ഹൈക്കോടതി ഉത്തരവ് ലംഘിച്ച് നവകേരള സദസ്സിന് ആളെ എത്തിക്കാൻ സ്കൂൾ ബസുകൾ
മലപ്പുറം: നവകേരള സദസിൽ ഹൈക്കോടതി
ഉത്തരവിന് പുല്ലുവില. നവകേരള സദസിന് ആളെ എത്തിക്കാൻ സ്കൂൾ ബസുകൾ
ഉപയോഗിക്കരുതെന്ന ഇടക്കാല ഉത്തരവ്
ലംഘിക്കപ്പെട്ടു. കോഴിക്കോട് തിരുവമ്പാടി,
ബാലുശ്ശേരി, കുന്നമംഗലം മണ്ഡലങ്ങളിലെ
നവ കേരള സദസ്സുകളിലേക്കാണ് സ്കൂൾ
ബസുകളിൽ ആളെ എത്തിച്ചത്. സംഘാടകർ
ആവശ്യപ്പെട്ടാൽ സ്കൂൾ ബസുകൾ വിട്ടു
നൽകണമെന്നായിരുന്നു പൊതുവിദ്യാഭ്യാസ
ഡയറക്ടറുടെ ഉത്തരവ്. എന്നാൽ
കാസർകോട് സ്വദേശി നൽകിയ ഹർജിയിൽ
അന്തിമ തീരുമാനം എടുക്കും വരെ ഉത്തരവ്
നടപ്പാക്കരുതെന്നാണ് കോടതി പറഞ്ഞത്.
ഇടക്കാല ഉത്തരവ് ഇങ്ങനെയാണെങ്കിലും
പുറത്തു നടക്കുന്നത് നേർവിപരീതമാണ്. നവ
കേരള സദസ്സുകളിലേക്ക് യഥേഷ്ടം
ആളുകളെ എത്തിച്ചത് സ്കൂൾ ബസുകളിൽ
ആയിരുന്നു. തിരുവമ്പാടി മണ്ഡലത്തിലെ നവ
കേരള സദസ്സ് നടന്ന മുക്കത്താണ്
ഏറ്റവുമധികം സ്കൂൾ ബസുകൾ എത്തിയത്.
കുന്നമംഗലത്തെ നവ കേരള സദസ്സിനും കണ്ടു സ്കൂൾ ബസ്സുകൾ . ഇന്നലെ ഞായറാഴ്ച ആയതിനാലാണ് നവകേരള സദസ്സിന് ആളെ എത്തിക്കാൻ സ്കൂൾ ബസുകൾ ഉപയോഗിച്ചത്. എന്നാൽ ബാലുശേരിയിൽ ശനിയാഴ്ചയായിരുന്നു സ്കൂൾ ബസുകളിൽ ആളുകളെ കൊണ്ടുവന്നത്. ഞായറാഴ്ച സ്കൂളുകൾ പ്രവൃത്തി ദിവസം അല്ലാത്തതിനാൽ ബസുകൾ ഉപയോഗിച്ചാൽ കുഴപ്പമില്ലെന്ന് വാദിച്ചാലും നടക്കില്ല. കോടതി ഉത്തരവിൽ അങ്ങനെ ഒരു ഇളവില്ല. കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നുണ്ട്.