For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സജി ചെറിയാന്റെ വാക്കുകൾ അതിരുവിട്ടു; ക്രൈസ്തവ സഭയെ  അനുനയിപ്പിക്കാൻ സിപിഎം

07:32 PM Jan 02, 2024 IST | veekshanam
സജി ചെറിയാന്റെ വാക്കുകൾ അതിരുവിട്ടു  ക്രൈസ്തവ സഭയെ  അനുനയിപ്പിക്കാൻ സിപിഎം
Advertisement

മുഖ്യമന്ത്രിയുടെ പുതുവർഷ വിരുന്നിലേക്ക് ക്ഷണം

Advertisement

പ്രത്യേക ലേഖകൻ

തിരുവനന്തപുരം: ക്രൈസതവ സഭാ നേതൃത്വത്തിനെതിരെ സാംസ്കാരിക മന്ത്രി സജി ചെറിയാൻ നടത്തിയ അതിരുവിട്ട പദപ്രയോഗങ്ങൾ പാർട്ടിയെയും സർക്കാരിനെയും കുരുക്കിലാക്കിയതോടെ അനുനയ നീക്കവുമായി സിപിഎം. ഇന്ന് തലസ്ഥാനത്ത് മുഖ്യമന്ത്രി നടത്തുന്ന പുതുവർഷ വിരുന്നിലേക്ക് ക്ഷണിക്കപ്പെട്ട സഭാ നേതാക്കൾ പങ്കെടുക്കുമോയെന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണിത്. ക്രിസ്മസ് വിരുന്നിനു ബിജെപി വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചം ഉണ്ടായെന്നും അവർ നൽകിയ മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പുർ വിഷയം ബിഷപ്പുമാർ മറന്നുവെന്നുമുള്ള മന്ത്രിയുടെ പരാമർശം വലിയ പ്രതിഷേധം ഉയർത്തിയതോടെയാണ് സജി ചെറിയാനെ തള്ളിപ്പറഞ്ഞ് സഭയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ സിപിഎം തുടങ്ങിയത്. സജി ചെറിയാൻ വിവാദ പ്രസ്താവന പൻവലിക്കണമെന്ന് കെസിബിസി അധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ ആവശ്യപ്പെട്ടു. അതുവരെ കെസിബിസി സർക്കാരുമായി സഹകരിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതേസമയം, മുഖ്യമന്ത്രിയും മന്ത്രിമാരും നിരന്തരം മതമേലധ്യക്ഷന്മ‍ാരെ അവഹേളിക്കുന്നതിൽ പൊതുസമൂഹത്തിൽ നിന്നും കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്.
നേരത്തെ, ഭരണഘടനയെ വിമർശിച്ചതിന്റെ പേരിൽ മന്ത്രിസ്ഥാനം നഷ്ടമായ സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്കെത്തുന്നത് കഴിഞ്ഞ വർഷം ജനുവരിയിലാണ്. സത്യപ്രതിജ്ഞ ചെയ്തു ഒരു വർഷം ആകുമ്പോൾ വീണ്ടുമൊരു പ്രസ്താവന സജി ചെറിയാനെ വിവാദങ്ങളിലേക്കു തള്ളിവിട്ടിരിക്കുന്നത്. പറയാൻ പാടില്ലാത്ത വാക്കുകളാണ് സജി ചെറിയാന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. മന്ത്രിയുടെ പ്രസ്താവന പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. പ്രസ്താവന പാർട്ടിയുടെ അഭിപ്രായമല്ല. പ്രസംഗത്തിനിടയിലെ പ്രയോഗം മാത്രമാണ്. സഭാ നേതൃത്വത്തിന് അതൃപ്തിയുണ്ടെങ്കിൽ പരിശോധിക്കും. സജി ചെറിയാന്റെ പ്രസ്താവന സംബന്ധിച്ച് ഉയർന്നു വന്നിട്ടുള്ള പരാതികളും പരിശോധിക്കും. ബിഷപ്പുമാർക്ക് പ്രയാസമുണ്ടാക്കിയ പദം ഉൾപ്പെടെയുള്ളവയിൽ ആവശ്യമായ നടപടിയുണ്ടാകുമെന്നും ഗോവിന്ദൻ പ്രതികരിച്ചു.
അതേസമയം,  പ്രധാനമന്ത്രി ക്ഷണിക്കുന്ന ചടങ്ങുകളിൽ ക്രൈസ്തവ മത മേലധ്യക്ഷൻമാർ പങ്കെടുക്കുന്നത് പുതിയ കീഴ്‌വഴക്കമല്ലെന്ന കേരളാ കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി എംപിയുടെയും മന്ത്രി റോഷി അഗസ്റ്റിന്റെയും നിലപാട് എംവി ഗോവിന്ദൻ തള്ളിക്കളഞ്ഞു. ഇക്കാര്യത്തിൽ കേരള കോൺഗ്രസ് (എം) മാത്രം അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും ഇടതുമുന്നണി അഭിപ്രായം പറയുമെന്നുമായിരുന്നു ഗോവിന്ദന്റെ മറുപടി.
ഇതിനിടെ, പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതിനെ കുറിച്ച് കേരളത്തിന്റെ സാംസ്കാരിക വകുപ്പ് മന്ത്രി വളരെ ബഹുമാനമില്ലാത്ത രീതിയിൽ സംസാരിച്ചത് ഉചിതമായില്ല എന്നത് ഏറ്റവും തീവ്രതയോടു കൂടി സർക്കാരിനെ അറിയിക്കുകയാണെന്ന് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ പറഞ്ഞു. മന്ത്രി പ്രസ്താവന പിൻവലിച്ച് അതിനു വിശദീകരണം നൽകുന്നതുവരെ കെസിബിസിയുടെ പൊതുവായ സഹകരണം സർക്കാരിനോട് ഉണ്ടായിരിക്കുന്നതല്ല.
മന്ത്രിയുടെ പ്രസ്താവന ഔചിത്യവും ആദരവുമില്ലാത്തത്. രാജ്യത്തിന്റെ ഭരണാധികാരികൾ അത് മുഖ്യമന്ത്രിയാകട്ടെ പ്രധാനമന്ത്രിയാകട്ടെ പ്രസിഡന്റാകട്ടെ ഗവർണറാകട്ടെ, അവർ രാജ്യത്തിന്റെ വിവിധ ആവശ്യങ്ങൾക്കും ജനങ്ങളുടെ വിവിധ ആവശ്യങ്ങൾക്കുമായി ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ പലപ്പോഴും വിളിച്ചിട്ടുണ്ട്, ഞങ്ങൾ സംബന്ധിച്ചിട്ടുമുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രി തന്നെ ഈ യാത്രയിൽ പല സ്ഥലങ്ങളിൽ മതമേലധ്യക്ഷന്മാരെ വിളിച്ചിട്ടുണ്ടായിരുന്നു, അവർ പോയി സംബന്ധിക്കുകയും ചെയ്തുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Tags :
Author Image

veekshanam

View all posts

Advertisement

.