രക്ഷാധികാരി സുരേഷ് കൊച്ചത്തിന് 'സാരഥി' യാത്രയയപ്പ് നൽകി.
കുവൈറ്റ് സിറ്റി : എല്ലാ ശ്രീനാരാണീയർക്കും ഒത്തുചേരുവാനും ശ്രീ നാരായണഗുരുദേവന്റെ സന്ദേശം എല്ലാവരിലും എത്തിക്കുവാനും സാരഥി കുവൈറ്റ് എന്ന മഹത്തായ പ്രസ്ഥാനം കെട്ടിപ്പടുക്കുവാനും നേതൃത്വം കൊടുത്ത സാരഥിയുടെ രക്ഷാധികാരി സുരേഷ് കൊച്ചത്തിന് യാത്രയയപ്പ് നൽകി. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പ്രസിഡൻറ് കെ.ആർ. അജി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഭരണ സമിതി അംഗങ്ങൾ, കേന്ദ്ര വനിത വേദി അംഗങ്ങൾ, ഉപദേശക സമിതി അംഗങ്ങൾ, സാരഥി ട്രസ്റ്റ് ഭാരവാഹികൾ, എക്സിക്യുട്ടീവ് അംഗങ്ങൾ, സാരഥിയുടെ മുതിർന്ന അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ എന്നിവർ യാത്രാമംഗളങ്ങൾ നേർന്നുകൊണ്ട് സംസാരിച്ചു. നേരത്തെ സാരഥി ഹസ്സാവി സൗത്ത് യൂണിറ്റ് ദീപാർപ്പണവും, റിഗ്ഗയ് യൂണിറ്റ് ദൈവദശകവും, സാൽമിയ യൂണിറ്റ് വിനായകാഷ്ടകവും ആലപിച്ചു.
ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടു കൂടി സുരേഷ് കൊച്ചത്തിനെ സമ്മേളന വേദിയിലേക്ക് ആനയിച്ച ശേഷം കേന്ദ്രഭരണ സമിതിഅംഗങ്ങളും , വനിതാവേദി ഭാരവാഹികളും മറ്റ് മുതിർന്ന നേതാക്കളും ചേർന്ന് പൊന്നാട അണിയിച്ചു സ്വീകരിച്ചു. ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, ട്രഷറർ ദിനുകമാൽ, വനിതവേദി ചെയർപേഴ്സൺ പ്രീതി പ്രശാന്ത്, അഡ്വക്കേറ്റ് ശശിധര പണിക്കർ, ട്രസ്റ്റ് ചെയർമാൻ ജയകുമാർ എൻ എസ്, സിൽവർ ജൂബിലി ചെയർമാൻ സുരേഷ് കെ, രാജേഷ് സാഗർ, സി.എസ്. ബാബു, സജീവ് നാരായണൻ, ബിജു സിവി, സുരേഷ് വെള്ളാപ്പള്ളി, റെജി സി .ജെ, ബിന്ദു സജീവ് എന്നിവരും വിവിധ സാരഥി പ്രാദേശിക യൂണിറ്റ് ഭാരവാഹികളും അദ്ദേഹത്തിന് യാത്രാമംഗളങ്ങൾ നേർന്നു. സാരഥി മ്യൂസിക്ക് ക്ലബ് അംഗങ്ങൾ ആലപിച്ച വിവിധ ഗാനങ്ങൾ പോഗ്രാമിന് മിഴിവേകി. സ്നേഹോപഹാരം, സാരഥി കേന്ദ്രഭരണ സമിതി അംഗങ്ങൾ നൽകി ആദരിച്ചു.
മറുപടി പ്രസംഗത്തിൽ സുരേഷ് കൊച്ചത്ത്, ശ്രീനാരായണ ഭക്തർ എങ്ങനെയായിരിക്കണം പ്രവർത്തിക്കേണ്ടതെന്നു വിശദീകരിച്ചു. തനിക്ക് നൽകിയ ഹൃദ്യമായ യാത്രയയപ്പിന് നന്ദി അറിയിച്ച സുരേഷ് കൊച്ചത്ത് സാരഥിയ്ക്ക് മുന്നോട്ടുള്ള യാത്രയിൽ എല്ലാ ഭാവുകങ്ങൾ അർപ്പിക്കുകയുണ്ടായി. യാത്രയയപ്പിന് നേതൃത്വം കൊടുത്ത കോർഡിനേറ്റർ അരുൺ സത്യൻ യോഗത്തിന് എത്തിച്ചേർന്ന ഏവർക്കും നന്ദി അറിയിച്ചു.