കെ കെ ശൈലജയെ അവയവമാഫിയയുടെ ദല്ലാൾ എന്നാരോപിച്ച് സനൽ കുമാർ ശശിധരൻ
എതിർപക്ഷം അപവാദപ്രചാരണങ്ങൾ നടത്തുന്നുവെന്ന് പറഞ്ഞുകൊണ്ട് വടകരയിലെ ഇടതുപക്ഷ സ്ഥാനാർഥി കെ കെ ശൈലജ വികാര നിർഭരമായ പ്രസംഗം നടത്തുമ്പോൾ എതിരാളികൾക്കെതിരെ ഒന്നും പറയാതെ നല്ലകുട്ടികളായി നിൽക്കാൻ പാർട്ടിയിലെ കുട്ടിസഖാക്കളോട് ആവശ്യപ്പെടുന്ന ടീച്ചറമ്മയെന്ന കെ കെ ശൈലജ പിആർ വർക്ക് ചെയ്ത് പടുത്തുയർത്തിയ പൊയ്മുഖം അഴിഞ്ഞു വീഴുകയാണ്. മനസാക്ഷി മരവിച്ച അവയവമാഫിയയുടെ ദല്ലാളായി മാറി സന്ധ്യയെന്ന പെൺകുട്ടിയുടെ മരണം കോവിഡ് മരണമാക്കി തീർക്കാൻ പണിയെടുത്ത അന്നത്തെ ആരോഗ്യമന്ത്രിയെയും സർക്കാരിനെയും മറക്കാൻ കഴിയില്ല.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലും മാറ്റിയെഴുതാൻ സ്വാധീനമുള്ള നാട്ടിൽ മന്ത്രിയുടെ സഹായമുള്ളപ്പോൾ ആരെ ഭയപ്പെടാനാണ്. നീതിനടപ്പാക്കാൻ ഏതറ്റംവരെയും പോകുമെന്ന് പറയുന്ന ടീച്ചറമ്മയ്ക്കെതിരെ ശക്തമായ തെളിവുകളുമായി എത്തിയിരിക്കുകയാണ് സംവിധായകനും അഭിഭാഷകനുമായ സനൽ കുമാർ ശശിധരൻ. ആരോഗ്യമന്ത്രിയായിരുന്ന കാലത്തെ മഹിമകൾ പുകഴ്ത്തി സ്വയം പുളകം കൊള്ളുമ്പോൾ നീതിയുക്തമായി പ്രവർത്തിച്ചതിന്റെ ഉദാഹരണങ്ങൾ നിരത്തുമ്പോൾ ഓർമ്മിക്കാൻ ചിലതുകൂടി ഉണ്ടെന്ന് തെളിവുസഹിതം ചൂണ്ടിക്കട്ടുകയാണ് സനൽ കുമാർ ശശിധരൻ.
സനൽ കുമാർ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ;
വടകരയിൽ കെ കെ ശൈലജയുടെ വികാരനിർഭരമായ വാർത്താ സമ്മേളനം കാണാനിടയായി. എതിർപക്ഷം തനിക്കെതിരെ അപവാദപ്രചാരണം നടത്തുന്നു എന്നതായിരുന്നു വാർത്താസമ്മേളനത്തിന്റെ പ്രധാന വിഷയം. ടീച്ചറമ്മ എന്നുവിളിപ്പേരുള്ള കെ കെ ശൈലജയുടെ പാർട്ടിയിലുള്ളവർ എതിരാളികൾക്കെതിരെയും വിമർശകർക്കെതിരെയും അപവാദം പ്രചരിപ്പിക്കാത്ത നല്ലകുട്ടികളായതിനാൽ അത്തരം ഒരു പരാതി പറയാൻ അവർ എന്തുകൊണ്ടും യോഗ്യയാണ്. പത്രസമ്മേളനത്തിൽ, താൻ ആരോഗ്യമന്ത്രിയായിരുന്ന സമയത്ത് നീതിയുക്തമായി പ്രവർത്തിച്ചു എന്നതേക്കുറിച്ച് ഉദാഹരണങ്ങൾ നിരത്തുന്നുണ്ട് മുൻ ആരോഗ്യ മന്ത്രി. എറണാകുളം മെഡിക്കൽ കോളേജിൽ ഷംന എന്ന മെഡിക്കൽ വിദ്യാർത്ഥി മരണപ്പെട്ട കേസിൽ ആ കുട്ടിയുടെ നീതിക്ക് വേണ്ടിയുള്ള പിതാവിന്റെ പോരാട്ടത്തിൽ താൻ നടത്തിയ ഇടപെടലിനെ കുറിച്ച് വിവരിക്കുന്നുണ്ട് അവർ. ആ ഇടപെടലിന്റെ സത്യസന്ധതയില്ലായ്മയെക്കുറിച്ച് പിൽക്കാലത്ത് ഷംനയുടെ പിതാവ് നടത്തിയ പ്രസ്താവന എതിരാളികൾ ഇപ്പോൾ തനിക്കെതിരെ പ്രചരിപ്പിക്കുന്നു എന്നും മുൻ മന്ത്രി ആരോപിക്കുന്നു.
