുറക്കും
പമ്പ: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ അവരോധന ചടങ്ങും ഇന്ന് നടക്കും. വൃശ്ചികം ഒന്നിന് പുതിയ മേൽശാന്തിമാർ ഇരു നടകളും തുറക്കും. ഡിസംബർ 26ന് തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും. 27 ന് മണ്ഡല പൂജ നടക്കും. അന്ന് രാത്രി ഹരിവരാസനം പാടി അടയ്ക്കുന്ന നട ഉത്സവത്തിനായി മുപ്പതിന് വൈകുന്നേരം വീണ്ടും തുറക്കും. 2024 ജനുവരി 15 നാണ് മകരവിളക്ക്.മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് വലിയ ഭക്തജന തിരക്കാണ് ശബരിമലയിൽ പ്രതീക്ഷിക്കുന്നത്. 13,000ത്തോളം പൊലീസുകാരായിരിക്കും വിവിധ ഘട്ടങ്ങളിലായി ഡ്യൂട്ടിയിൽ ഉണ്ടാവുക. സന്നിധാനം ഉൾപ്പെടെ പ്രധാന പോയിന്റുകളിൽ പൊലീസുകാരെ വിന്യസിച്ചു. ഭക്തർക്ക് സുഗമമായ ദർശനം ഒരുക്കുക എന്നതാണ് ശബരിമലയിൽ പൊലീസിന്റെ കടമ. ഭക്തരുടെ നിര ശരംകുത്തി വരെ നീണ്ടാൽ മാത്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ മതിയെന്നും എഡിജിപി എം ആർ അജിത് കുമാർ വ്യക്തമാക്കി.