സർക്കാർ ധൂർത്ത് ഉപേക്ഷിച്ചിരുന്നെങ്കിൽ ശമ്പളം മുടങ്ങില്ലായിരുന്നു: വി.ഡി സതീശൻ
ശമ്പളം മുടങ്ങിയതിനെതിരെ സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിലിന്റെ അനിശ്ചിതകാല സത്യഗ്രഹ സമരം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: സർക്കാർ അഴിമതിയും ധൂർത്തും ഉപേക്ഷിച്ചിരുന്നെങ്കിൽ ജീവനക്കാർക്ക് ശമ്പളം മുടങ്ങുന്ന അവസ്ഥയുണ്ടാകുമായിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിലിന്റെ അനിശ്ചിതകാല സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുന്ന അസാധാരണ സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. ശമ്പളം മുടങ്ങിയെന്ന് കേട്ടതില്‍ യു ഡി എഫിന് മാത്രം ഒരത്ഭുതവും തോന്നിയിട്ടില്ല. ഈ സ്ഥിതിവിശേഷം വളരെ നേരഞ്ഞെതന്നെ യു.ഡി.എഫ് മുന്‍കൂട്ടിക്കണ്ടതാണ്. ശമ്പളവും പെന്‍ഷനും മുടങ്ങുന്ന ഗതികെട്ട അവസ്ഥയിലേക്ക് കേരളം കൂപ്പ് കുത്തുമെന്ന് രണ്ട് ധവളപത്രങ്ങളിലൂടെ പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഇത്തരമൊരു അവസ്ഥ ഉണ്ടാകാതിരിക്കാന്‍ വരുമാനം വര്‍ധിപ്പിക്കണമെന്നും ചെലവ് ചുരുക്കണമെന്നും ധൂര്‍ത്തും അഴിമതിയും ഉപേക്ഷിക്കണമെന്നും പറഞ്ഞപ്പോള്‍ സര്‍ക്കാര്‍ പ്രതിപക്ഷത്തെ പരിഹസിക്കുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
'എന്റെ വീട്ടില്‍ ധാരാളം പൂച്ചകള്‍ ഉണ്ട്. അത് പ്രസവിക്കാന്‍ സമയമാകുമ്പോള്‍ അവസാന 2 ദിവസം ഓടിയോടി നടക്കും; എന്നിട്ട് ആളൊഴിഞ്ഞ, ഒന്നുമില്ലാത്ത ഒരിടം നോക്കി പ്രസവിക്കാന്‍ തെരഞ്ഞെടുക്കും. കേരളത്തിലെ പൂച്ചകള്‍ക്ക് പ്രസവിക്കാന്‍ പറ്റിയ ഏറ്റവും നല്ല സ്ഥലം ഒന്നുമില്ലാത്ത, കാലിയായ സംസ്ഥാന ഖജനാവാണ് -വി.ഡി സതീശൻ പറഞ്ഞു.
ശമ്പളത്തിന് പുറമെ ഏഴ് മാസത്തെ ഡി.എ കുടിശികയുണ്ട്. നാല് വര്‍ഷം കഴിയുമ്പോഴാണ് ലീവ് സറണ്ടര്‍ കിട്ടുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കുടിശ്ശികയായിട്ടുള്ളത് 40,000-ലധികം കോടി രൂപയുടെ ആനുകൂല്യങ്ങളാണ്. ക്ഷേമപെന്‍ഷന്‍ മുടക്കിയിട്ട് ഏഴ് മാസമായി. എല്ലാ ക്ഷേമനിധി ബോര്‍ഡുകളും തകര്‍ന്നു. ഒരു കോടി പേര്‍ക്കാണ് സര്‍ക്കാര്‍ പണം നല്‍കാനുള്ളത്. ദുര്‍ഭരണത്തിന്റെ ബാക്കിപത്രമാണ് കാലിയായ ഈ ഖജനാവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.