കാലം മായ്ക്കാത്ത ഓർമകൾ; സജിത്ത് ലാൽ ഓർമ ദിനത്തിൽ സുധാ മേനോൻ എഴുതുന്നു
ഓരോ പ്രസ്ഥാനത്തിന്റെയും ചരിത്രത്തിൽ ചില മനുഷ്യരുണ്ടാകും. വെല്ലുവിളികളുടെയും പ്രതിസന്ധികളുടെയും മൾബറി ഇലകളെ സ്വയം ഭക്ഷിച്ച് സഹപ്രവർത്തകർക്ക് ചവിട്ടി നടക്കാൻ ഏറ്റവും മികച്ച പട്ടുനൂൽപ്പാത ഉണ്ടാക്കാൻ കൊതിക്കുന്നവർ. അത്തരം ആത്മാർപ്പണങ്ങളെ ഒറ്റവെട്ടിലും, അൻപത്തൊന്ന് വെട്ടിലും, ബോംബേറിലും അവസാനിപ്പിക്കുന്നവർ മറന്നുപോകുന്ന ഒരു കാര്യമുണ്ട്. ആ മനുഷ്യർ അവശേഷിപ്പിച്ചുപോയ സഹനത്തിന്റെയും പ്രതിബദ്ധതയുടെയും സമരവീര്യത്തിന്റെയും ശേഷിപ്പുകൾ കാലാതിവർത്തിയാണെന്ന മഹാസത്യം. ഒരാളെ ഇല്ലാതാക്കിയാലും ആ രാഷ്ട്രീയം മറ്റൊരിടത്ത് മറ്റൊരു രൂപത്തിൽ മുളപൊട്ടും. പടരും. പ്രതിരോധത്തിന്റെ രാഷ്ട്രീയം ചരിത്രത്തിൽ നിലനിൽക്കുന്നത് എല്ലായ്പ്പോഴും അങ്ങനെയാണ്. ഈ ശ്രേണിയിലെ ഏറ്റവും തിളക്കമുള്ള പേരുകളിൽ ഒന്നാണ് കെ. പി. സജിത്ത് ലാൽ. പിൻഗാമികൾക്കും, പ്രവർത്തകർക്കും നേതാക്കൾക്കും ഒരുപോലെ ആവേശം നല്കുന്ന നിത്യസ്മരണ. എൺപതുകളിൽ തുടങ്ങി, തൊണ്ണൂറുകളുടെ പകുതി വരെയുള്ള നീണ്ട കാലത്തെ വിദ്യാർഥിരാഷ്ട്രീയസംഘാടനത്തിൽ, കണ്ണൂർ-കാസർഗോഡ് ജില്ലകളിലെ വിദൂരപ്രദേശങ്ങളിൽപ്പോലും കേരള വിദ്യാർഥി യൂണിയന്റെ നീലപതാക പാറിക്കളിച്ചതിൽ സജിത്ത് ലാലിന്റെ പങ്ക് ഇന്നത്തെ വിദ്യാർഥിനേതാക്കൾക്ക് സങ്കൽപ്പിക്കാവുന്നതിന് അപ്പുറമാണ്. ഫോണും, സാമൂഹ്യമാധ്യമങ്ങളും, യാത്രാസൌകര്യങ്ങളും ഇല്ലാത്ത ഒരു കാലത്തായിരുന്നു സിപിഎമ്മിന്റെ കോട്ടകളായ ഗ്രാമങ്ങളിലെ സ്കൂളുകളിൽ വരെ കെ എസ് യു വിന് യൂണിറ്റുകൾ ഉണ്ടാവുകയും, തിരഞ്ഞെടുപ്പിൽ മൽസരിക്കുകയും ചെയ്തത് എന്നോർക്കണം.
