സാലറിചാലഞ്ച്; സമ്മതപത്രം നൽകില്ലെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
വയനാടിൻ്റെ പുനർനിർമ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാമെന്ന ജീവനക്കാരുടെ അഭിപ്രായം അവഗണിച്ച് അഞ്ചു ദിവസത്തെ ശമ്പളം നിർബന്ധിതമായി നൽകണമെന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സമ്മതപത്രം നൽകേണ്ടതില്ലെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ അറിയിച്ചു.
സംസ്ഥാന സർക്കാർ ജീവനക്കാർ ഇന്ന് ദുരിതക്കയത്തിലാണ് ജീവിക്കുന്നത്.
ഇടതു സർക്കാരിൻ്റെ നിഷേധാത്മക നിലപാട് മൂലം എട്ടുവർഷത്തിനിടയിൽ സർക്കാർ ജീവനക്കാരുടെ 15 മാസത്തെ ശമ്പളത്തിന് തുല്യമായ തുക നഷ്ടപ്പെടുകയുണ്ടായി.
ഡി എ അനുവദിക്കാത്തതിനാൽ മാസം തോറും ആറര ദിവസത്തെ ശമ്പളം കുറച്ചാണ് ജീവനക്കാർക്ക് ലഭിക്കുന്നത്. ക്ലിപ്ത വരുമാനക്കാരായ ജീവനക്കാർ ഇന്നും 2019 ലെ നിലവാരത്തിൽ ഉപജീവനം കഴിക്കാൻ വിധിക്കപ്പെട്ടവരാണ്. വർധിച്ചു വരുന്ന ജീവിതച്ചെലവുകൾക്കിടയിൽ യാതൊരു വരുമാന വർധനയും ഇല്ലാത്തവരായി ജീവനക്കാർ മാറി.
സമാനതകളില്ലാത്ത ദുരിതത്തിന്റെ കാലത്തും ദുരിതബാധിതരെ സഹായിക്കുന്നതിനുള്ള യജ്ഞങ്ങളിൽ പങ്കാളികളാകാൻ ജീവനക്കാർ തയ്യാറാണ്. എന്നാൽ വ്യവസായികൾ, കച്ചവടക്കാർ, തുടങ്ങി സമൂഹത്തിൻ്റെ നാനാതുറകളിൽ പണിയെടുക്കുന്ന മറ്റാർക്കും ഇല്ലാത്ത നിബന്ധനകളാണ് സംഭാവനയിനത്തിൽ സർക്കാർ ജീവനക്കാരുടെ മേൽമാത്രം അടിച്ചേൽപ്പിക്കപ്പെട്ടിരിക്കുന്നത്.
അഞ്ചുദിവസത്തിൽ കുറഞ്ഞശമ്പളം സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥ സമ്മതപത്രത്തിൽ ഉൾപ്പെടുത്തണെമന്ന അഭ്യർത്ഥന സർക്കാർ ഇനിയും പരിഗണിക്കാത്ത സാഹചര്യത്തിൽ സമ്മതപത്രം നൽകേണ്ടതില്ലെന്ന് അസോസിയേഷൻ തീരുമാനിക്കുകയായിരുന്നു. അതേസമയം എല്ലാ ജീവനക്കാരും തങ്ങളാൽ കഴിയുന്ന സംഭാവന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നേരിട്ട് സംഭാവന ചെയ്യുന്നതാണ് എന്നും കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ഇർഷാദ് എം എസും ജനറൽ സെക്രട്ടറി പുരുഷോത്തമൻ കെ പി യും
അറിയിച്ചു.