For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സമരാഗ്നി പ്രക്ഷോഭ യാത്രയ്ക്ക് നാളെ സമാപനം; സമരാഗ്നി ഇനിയുമാളിപ്പടരുമെന്ന് കെ സുധാകരൻ

07:14 PM Feb 28, 2024 IST | Online Desk
സമരാഗ്നി പ്രക്ഷോഭ യാത്രയ്ക്ക് നാളെ സമാപനം  സമരാഗ്നി ഇനിയുമാളിപ്പടരുമെന്ന് കെ സുധാകരൻ
Advertisement

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരെ കെപിസിസി സംഘടിപ്പിച്ച ജനകീയ പ്രക്ഷോഭയാത്ര സമരാഗ്‌നിക്ക് നാളെ പുത്തരിക്കണ്ടം മൈതാനിയിലെ ഉമ്മന്‍ചാണ്ടി നഗറില്‍ സമാപനം. വൈകുന്നേരം അഞ്ചിന് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് സമരാഗ്‌നി പ്രക്ഷോഭയാത്രയുടെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. സച്ചിന്‍ പൈലറ്റ് മുഖ്യാതിഥിയായി പങ്കെടുക്കും.കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഉള്‍പ്പെടെ കേരളത്തിലെ കോണ്‍ഗ്രസിന്റെ മുഴുവന്‍ മുതിര്‍ന്ന നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കും.
പ്രക്ഷോഭ ജാഥ ഇവിടെ അവസാനിക്കുന്നില്ലെന്നും ജനകീയ പ്രതിരോധത്തിന്റെ തുടക്കമാണെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. കോണ്‍ഗ്രസിനെ സജ്ജമാക്കാനുള്ള ആത്മവിശ്വസത്തോടെ, ജനകീയ പ്രതിരോധത്തിന്റെ ആവേശക്കടല്‍ തീര്‍ത്താണ് സമരാഗ്‌നി തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നത്. അഗ്നിയില്‍ സ്ഫുടം ചെയ്ത കാരിരുമ്പുപോലെ സമരാഗ്‌നി പ്രക്ഷോഭ യാത്ര കോണ്‍ഗ്രസിനെ മാറ്റിയെടുത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമകാലിന കേരളീയ സമൂഹത്തെ ആഴത്തില്‍ തൊട്ടറിയാനും കേട്ടറിയാനും സാധിച്ചു. പിണറായി സര്‍ക്കാര്‍ താറുമാറാക്കിയ ജനജീവിതത്തിന്റെ വിവിധ തുറകളില്‍നിന്നെത്തിയവര്‍ നെഞ്ച് പൊട്ടുന്ന നൊമ്പരങ്ങളാണ് പങ്കുവെച്ചത്. നരേന്ദ്ര മോദിയുടെയും പിണറായി സര്‍ക്കാരിന്റെയും ഭരണം തകര്‍ത്ത ജീവിതങ്ങള്‍ കണ്ട് ഞങ്ങള്‍ തരിച്ചുപോയി. കോട്ടയത്ത് ജീവിതത്തില്‍ ഒറ്റപ്പെട്ട് പോയ ലക്ഷ്മിയമ്മയും മകളും ഞങ്ങളോട് ആവശ്യപ്പെട്ടത് അടച്ചുറപ്പുള്ള വീടാണ്. പനച്ചിക്കാട് പഞ്ചായത്തില്‍ 3 സെന്റ് സ്ഥലം സൗജന്യമായി നല്‍കാമെന്ന് കോട്ടയം ഈസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് സിബി ജോണ്‍ ഞങ്ങളെ അറിയിച്ചപ്പോള്‍ ലക്ഷ്മിയമ്മയുടേയും മകളുടേയും വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള സാമ്പത്തിക സഹായം കെപിസിസി ഏറ്റെടുത്തതെന്ന് സുധാകരൻ പറഞ്ഞു.
ജനകീയ ചര്‍ച്ച സദസ്സില്‍ ജനങ്ങള്‍ സമര്‍പ്പിച്ച പരാതികളില്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ നടത്താന്‍ സാധ്യമായതെല്ലാം കോണ്‍ഗ്രസ് ചെയ്യും. പരാതികളില്‍ നിയസഭയില്‍ അവതരിപ്പിക്കേണ്ടതും കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടതും പ്രക്ഷോഭം ആരംഭിക്കേണ്ടതുമായ വിഷയങ്ങള്‍ തരംതിരിച്ച് പരിശോധിക്കാന്‍ പഴകുളം മധു ചെയര്‍മാനും സജീവ് ജോസഫ് കണ്‍വീനറുമായ സമിതിയുണ്ട്. ലഭിച്ച പരാതികളില്‍ തുടര്‍ പ്രവര്‍ത്തനം നടത്താന്‍ ജില്ലകളില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. ജനങ്ങളില്‍ നിന്ന് ലഭിച്ച പ്രധാന നിര്‍ദ്ദേശങ്ങള്‍ യുഡിഎഫ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തും.
സമരാഗ്‌നിയുടെ ഭാഗമായി സംഘടിപ്പിച്ച 30 ലധികം പൊതുസമ്മേളനങ്ങള്‍ ജനനിബിഡമായിരുന്നു. ലക്ഷകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളുമാണ് സമരാഗ്‌നി ജാഥയുടെ പൊതുസമ്മേളനങ്ങളില്‍ പങ്കെടുത്തത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോടുള്ള ജനങ്ങളുടെ എതിര്‍പ്പും വെറുപ്പും എത്രമാത്രമാണെന്ന് ഈ മഹാസമ്മേളനങ്ങള്‍ വരച്ചുകാട്ടി. സിപിഎമ്മിന്റെ അക്രമ-കൊലപാത രാഷ്ട്രീയത്തിനെതിരായ ജാഗ്രത ജനങ്ങള്‍ക്ക് ഇടയില്‍ കൊണ്ടുവരുക എന്നതും സമരാഗ്‌നിയുടെ ലക്ഷ്യങ്ങളിലൊന്നാണെന്ന് അദ്ദേഹം പറഞ്ഞു

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.