Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

'ചലിക്കുന്ന കാഴ്ചബംഗ്ലാവ്'
കാണാനെത്തിയ കുട്ടികൾ

01:10 PM Dec 01, 2023 IST | ലേഖകന്‍
Advertisement

തെരഞ്ഞെടുപ്പിൻറെ തിരമാലകൾ വോട്ടർമാരുടെ കാലിൽ വന്ന് ചുംബിക്കുമ്പോൾ എന്തൊക്കെ രാഷ്ട്രീയ യാത്രാകലാപരിപാടികളാണ് കാണേണ്ടിവരുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്നുനടത്തുന്ന നവകേരള സദസ്സ് അങ്ങനെയൊരു യാത്ര തന്നെയാണ്. കാസർകോഡ് നിന്ന് ലക്ഷ്വറി ബസ്സിൽ ആരംഭിച്ച യാത്ര മലബാർ പിന്നിട്ട് പഴയ കൊച്ചിരാജ്യത്ത് അടുത്തുതന്നെ പ്രവേശിക്കും. ഇപ്പം ശര്യാക്കാം എന്ന രീതിയിൽ ജനങ്ങളുടെ ആവലാതികൾക്ക് പരിഹാരം കാണുന്ന ലക്ഷ്യവും ഈ യാത്രയ്ക്ക് പശ്ചാത്തലമായി ഉണ്ടെങ്കിലും എത്രകണ്ട് അത് ശരിയായി എന്ന് ദൈവം തമ്പുരാനുമാത്രമേ അറിയൂ. ആകെക്കൂടി ശരിയാക്കിക്കൊണ്ടിരിക്കുന്നത് യൂത്ത്കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകരെമാത്രമാണ്. ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങൾ എന്തൊക്കെ എന്ന് മനസ്സിലാക്കാൻ കഴിയാത്ത, ഏതൊക്കെ മേഖലയിലാണ് സർക്കാർ പരാജയപ്പെട്ടിരിക്കുന്നതെന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരുപറ്റം മന്ത്രിമാർ നടത്തുന്ന പ്രഹസന യാത്രാസംവിധാനത്തെ ചെറുക്കാൻ കോൺഗ്രസ്സിലെ യുവജനങ്ങളും വിദ്യാർത്ഥികളും നടത്തുന്ന ശ്രമങ്ങളെ അടിച്ചൊതുക്കുക എന്നതുമാത്രമാണ് ഈ വിനോദസഞ്ചാരത്തിൻറെ ആത്യന്തിക ലക്ഷ്യം. ഏതാണ്ട് മലമറിക്കുന്നതുപോലെ നടത്തുന്ന നവകേരള സദസ്സ് എന്ന യാത്ര മലബാറ് പിന്നിടുമ്പോൾ ജനങ്ങളുടെ പൊതുവായുള്ള അടിയന്തിരാവശ്യങ്ങളിൽ സ്പർശിച്ചിട്ടില്ലെന്നതാണ് ഖേദകരം. പ്രശ്നങ്ങൾ പഴയതുപോലെ നിലനിൽക്കുകയും അനുദിന ജീവിതം കൂടുതൽ വെല്ലുവിളിയാകുകയും ചെയ്യുമ്പോൾ മന്ത്രിമാർ നടത്തുന്ന ഉല്ലാസ യാത്രയ്ക്കെതിരെ പ്രതിപക്ഷ യുവജനസംഘടനകൾ പ്രതിഷേധിക്കുക സ്വാഭാവികമാണ്. അതിനെ ചെറുത്ത് യാത്രപോകുന്ന വഴികളിൽ നിണമൊഴുക്കുക എന്നതുമാത്രമായിരിക്കുന്നു സദസ്സ് യാത്രയുടെ പരമലക്ഷ്യം. ആകെക്കൂടി ഈ യാത്രകൊണ്ട് നേടാനായത് മട്ടന്നൂരിലെ സ്വന്തം എം.