സത്യത്തിന്റെ മുന്നിൽ കൊഞ്ഞനംകുത്തി എല്ലാക്കാലത്തും നിൽക്കാനാവില്ല ടീച്ചർ. നിങ്ങളുടെ ഇടപെടലിലെ സത്യസന്ധതയില്ലായ്മയും നീതീരാഹിത്യവും നേരിട്ട് തന്നെ അറിയാവുന്ന ഒരാളാണ് ഞാനും. കപടമായ ഇമേജ് സൃഷ്ടിച്ചുകൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന നിരവധി രാഷ്ട്രീയക്കാരിൽ ഒരാൾ തന്നെയാണ് നിങ്ങളും എന്ന് എനിക്ക് വളരെ കാലം മുൻപ് തന്നെ മനസിലായിട്ടുണ്ട്. ഇരട്ടച്ചങ്കൻ, ക്യാപ്റ്റൻ തുടങ്ങിയ കപടമായ അലങ്കാര പ്രചാരണങ്ങൾ പോലെ കപടമായ ഒരു ഇമേജ് തന്നെയാണ് നിങ്ങളുടെ ടീച്ചറമ്മ പരിവേഷവും.
സന്ധ്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഞാൻ ശ്രമം നടത്തുന്ന സമയത്തായിരുന്നു എനിക്ക് നിങ്ങളുടെ തനിനിറം മനസിലായത്. അവയവമാഫിയയുടെ കൃത്യമായ പങ്കുള്ള ആ കൊലപാതകത്തെ കോവിഡ് മരണമാക്കി ഒതുക്കി തീർക്കാൻ ടീച്ചറമ്മ ഉൾപ്പെട്ട പിണറായി ഭരണകൂടം പ്രവർത്തിച്ചിട്ടുണ്ട് എന്നത് എനിക്ക് പൂർണ ബോധ്യമുണ്ട്. സന്ധ്യയുടെ ബോഡി പോസ്റ്റ് മോർട്ടം ചെയ്താൽ അവളുടെ ശരീരത്തിൽ നിന്നും മുറിച്ചു മാറ്റിയ കിഡ്‌നിയുടെ കഥ പുറത്തുവരും എന്നതുകൊണ്ട് പോസ്റ്റ് മോർട്ടം ചെയ്യാതെ ബോഡി മറവു ചെയ്യാൻ പോലീസ് നന്നായി പരിശ്രമിച്ചു. എന്റെ ഫെയ്സ്ബുക്ക് പോസ്റ്റും അതുണ്ടാക്കിയ മാധ്യമവാർത്തകളും കാരണം ഒടുവിൽ പോലീസിനു ബോഡി പോസ്റ്റ് മോർട്ടം ചെയ്യേണ്ടതായി വന്നു. എന്നാൽ പോസ്റ്റ് മോർട്ടം ചെയ്തു എന്ന് ഞാനറിയുന്നത്, പോസ്റ്റ് മോർട്ടം ചെയ്യാൻ ഉത്തരവുണ്ടാവണം എന്നാവശ്യപ്പെട്ടുകൊണ്ട് ഞാൻ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ്.ഹൈക്കോടതിയിൽ പോലീസ് പറഞ്ഞത്, ബോഡി പോസ്റ്റ്മോർട്ടം ചെയ്തുകഴിഞ്ഞു എന്നും സംശയദൂരീകരണത്തിനായി വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാൻ പോകുന്നു എന്നുമാണ്. അങ്ങനെ റീ പോസ്റ്റ്മോർട്ടത്തിന് കോടതി ഉത്തരവുണ്ടായി എങ്കിലും പോസ്റ്റ്മോർട്ടം നടത്താതെ രണ്ടാഴ്ചകാലത്തോളം ബോഡി മോർച്ചറിയിൽ കിടന്നു.
അതിനിടയിൽ ആരുമറിയാതെ അവളുടെ തല്പര കക്ഷികളായ ബന്ധുക്കളെ വിളിച്ചു വരുത്തി ബോഡി കൈമാറാൻ പോലീസ് ശ്രമം നടത്തുകയും ചെയ്തു. അപ്പോഴെല്ലാം എന്റെ ജാഗരൂകത കാരണം അതൊക്കെ പരാജയപ്പെട്ടു. ഒടുവിൽ പോലീസിന് റീ പോസ്റ്റ് മോർട്ടം ചെയ്യേണ്ടിവന്നു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ ഒന്നും തന്നെ എനിക്കോ പോസ്റ്റ് മോർട്ടം ആവശ്യമാണെന്ന് വാദിച്ചിരുന്ന അവളുടെ സഹോദരനോ നൽകാൻ പോലീസ് മാത്രമല്ല മെഡിക്കൽ കോളേജ് അധികാരികളും തയാറായില്ല. വളരെയധികം കൃത്രിമങ്ങൾ നടന്ന കേസായതിനാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നൽകാൻ ഉത്തരവ് നൽകണം എന്നാവശ്യപ്പെട്ടുകൊണ്ട് ഞാൻ ആരോഗ്യമന്ത്രിയായിരുന്ന ടീച്ചറമ്മയ്ക്ക് ഒരു അപേക്ഷ സമർപ്പിച്ചിരുന്നു. അതിന് ഒരു മറുപടി പോലും നൽകാൻ അവർ തയാറായില്ല. ആരും ചോദിക്കാനും പറയാനും ഇല്ലാത്ത വിധത്തിൽ ആന്തരികാവായവങ്ങൾ മുറിച്ചെടുത്ത ശേഷം ഒരു സ്ത്രീയെ തല്ലിക്കൊന്ന കേസാണെന്ന് പോലും കാരുണ്യവതിയെന്ന് ഇമേജ് സൃഷ്ടിച്ച് അതിൽ ഒളിച്ചു കളിക്കുന്ന ഈ മുൻ ആരോഗ്യമന്ത്രിക്ക് തോന്നിയില്ല.
