വ്യാജവോട്ട്: മാധ്യമപ്രവർത്തകരെ ചീത്ത വിളിച്ച് സരിൻ; പത്രസമ്മേളനത്തിനിടെ ഇറങ്ങിപ്പോയി ഡോ.സൗമ്യ
പാലക്കാട്: സിപിഎം ജില്ലാ സെക്രട്ടറി ഉയർത്തിയ വ്യാജ വോട്ട് ആരോപണത്തിൽ കുടുങ്ങി എൽഡിഎഫ് സ്ഥാനാർത്ഥി സരിൻ. വ്യാജ വോട്ട് ആരോപണത്തിൽ ചോദ്യങ്ങൾ ഉന്നയിച്ച മാധ്യമപ്രവർത്തകർക്ക് നേരേ സരിൻ ചീത്ത വിളിക്കുകയും ആക്രോശിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഭാര്യ ഡോ.സൗമ്യ ഇറങ്ങിപ്പോയത്. വ്യാജവോട്ട് ആരോപണത്തിൽ മറുപടിയായി നടത്തിയ പത്രസമ്മേളനത്തിനിടെയാണ് സംഭവവികാസങ്ങൾ.
ജില്ലാപ്രസിഡന്റ് ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ പാലക്കാട് മണ്ഡലത്തിൽ കള്ളവോട്ട് ചേർത്തെന്ന ആരോപണത്തിന് സമാനമല്ലേ താങ്കളുടെ വോട്ടടും എന്ന മാധ്യമങ്ങളുടെ ചോദ്യമാണ് സരിനെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ആക്രോശവുമായി സരിൻ മാധ്യമങ്ങൾക്ക് നേരെ തിരിഞ്ഞത്. ഭർത്താവിന്റെ വ്യാജവോട്ട് ന്യായീകരിക്കാൻ എത്തിയ സരിന്റെ ഭാര്യ ഡോ.സൗമ്യ പത്രസമ്മേളനം പൂർത്തിയാക്കാതെ ഇറങ്ങിപ്പോയി. ഇതിന് പിന്നാലെ ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകന് നേരെയും എൽഡിഎഫ് സ്ഥാനാർഥി വ്യക്ത്യാധിക്ഷേപം നടത്തി.
പ്രതിപക്ഷ നേതാവ് പുറത്തുകൊണ്ടുവന്ന പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരായ വ്യാജ വോട്ട് ആരോപണത്തിൽ മാധ്യമങ്ങൾക്ക് മുമ്പിൽ വിശദീകരണവുമായി എത്തിയതായിരുന്നു സരിനും ഭാര്യയും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും മാസങ്ങൾക്ക് മുമ്പ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ഒറ്റപ്പാലത്ത് വോട്ട് ചെയ്ത സരിനും ഭാര്യയും മൂന്നുമാസം മുമ്പ് മാത്രമാണ് പാലക്കാട്ടേക്ക് വോട്ട് മാറ്റിയത്. വാടകയ്ക്ക് നൽകിയ സൗമ്യ സരിന്റെ പേരിലുള്ള വീടിന്റെ വിലാസം ഉപയോഗിച്ചാണ് പാലക്കാട് വോട്ട് ചേർത്തിരിക്കുന്നത് എന്നാണ് പുറത്തുവന്ന വിവരങ്ങൾ.