അടിസ്ഥാനരഹിതമായ ആരോപണം; നിയമ നടപടിക്കൊരുങ്ങി സാൻക്രൂസ് ഇന്റർനാഷണൽ
തിരുവനന്തപുരം: സാൻക്രൂസ് ഇന്റർനാഷണൽ കമ്പിനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചതുമായി ബന്ധപ്പെട്ട് കമ്പിനി നിയമനടപടികളിലേക്ക്. ദിവസങ്ങൾക്ക് മുമ്പാണ് ആറ്റിങ്ങൽ സ്വദേശിയായ ഒരാൾ പരാതിയുമായി രംഗത്ത് എത്തിയത്. വിദേശത്തേക്ക് കൊണ്ടുപോകുന്നതിനാൽ പണം വാങ്ങിയെന്നും അവിടെ എത്തിയപ്പോൾ പറഞ്ഞ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും ആയിരുന്നു പരാതി. ഹോട്ടൽ മാനേജ്മെന്റ് ജോലിക്കായി ക്രൊയേഷ്യയിൽ എത്തിയവരെ മറ്റു ജോലികൾക്ക് ഉപയോഗിച്ചെന്നും ആയിരുന്നു ഉയർന്നുവന്ന ആരോപണം. എന്നാൽ, പരാതിക്ക് പിന്നാലെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സാൻക്രൂസ് ഇന്റർനാഷണൽ. ഹോട്ടൽ മാനേജ്മെന്റ് ജോലിക്ക് ആവശ്യമായ യോഗ്യതകൾ ഉണ്ടെന്ന് അവകാശപ്പെട്ടായിരുന്നു സമീപിച്ചതെന്നും അവിടെ എത്തിയപ്പോൾ അത്തരം യോഗ്യതകൾ ഇല്ലാതിരുന്നതാണ് ജോലി ലഭിക്കുന്നതിന് തടസ്സമായതെന്നും കമ്പിനി അധികൃതർ പറയുന്നു. മാത്രവുമല്ല രണ്ടു മാസക്കാലം അവിടെ തുടർന്ന യുവാവ് ഒരിക്കൽപോലും പരാതി പറഞ്ഞിട്ടില്ലെന്നും കമ്പിനി വ്യക്തമാകുന്നു. പരാതിക്കുമേൽ കേസെടുത്തെന്ന ആരോപണവും വ്യാജമാണെന്നും തങ്ങൾക്കെതിരെ യാതൊരു നിയമനടപടിയും ഉള്ളതായി അറിയില്ലെന്നും കമ്പിനി വ്യക്തമാക്കുന്നു. പരാതി കെട്ടിച്ചമച്ചതാണെന്നും കമ്പിനിയുടെ പേര് മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചതിന് നിയമനടപടികളുമായമുന്നോട്ടു പോകുമെന്നും കമ്പിനി അധികൃതർ അറിയിച്ചു. വാർത്താമാധ്യമങ്ങളിൽ ഉൾപ്പെടെ സാൻക്രൂസിനെതിരായ പ്രചാരണത്തിന് പിന്നിൽ വിദേശത്തേക്ക് അനധികൃതമായി പണം വാങ്ങിച്ച് റിക്രൂട്ട്മെന്റുകൾ നടത്തുന്ന ചില ഏജൻസികൾ ആണെന്നും തങ്ങളുടെ സേവനങ്ങളിൽ നിരവധി ആളുകൾ സംതൃപ്തരാണെന്നും സാൻക്രൂസ് മാനേജ്മെന്റ് പ്രതികരിച്ചു. തങ്ങൾക്കെതിരായ വ്യാജവാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുന്നവർക്ക് എതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.