ഒരു തരത്തിലുള്ള ഭീഷണികൾക്കും വഴങ്ങാത്ത അനിതരസാധാരണമായ നിർഭയത്വം ആയിരുന്നു സജിത്തിന്റെ ഏറ്റവും വലിയ സവിശേഷത. അതിനോടൊപ്പം, കോൺഗ്രസ്സ് പ്രസ്ഥാനത്തോടുള്ള നിർമലമായ സ്നേഹവും കൂടിച്ചേർന്നപ്പോൾ നിരന്തരമായ ഭീഷണികളും ശാരീരികഅക്രമവും കൊലവിളികളും ഒക്കെ സജിത്തിനെ തൊടാതെ പോയി. സജിത്ത് ലാലും സഹോദരൻ അജിത്ത് ലാലും എണ്പതുകളിലെ പയ്യന്നൂർ ഗവൺമെന്റ് ഹൈസ്കൂളിലും പരിസരത്തെ എല്ലാ സ്കൂളുകളിലും കെ എസ് യു പ്രവർത്തകരുടെ പരിചയായിരുന്നു. പിന്നീട് ആ സ്വാധീനം സ്വാഭാവികമായി മാടായി കോളേജിലും പയ്യന്നൂർ കോളേജിലും എല്ലാം പ്രതിഫലിച്ചു. അക്കാലത്തെ എല്ലാ വിദ്യാർഥിസമരങ്ങളുടെയും മുന്നിൽ സജിത്ത് ലാൽ ഉണ്ടായിരുന്നു. ഏകപക്ഷീയമായ സംഘടനാപ്രവർത്തനം ജില്ലയിലെ ഒരു കോളേജിലും സ്കൂളിലും അനുവദിക്കില്ലെന്ന സജിത്ത് ലാലിന്റെ വാശിയും, എത്ര ദുർബലമായ ഇടങ്ങളിലും ആവേശത്തോടെ പൊരുതുമെന്ന ജനാധിപത്യബോധവുമാണ് ആ ചെറുപ്പക്കാരനെ സിപിഎമ്മിന്റെ കണ്ണിലെ കരടാക്കിയത്. ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷനായിരുന്ന കെ. സുധാകരന്റെ അടുത്ത അനുയായിയാവുകയും, അദ്ദേഹത്തിന്റെ സുരക്ഷ സ്വയം ഏറ്റെടുക്കുകയും ചെയ്തതോടെ സജിത്ത് ലാലിനെതിരെ അവരുടെ മുൻനിര നേതാക്കൾ പരസ്യമായി കൊലവിളി നടത്തി. ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാം എന്ന തിരിച്ചറിവിലും, സജിത്ത് ലാൽ ഭയന്നു പിന്മാറിയില്ല. രാഷ്ട്രീയഭാവിയേക്കാളും ജീവനെക്കാളും ഏറെ സ്വന്തം പ്രസ്ഥാനത്തിന്റ ആത്മാഭിമാനം ആയിരുന്നു സജിത്തിന് ഏറെ പ്രിയതരം. നേരിട്ടറിയുന്നവർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ദീപ്തമായ വ്യക്തിത്വമായിരുന്നു സജിത്ത് ലാലിന്റേത്.
എന്റെ ജീവിതത്തിൽ ഇത്രയധികം അലട്ടിയ, വേദനിപ്പിച്ച മറ്റൊരു മരണമില്ല. കുടുംബസുഹൃത്ത്, നേതാവ്,സഹപ്രവർത്തകൻ എന്നതിലുപരിയായി സ്നേഹസമ്പന്നനായ സഹോദരനായിരുന്നു സജിത്ത് ലാൽ. പയ്യന്നൂരിനടുത്തുള്ള കാറമേലിലെ എന്റെ വീടിനടുത്ത് സജിത്തിന്റെ അച്ഛൻ കൃഷ്ണേട്ടന് ഒന്നോ രണ്ടോ വയലുണ്ടായിരുന്നു. അവിടേക്ക് വരുമ്പോഴൊക്കെ അവർ കുടുംബസമേതം രാവിലെ മുതൽ വൈകുന്നേരം വരെ ഞങ്ങളുടെ വീട്ടിൽ ചിലവഴിക്കും. കിളിക്കൂട് പോലുള്ള ഒരു കുടുംബം ആയിരുന്നു അത്. പരസ്പരം താങ്ങും തണലുമായി അച്ഛനും അമ്മയും സഹോദരിയും സഹോദരങ്ങളും. നമുക്ക് എല്ലാവർക്കും സംസാരിക്കാൻ ഒരൊറ്റ വിഷയം മാത്രം- കോൺഗ്രസ്. പിന്നീട് എപ്പോഴോ രണ്ടു കുടുംബങ്ങൾക്കും ആ വീടും വയലും നഷ്ടമായി. ഞങ്ങൾ പയ്യന്നുർ ടൗണിലേക്ക് വീട് മാറിയപ്പോൾ, ആ വീട് സജിത്ത് ലാലിന്റെത് കൂടെയായി. ഏതു പാതിരാത്രിയിലും കയറി വരാൻ സ്വാതന്ത്ര്യം ഉള്ള വീട്. പൊതു തെരഞ്ഞടുപ്പുകളുടെ ഫലം വരുന്ന ദിവസം കോൺഗ്രസ്സിന്റെ ഉയർച്ചയും, പതനവും ഉറക്കമിളച്ചിരുന്നുകൊണ്ട് ഒരേ റേഡിയോയുടെ ചുറ്റും ഇരുന്നു ഞങ്ങൾ കേട്ടു. ഏറ്റവും മികച്ച അനൌൺസർ കൂടിയായിരുന്നു സജിത്ത് ലാൽ. 1991ൽ, അന്നത്തെ കെ എസ് യു സംസ്ഥാന അദ്ധ്യക്ഷനായിരുന്ന ശ്രീ കെ. സി വേണുഗോപാൽ കാസർഗോഡ് ലോക്സഭാ മണ്ഡലത്തിൽ നിന്നും ആദ്യമായി തിരഞ്ഞെടുപ്പിൽ മൽസരിച്ചപ്പോൾ ഞങ്ങൾ ഒരുമിച്ചിരുന്ന് ആലോചിച്ച് പ്രാസഭംഗിയുള്ള മുദ്രാവാക്യങ്ങൾ ഉണ്ടാക്കിയത് ഇന്നും ഹൃദയത്തിൽ തെളിഞ്ഞുനിൽക്കുന്ന ഓർമയാണ്. പ്രസംഗവേദികളിലും, അനൌൺസ്മെന്റ് വാഹനങ്ങളിലും, സ്കൂൾ തിരഞ്ഞെടുപ്പുകളിലും, കോളേജിലെ സംഘടനാപ്രശ്നങ്ങളിലും,വ്യക്തിബന്ധങ്ങളിലും ഒക്കെ അനന്യമായ ഒരു സജിത്ത് ലാൽ സ്പർശം ഉണ്ടാക്കാൻ ആ മനുഷ്യന് കഴിഞ്ഞിരുന്നു.