എൽ.എ കെ.കെ. ശൈലജയെ മുഖ്യമന്ത്രിക്ക് ഒന്നുശാസിക്കാൻ കഴിഞ്ഞതുമാത്രമാണ്. അതിൻറെ കാരണമാകട്ടെ മുഖ്യമന്ത്രിയുടെ സമയം കൂടി അപഹരിച്ച് അവർ അല്പംകൂടി പ്രസംഗിച്ചു എന്നതുമാത്രം. അല്ലെങ്കിലും മുഖ്യമന്ത്രിക്ക് ശൈലജയോട് പണ്ടേ കുറച്ചുവെറുപ്പാണ്. അത് കോവിഡ് കാലത്ത് ആരോഗ്യമന്ത്രിയായിരുന്നപ്പോൾ തുടങ്ങിയതാണ്. കെ.കെ.ശൈലജ കോവിഡ്കാല ആരോഗ്യ അന്തിചർച്ചയിൽ നിരന്തരം പ്രത്യക്ഷപ്പെട്ടിരുന്നത് മുഖ്യന് അന്ന് അത്ര പിടിച്ചിരുന്നില്ല. അതിൻറെ ഫലമായി ശൈലജയെ മാറ്റി മുഖ്യൻ തന്നെ അന്ത്യാരോഗ്യ നിർദ്ദേശങ്ങളുമായി പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഒടുവിൽ ശൈലജയ്ക്ക് കോവിഡ് കാലത്തെ മികച്ച ആരോഗ്യപ്രവർത്തനത്തിൻറെ പേരിൽ മാഗ്സെസെ അവാർഡ് പ്രഖ്യാപനമുണ്ടായപ്പോൾ ആ വെറുപ്പ് കൂടുതൽ ആവുകയും അവരെ ആ അവാർഡ് വാങ്ങുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. ഒരുപക്ഷേ ആ അവാർഡ് ജപ്പാൻ മുഖ്യന് കൊടുത്തിരുന്നുവെങ്കിൽ അങ്ങേര് അത് പൊന്നുപോലെ സ്വീകരിച്ചിരുന്നേനെ. കാരണം കേരളത്തിൽ സിപിഎമ്മിൻറെ സർവ്വനിയന്ത്രണവും ഇപ്പോൾ മുഖ്യനെ കേന്ദ്രീകരിച്ചാണിരിക്കുന്നത്. ബാക്കിയെല്ലാവരും അദ്ദേഹത്തിൻറെ വിരൽ ചലനങ്ങൾക്കൊപ്പം കളിക്കുന്ന തോൽപ്പാവകൾ മാത്രം. എങ്കിലും ഒന്ന് സ്പഷ്ടമാണ്. ശൈലജയോടുള്ള മുഖ്യൻറെ വെറുപ്പിൻറെ കനൽ ഇനിയും കെട്ടിട്ടില്ല. അതാണ് മട്ടന്നൂരിലെ നവകേരള സദസ്സിൽ ശാസനയായി പുകഞ്ഞത്.
അതൊക്കെ ആ പാർട്ടിയുടെ ആഭ്യന്തര പരിഭവം മാത്രം. നമുക്ക് നവകേരള ഉല്ലാസ യാത്രയിലേക്ക് മടങ്ങിവരാം. മുഖ്യമന്ത്രി അടുത്തകാലത്ത് പറഞ്ഞത് എത്ര നിയന്ത്രിച്ചിട്ടും സ്കൂൾ കുട്ടികൾ പാതയോരങ്ങളിലും സദസ്സിലും കൂട്ടമായി എത്തുന്നു എന്നാണ്. അതിൽ അദ്ദേഹം ആശ്ചര്യപ്പെടുകയും ചെയ്തു. സ്കൂൾ ബസ്സുകളിൽ അധികൃതരുടെയും വിദ്യാഭ്യാസ മേലധികാരികളുടെയും പ്രത്യേക നിർദ്ദേശപ്രകാരമാണ് അവർ എത്തിയതെന്ന് മനസ്സിലായത് ഇതുസംബന്ധിച്ച് ഹൈക്കോടതി വിലക്കിയപ്പോൾ മാത്രമാണ്. സ്കൂൾ അധികൃതരും വിദ്യാഭ്യാസ ഉദ്യോസ്ഥന്മാരും പ്രീണനത്തിനുവേണ്ടി കുട്ടികളെ ഇതിന് കരുവാക്കുകയായിരുന്നു. അതികൃതരെ ഭയന്നല്ലാതെ എതെങ്കിലും ഒരുകുട്ടി നവകേരള സദസ്സിൽ എത്തിയിട്ടുണ്ടെങ്കിൽ അത് ജിജ്ഞാസകൊണ്ടുമാത്രമായിരിക്കും. കാരണം, ആ കുട്ടി ജീവിതത്തിൽ ആദ്യമായി കാണുകയാണ് ചലിക്കുന്ന ഒരു കാഴ്ചബംഗ്ലാവ്. ജനജീവിതത്തെ നാനാതരത്തിൽ ബുദ്ധിമുട്ടിലാക്കുന്ന വിവിധമന്ത്രിമാരുടെ കൂട്ടായ്മ കാണാൻ ജനങ്ങളിലും ഒരു വിപരീത കൗതുകമുണ്ടാകും. അല്ലാതെ ഇതിനപ്പുറം യാതൊരു കാര്യവുമില്ലാത്ത കാര്യമാണിത്.
അസ്സേ, വെറുമൊരു ഉടായിപ്പ്. ഏതെങ്കിലും ഒരു പിആർ ഉദ്യോഗസ്ഥൻറെ 'നിർമ്മിത' ബുദ്ധിയിൽ ഉദിച്ച കാര്യം മുഖ്യമന്ത്രിയോട് പറഞ്ഞപ്പോൾ അദ്ദേഹവും മന്ത്രിമാരും ചാടിപ്പുറപ്പെട്ട യാത്രയാണിത്. പണ്ട് എല്ലാം ശരിയാക്കാം എന്നുപറഞ്ഞ അതേ ബുദ്ധികേന്ദ്രത്തിൻറെ പുതിയ യാത്രാപതിപ്പാണിത്. ജനങ്ങളെ ശരിയാക്കുന്ന ഭരണത്തിനൊപ്പം അവരെ അവഹേളിക്കുന്ന യാത്രാ എന്നതിനപ്പുറം യാതൊരു അർത്ഥവുമില്ലാത്ത യാത്ര.
വാൽക്കഷണം:
ഗഹ്ലോത്തിൻറെ വാക്കിൽ പിടിച്ച് രോമാഞ്ചത്തിൻറെ ഊഞ്ഞാലാടുകയാണിപ്പോൾ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ. ഗഹ്ലോത്ത് രാജസ്ഥാൻകാരനാണ്. അദ്ദേഹത്തിന് പിണറായി സർക്കാരിൻറെ ഭരണയാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാൻ അല്പകാലതാമസം എടുക്കും. അകലങ്ങളിലെ മിന്നൽപ്പിണരുകൾ ആസ്വദിക്കാൻ വക നൽകാറുണ്ട്. ആ ആസ്വാദന വാക്കുകളാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റു ഭരണത്തെപ്പറ്റി ഗഹ്ലോത്ത് നടത്തിയത്. ആ മിന്നലുകൾ അരികത്താകുമ്പോൾ വല്ലാതെ ഭയപ്പെട്ട് നാം കതകടക്കും. ഗഹ്ലോത്ത് കേരളത്തിലെ കോൺഗ്രസ്സുകാരനായിരുന്നെങ്കിൽ എന്ന് ആശിക്കുന്ന നിമിഷമാണിത്.

Advertisement

Advertisement
Next Article