എനിക്ക് പിന്നീട് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടുന്നത് ശവദാഹം കഴിഞ്ഞു എന്നുറപ്പിച്ച ശേഷം പോലീസ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച സമയത്താണ്. രണ്ടു പോസ്റ്റ് മോർട്ടം റിപ്പോർട്ടുകളും തമ്മിൽ നിരവധി പൊരുത്തക്കേടുകൾ ഉണ്ട്. നിരവധി ചോദ്യങ്ങൾ ഉയർത്തുന്ന രണ്ടാമത്തെ റിപ്പോർട്ടിൽ ഒരിടത്ത് പറയുന്നത്, രണ്ടു കിഡ്നികളുടെയും ഓരോ പകുതികൾ ഉദരത്തിൽ കിടക്കുന്നതായി കാണുപ്പെടുന്നു എന്നാണ്. "Half of each kidney were lying inside the abdominal cavity". കിഡ്‌നിയുടെ പകുതികൾ ഡോക്ടർ വീട്ടിൽ കൊണ്ടുപോയതല്ല. മുറിച്ചു കടത്തിയ കിഡ്നിയുടെ സ്ഥലത്ത് അവശേഷിച്ച കിഡ്‌നിയുടെ പകുതി മുറിച്ചു വെച്ച് പൂരിപ്പിച്ചു എന്നാണ് എനിക്ക് മനസിലായത്. കേരളത്തിൽ ഇന്നും വളരെ ആഴത്തിൽ പിടിമുറുക്കിയിട്ടുള്ള അവയവ മാഫിയയെ കയ്യോടെ പിടിക്കാൻ സാധിക്കുമായിരുന്ന ഒരു കേസായിരുന്നു അത്. പക്ഷെ ഇരട്ടചങ്കുള്ള ക്യാപ്ടനും കാരുണ്യവതിയായ ടീച്ചറമ്മയും ഒക്കെ അടങ്ങിയ ജനപക്ഷ സർക്കാർ മാഫിയയെ സംരക്ഷിക്കാൻ നാറിയ കളികൾ പലതും നടത്തിയതുകൊണ്ട് ആ കേസിൽ നീതിയുണ്ടായില്ല. അവളുടെ അടുത്ത ബന്ധുക്കളെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും കേസില്ല എന്ന് പോലീസ് എഴുതി ഒതുക്കി.
അതിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഞാൻ നൽകിയ കേസ് ഇപ്പോഴും കേരള ഹൈക്കോടതിയിൽ ഉണ്ട്. W. P. (C). No. 25315/2020. തിയതി പോലും വെയ്ക്കാതെ വലിച്ചെറിഞ്ഞിരിക്കുകയാണ് നീതിപീഠം. മാഫിയകൾക്ക് വിലങ്ങുവീഴുന്ന ഒരുകേസിലും ഒരുതരത്തിലും അന്വേഷണം ഉണ്ടാവില്ല. ഈ കേസിൽ എനിക്കുണ്ടായ അനുഭവം കൊണ്ട് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ മാഫിയകളെ സഹായിക്കുന്നു എന്ന നിഗമനത്തിലാണ് ഞാൻ എത്തിച്ചേർന്നത്. എന്നാൽ പിന്നീട് എസ്. വി പ്രദീപിന്റെ കൊലപാതകം,
സ്വർണക്കള്ളക്കടത്ത് തുടങ്ങിയ കാര്യങ്ങൾ പുറത്തുവന്നപ്പോൾ ആ സർക്കാർ തന്നെ മാഫിയ ആണെന്ന് എനിക്ക് മനസിലായി. മാഫിയാ സർക്കാരിന്റെ ഭാഗമായിരുന്നപ്പോൾ മൗനം കൊണ്ട് കൂടെ നിന്നെങ്കിലും മാഫിയയുടെ പ്രതീക്ഷക്കൊത്തുയരാത്തത് കൊണ്ടാവാം രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ടീച്ചറമ്മയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയത്. സന്ധ്യയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടുകളും എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ അവയവകൈമാറ്റം നടന്നു എന്നത് സൂചിപ്പിക്കുന്ന രേഖയും ഇതോടൊപ്പം ചേർക്കുന്നു.