കൂടെ നിൽക്കുന്നവരിലെല്ലാം പകരുന്ന ഊർജ്ജവും പ്രസരിപ്പും. അതുകൊണ്ടായിരുന്നു ആ ചെറുപ്പക്കാരൻ പ്രായഭേദമന്യേ എല്ലാവരുടെയും പ്രിയങ്കരനായത്. 1995 ജൂൺ മാസത്തിലെ അവസാനത്തെ ആഴ്ചയിലാണ് സജിത്ത് ലാലിനെ ഒടുവിൽ കണ്ടത്. അപ്രതീക്ഷിതമായി പെയ്ത പെരുമഴയെ നോക്കി അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിന്റെ മുന്നിൽ അന്ധാളിച്ചു നിൽക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് നിരത്തിലൂടെ പോയ ഓട്ടോറിക്ഷ നിർത്തി, നിവർത്തിപിടിച്ച കുടയുമായി സജിത്ത് ഏട്ടൻ വായനശാലയുടെ വരാന്തയിലേക്ക് ഓടികയറി വന്നത്. മഴ നനയാതെ എന്നെയും ചേർത്ത് പിടിച്ചു, ഓട്ടോറിക്ഷയിൽ കയറ്റുമ്പോൾ, കൂടെയുള്ള കൂട്ടുകാരോട് അഭിമാനത്തോടെ പറഞ്ഞത്, 'നമ്മുടെ റാങ്ക് പ്രതീക്ഷയാണ്’ എന്നായിരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രസിദ്ധീകരിക്കുന്ന ബി.എ പരീക്ഷയിൽ എനിക്ക് ഒന്നാം റാങ്ക് തന്നെ കിട്ടുമെന്ന് എന്നേക്കാൾ ഉറപ്പായിരുന്നു. ജീവന് ഭീഷണിയുള്ളത് കൊണ്ട് അവരുടെ കുടുംബം തിരുവനന്തപുരത്തേക്ക് താമസം മാറ്റിയിട്ട് അധികനാളായിരുന്നില്ല. എന്നിട്ടും ഭയത്തിന്റെ നേരിയ ലാഞ്ചന പോലും മുഖത്തുണ്ടായിരുന്നില്ല. ഞാനത് ചോദിക്കുകയും ചെയ്തിരുന്നു. ചെറു ചിരിയായിരുന്നു ഉത്തരം. തെക്കേ ബസാറിലെ എന്റെ വീട്ടിനു മുന്നിൽ ഇറക്കുമ്പോഴേക്കും മഴ പെയ്ത് തോർന്നിരുന്നു. റാങ്ക് വാങ്ങിയാൽ പയ്യന്നുർ നഗരം ഇത് വരെ കാണാത്ത സ്വീകരണപരിപാടി നിനക്ക് വേണ്ടി ഞാൻ സംഘടിപ്പിക്കും ' എന്നായിരുന്നു കെഎസ് യു ജില്ലാ വൈസ് പ്രസിഡണ്ടിന്റെ വാക്ക്. പക്ഷെ, ആ നിറചിരി ഞാൻ പിന്നീട് ഒരിക്കലും കണ്ടില്ല.. എനിക്ക് ഒന്നാം റാങ്ക് കിട്ടിയിട്ടും ആ പരിപാടി ഒരിക്കലും നടന്നില്ല.
