ഏകദിന വ്യാവസായ പരിശീലന ക്യാമ്പ് 'ഇഗ്നൈറ്റ് - 2023 ' മായി സാരഥി - എസ് സി എഫ് ഇ !
കുവൈറ്റ് സിറ്റി : സ്വന്തമായി നാട്ടിൽ ഒരു സംരംഭം എന്ന പല പ്രവാസികളുടേയും സ്വപ്നം മുന്നിൽ കണ്ടു അതിലേക്കു ഒരു ചുവടുവെയ്പ്പ് എന്ന നിലയിൽ സാരഥി കുവൈറ്റിന്റെ വിദ്യാഭ്യാസ സ്ഥാപനമായ 'എസ് സി എഫ് ഇ' അക്കാദമി യുടെ നേതൃത്വത്തിൽ 2023 നവംബർ 17 ന് മംഗഫ് ഹിൽട്ടൺ റിസ്സോർട്ടിൽ വച്ചു നടത്തിയ ഏകദിന വ്യാവസായിക പരിശീലന പരിപാടി വിജയകരമായി സമാപിച്ചു.
കേരള വ്യവസായ വകുപ്പിലെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ റ്റി എസ് ചന്ദ്രൻ, ബി എം ഡബ്ലിയു അഡ്മിനിസ്ട്രേഷൻ മാനേജർ അഡ്വ. വിനോദ് കുമാർ ടി എന്നിവർ വിവിധ വ്യവസായ വിഷയങ്ങളെ അടിസ്ഥാനമാക്കി ക്ലാസ്സുകൾ നടത്തി. നാട്ടിൽ സംരംഭങ്ങൾ ആരംഭിക്കുന്നതു സംബന്ധിച്ച് പ്രവാസി മനസ്സുകളിലെ പലവിധ സംശയങ്ങളെ ആധികാരികമായി ദൂരീകരിക്കുവാനും പുതിയ സംരംഭക ആശയങ്ങൾ സ്വരൂപിക്കുവാനും ഈ പരിപാടി സഹായകരമായി. സാരഥി പ്രസിഡന്റ് ശ്രീ അജി കെ ആർ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ വിവിധ വ്യവസായിക മേഖലകളിൽ വിജയം കൈവരിച്ചവരും, തുടക്കക്കാരും, ഇതേ മേഖലയിൽ താല്പര്യം ഉള്ളവരുമായ നൂറിൽപ്പരം അംഗങ്ങൾ പങ്കെടുത്തു.
സാരഥി ട്രസ്റ്റ് ചെയർമാൻ, ശ്രീ എൻ എസ് ജയകുമാർ, സാരഥി മുൻ പ്രസിഡന്റ് ശ്രീ സജീവ് നാരായണൻ, ഐ ബി പി സി ജോയിന്റ് സെക്രട്ടറി ശ്രീ സുരേഷ് കെ പി, കുവൈറ്റിലെ പ്രമുഖ വ്യവസായികളായ ശ്രീ മുരളി നാണു, ശ്രീ പ്രശാന്ത് ശിവാനന്ദൻ, അഡ്വ: രാജേഷ് സാഗർ, ശ്രീ സുരേഷ് ശ്രീരാഗം, ശ്രീ മണിയൻ ശ്രീധരൻ എന്നിവർ ബിസിനസ് രംഗത്തെ അവരുടെ നാൾ വഴികളിലെ അനുഭവങ്ങൾ പങ്കു വെച്ചു സംസാരിച്ചു.
എട്ടോളം വിവിധ വിഭാഗങ്ങളായി ക്രമികരിച്ച പരിപാടിക്കു ട്രസ്റ്റ് സെക്രട്ടറി ശ്രീ ജിതിൻ ദാസ്, വൈസ് ചെയർമാൻ ശ്രീ വിനോദ് കുമാർ സി എസ്, ശ്രീമതി ലിനി ജയൻ, ശ്രീ ഷനൂബ് ശേഖർ എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം കോർഡിനേറ്റർ ശ്രീ അജിത് ആനന്ദൻ നന്ദി പ്രകാശിപ്പിച്ചു.വരും ദിവസങ്ങളിലും ഇതുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സംഘടിപ്പിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.