ഇടവമാസ പൂജയ്ക്കായി ശബരിമല നടതുറന്നു
പമ്പ: ഇടവമാസ പൂജയ്ക്കായി ശബരിമല ക്ഷേത്ര നട തുറന്നു . 18നാണ് പ്രതിഷ്ഠാ ദിനാഘോഷം. ഇന്ന് വൈകിട്ട് അഞ്ചിന് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി പിഎൻ മഹേഷ് നമ്ബൂതിരി അയ്യപ്പ സന്നിധിയിലും മാളികപ്പുറം ക്ഷേത്ര സന്നിധിയില്‍ മേല്‍ശാന്തി പിഎൻ മുരളി നമ്ബൂതിരിയും ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിച്ചു. മേല്‍ശാന്തി പിന്നീട് ഗണപതി, നാഗർ എന്നീ ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുൻവശത്തായുള്ള ആഴിയില്‍ അഗ്നി പകരും. തുടർന്ന് തന്ത്രിയും മേല്‍ശാന്തിയും അയ്യപ്പ ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും.
നട തുറക്കുന്ന ഇന്ന് ശബരിമല അയ്യപ്പ സന്നിധിയിലും മാളികപ്പുറം ക്ഷേത്രത്തിലും പൂജകള്‍ ഒന്നും തന്നെ ഉണ്ടാകില്ല. എന്നാല്‍ ഭക്തർക്ക് ദർശനം നടത്താം. രാത്രി 10 മണിക്ക് ഹരിവരാസനം പാടി തിരുനട അടച്ച ശേഷം ഇടവം ഒന്നായ ജൂലൈ 15ന് പുലർച്ചെ അഞ്ചു മണിക്ക് തുറക്കും. നിർമാല്യ ദർശനവും പതിവ് അഭിഷേകവും നടക്കും. 5:30 ന് മഹാഗണപതിഹോമം. തുടർന്ന് നെയ്യഭിഷേകം ആരംഭിക്കും.7:30 ന് ഉഷപൂജ.12:30 ന് ഉച്ചപൂജ. മെയ് 15 മുതല്‍ 19 വരെയുള്ള അഞ്ച് ദിവസങ്ങളില്‍ ഉദയാസ്തമയപൂജ, 25കലശാഭിഷേകം, കളഭാഭിഷേകം,പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. ദിവസവും ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കുന്ന തിരുനട വൈകുന്നേരം അഞ്ച് മണിക്കാണ് വീണ്ടും തുറക്കുക. വെർച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത് ഭക്തർക്ക് ദർശനത്തിനായി എത്തിച്ചേരാവുന്നതാണ്. അഞ്ച് ദിവസത്തെ പൂജകള്‍ പൂർത്തിയാക്കി ക്ഷേത്ര തിരുനട 19ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി അടയ്ക്കും.