ജൂൺ 27നു വൈകുന്നേരം ടിവിയിൽ ‘മഹാനഗരം’ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോഴായിരുന്നു വലിയൊരു സ്ഫോടനത്തിന്റെ ശബ്ദം കേട്ടത്. പേരറിയാത്ത എന്തോ ഭയം മനസിൽ നിറഞ്ഞു. അധികം വൈകാതെ കോൺഗ്രസ്സ് ഓഫീസ് സെക്രട്ടറിയായിരുന്ന എന്റെ സഹോദരൻ ഓടി വന്നു. ജീവിതത്തിൽ ഒരിക്കലും കേൾക്കരുതെന്നു പ്രാർഥിച്ചിരുന്ന ആ വാർത്ത അറിയിച്ചു. മംഗലാപുരത്തേക്ക് കൊണ്ടുപോകും വഴിയാണ് അവസാനമായി കണ്ണുകളടച്ചത്. കൃത്യമായി ആസൂത്രണം ചെയ്ത്, പിന്നാലെ നടന്ന്, തക്കം നോക്കി നടത്തിയ അരുംകൊലയായിരുന്നു അത്. ആ രാഷ്ട്രീയത്തിന്റെ ബാക്കിപത്രമാണല്ലോ പലയിടങ്ങളിലും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്! സജിത്ത് ഏട്ടൻ എന്നോട് അവസാനമായി പറഞ്ഞത് പോലെ 'പയ്യന്നൂർ നഗരം അതുവരെ കാണാത്ത ജനസഞ്ചയം' തന്നെ ഗാന്ധി മൈതാനിയിലേക്കു പിറ്റേന്ന് ഒഴുകി.. ചലനമറ്റ ആ ശരീരം കാണാൻ. ആ അഭിശപ്ത ദിവസത്തിന് ശേഷം കണ്ണ് നനയാതെ അമ്മയോടും കൃഷ്ണേട്ടനോടും അജിത് ഏട്ടനോടും പുഷ്‌പേച്ചിയോടും സംസാരിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. കൃഷ്ണേട്ടനും പുഷ്പേച്ചിയും കത്തുകളിൽ കൂടി പങ്കിട്ട തീരാവേദനയുടെ ആഴം വാക്കുകളിൽ ഒതുങ്ങില്ല.
പത്രവാർത്തക്കപ്പുറം, ബോംബ് ചിതറിത്തെറിപ്പിച്ചത് ആ കുടുംബത്തെക്കൂടിയായിരുന്നു. വേദനകളില്ലാത്ത ലോകത്തേക്ക് പോകും വരെ കൃഷ്ണേട്ടനും ശാരദേച്ചിയും മകനെ ഓർത്ത് കരഞ്ഞു. കണ്ടുമുട്ടുന്ന ഓരോ കോൺഗ്രസ്സ് പ്രവർത്തകനിലും അവർ മകന്റെ മുഖം തിരഞ്ഞു. ഇരുപത്തൊൻപത് വർഷമായിട്ടും, എല്ലാ ദിവസവും ആ ചിരിക്കുന്ന മുഖം ഓർമ്മിക്കും. കാലത്തിനു ഒരിക്കലും മായ്ക്കാൻ പറ്റാത്ത മുറിവാണത്. അതിനുശേഷവും എത്രയോ ജീവനുകൾ അവർ ഇല്ലാതാക്കി. ഓരോ തിരഞ്ഞെടുപ്പിലും വേരുകൾ ശോഷിച്ചതല്ലാതെ അക്രമരാഷ്ട്രീയം കൊണ്ട് സിപിഎം എന്തങ്കിലും നേടിയോ? അവർ സ്വയം ചോദിക്കേണ്ടതാണ്. സജിത്ത് ലാൽ എന്ന ധീരനായ സഹോദരനെ ഓർക്കുമ്പോഴൊക്കെയും മനസിൽ വരുന്നത് ടാഗോറിന്റെ വരികളാണ്. ഗാന്ധിജിക്ക് ഏറെ ഇഷ്ടമായിരുന്ന ‘എക് ലാ ചലോ രേ’ എന്ന കവിതയുടെ വരികൾ..‘ഇരുണ്ട രാവിൽ, ഇടിമിന്നലിൽ,കൊടുംകാറ്റിൽ, ലോകം ഭയന്നു വിറക്കുമ്പോൾ നിന്റെ വിളി കേട്ട് ആരും തിരഞ്ഞു വന്നില്ലെങ്കിലും നീ സ്വയം ഒരു തീജ്വാലയാകുക..തനിയേ നടന്നു നീ പോവുക’.. ജീവിതത്തിലും മരണത്തിലും സ്വയം തീജ്വാലയായ ആ ദീപ്തമായ ഓർമകൾക്ക് മുന്നിൽ പ്രണാമം..