Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ശമ്പളം ഇനിയും വൈകും: ശമ്പളം പിൻവലിക്കുന്നതിന് നിയന്ത്രണം, വിരുന്നിനെത്തിയ ധനമന്ത്രിയെ ജീവനക്കാർ തടഞ്ഞു

06:51 PM Mar 04, 2024 IST | Online Desk
Advertisement

സെക്രട്ടറിയേറ്റ് ഫിനാൻസ് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ഉച്ചവിരുന്ന് നൽകാനായി തൈക്കാട് ഗസ്റ്റ് ഹൗസിൽ എത്തിയ ധനമന്ത്രിയെ സെറ്റോ ചെയർമാൻ ചവറ ജയകുമാറിന്റെ നേതൃത്വത്തിൽ ജീവനക്കാർ തടയാൻ ശ്രമിക്കുന്നു.

Advertisement

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ഫെബ്രുവരി മാസത്തെ ശമ്പളം കയ്യിൽ കിട്ടാൻ ഇനിയും ദിവസങ്ങൾ കാത്തിരിക്കണം. രണ്ടു മൂന്നു ദിവസം കൊണ്ട് മാത്രമേ ശമ്പളം  ലഭിക്കുവെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ തുറന്നു സമ്മതിച്ചു. അതേസമയം, അർഹമായ നികുതി വിഹിതവും സഹായവും കേന്ദ്രത്തിൽ നിന്ന് കിട്ടാത്തതിനാലാണ് ശമ്പള പ്രതിസന്ധിയുണ്ടായതെന്ന് ന്യായീകരിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ രംഗത്തുവന്നത് വൻ പ്രതിഷേധത്തിന് ഇടയാക്കി. സെക്രട്ടറിയേറ്റ് ഫിനാൻസ് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ഉച്ചവിരുന്ന് നൽകാനായി തൈക്കാട് ഗസ്റ്റ് ഹൗസിൽ എത്തിയ ധനമന്ത്രിയെ സെറ്റോ ചെയർമാൻ ചവറ ജയകുമാറിന്റെ നേതൃത്വത്തിൽ ജീവനക്കാർ തടയാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി. ധനകാര്യക്കെടുതിയിൽ നിന്നും കേരളത്തെ കരകയറ്റാനുള്ള ശ്രമങ്ങൾക്കാവണം സർക്കാർ മുൻഗണന നൽകേണ്ടതെന്നും അപകടകരമായ സാമ്പത്തിക അവസ്ഥയിൽ ബജറ്റ് തയ്യാറാക്കിയ സന്തോഷത്തിൻ്റെ ഉച്ചവിരുന്ന് സർക്കാർ ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ജീവനക്കാരുടെ പ്രതിഷേധം. ഇതിനിടെ, ശമ്പളം മുടങ്ങിയതിനെതിരെ സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രവും ആരംഭിച്ചു. സത്യഗ്രഹ സമരം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു.
ട്രഷറിയിലെ എംപ്ലോയി ട്രഷറി സേവിങ്സ് ബാങ്ക് (ഇടിഎസ്ബി) അക്കൗണ്ടിൽനിന്ന് പണം ഒരുമിച്ച് എടുക്കുന്നതിന് സാങ്കേതിക പ്രശ്നമുണ്ടെന്നും പണം പിൻവലിക്കുന്നതിന് 50,000 രൂപ പരിധി വച്ചിട്ടുണ്ടെന്നും ഇന്നലെ രാവിലെ സെക്രട്ടറിയേറ്റിൽ മാധ്യമങ്ങളെ കണ്ട ധനമന്ത്രി പ്രതികരിച്ചു. സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ച് തുടർ ദിവസങ്ങളിൽ മുഴുവൻ ശമ്പളവും പെൻഷനും വിതരണം നടത്തും. ഇ- ട്രഷറി ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്ന് ട്രഷറിയിൽ നിന്ന് നൽകേണ്ട പണം പോകുന്നതിനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണ്. കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കേണ്ട 57,400 കോടി രൂപയുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കടമെടുപ്പ് പരിധിയിലെ നിയന്ത്രണവും ധനപ്രതിസന്ധിക്ക് കാരണമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ പ്രതിസന്ധികളെ പരിഹരിക്കുന്നതിന് സുശക്തമായ ട്രഷറി സംവിധാനം കേരളത്തിനുണ്ട്. അതിനാൽ അനാവശ്യമായ ആശങ്കകൾക്ക് അടിസ്ഥാനമില്ല. എന്നാൽ ശമ്പളവും പെൻഷനും പോലെ വിവിധ കാര്യങ്ങൾ  പൂർത്തിയാക്കണ്ടതും അതിന്റെ ചെലവ് കണ്ടെത്തണ്ടതും  സംസ്ഥാനത്തിന്റെ ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ശമ്പളം മുടങ്ങിയതിന് കാരണമായി പച്ചക്കള്ളമാണ് ധനമന്ത്രി പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ഇത് കബളിപ്പിക്കലാണ്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും 4200 കോടി കിട്ടിയിട്ടും സംസ്ഥാനത്ത് ശമ്പളം മുടങ്ങി. ഓവര്‍ ഡ്രാഫ്റ്റും റിസര്‍വ് ബാങ്ക് മുന്‍കൂറും ക്രമീകരിച്ചപ്പോള്‍ 4000 കോടി തീര്‍ന്നു. 200 കോടി കയ്യില്‍ വച്ച് 4500 കോടി വിതരണം ചെയ്യാനുള്ള മാജിക്ക് സര്‍ക്കാരിന്റെ പക്കലില്ല. അതുകൊണ്ടാണ് അലാവുദീന്റെ അത്ഭുതവിളക്ക് പോലെ പിണറായി സര്‍ക്കാര്‍ പ്രയോഗിക്കുന്ന അവസാനത്തെ അടവാണ് സോഫ്‌റ്റ് വെയര്‍ ഉഡായിപ്പ്. ഇത് സാങ്കേതിക പ്രശ്‌നമല്ല, ഭൂലോക തട്ടിപ്പാണ്. പണം കയ്യിലില്ലാത്ത സർക്കാർ എന്തിനാണ് ജനങ്ങളെ കബളിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
സത്യഗ്രഹ സമരത്തിൽ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ് ഇർഷാദ് അധ്യക്ഷത വഹിച്ചു. കൊല്ലം ഡിസിസി മുൻ പ്രസിഡൻ്റ് ബിന്ദു കൃഷ്ണ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കി, സെറ്റോ ചെയർമാൻ ചവറ ജയകുമാർ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് എസ് പ്രദീപ്കുമാർ, ജനറൽ സെക്രട്ടറി തിബീൻ നീലാംബരൻ, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി വി.എ ബിനു, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ട്രഷറർ കെ എം അനിൽകുമാർ, സുധീർ എ, ഗോവിന്ദ് ജി ആർ, റീജ എൻ, പ്രസീന എൻ, നൗഷാദ് ബദറുദ്ദീൻ, ടി.സി പ്രമോദ്, ജലജ, റെയ്സ്റ്റൺ പ്രകാശ് സി സി, ജി രാമചന്ദ്രൻനായർ, പാത്തുമ്മ വി എം, സജീവ് പരിശവിള, ആർ രാമചന്ദ്രൻ നായർ, രാജേഷ് എം ജി, സുനിത എസ് ജോർജ്, പ്രതിഭ അനിൽ തുടങ്ങിയവർ സംസാരിച്ചു.

Tags :
featuredkerala
Advertisement
Next Article