സീ പ്ലെയിന്‍: ഇടതു മുന്നണിയില്‍ ഭിന്നത; സിപിഐയെ തള്ളി സിപിഎം
ആലപ്പുഴ: കേരളത്തിന്റെ ടൂറിസം വികസനത്തില്‍ നിര്‍ണായക പങ്ക് വഹിച്ചേക്കാവുന്ന സീപ്ലെയ്ന്‍ പദ്ധതിയില്‍ ഇടതുമുന്നണിയില്‍ കല്ലുകടി. പദ്ധതിക്കെതിരായ സിപിഐ വിമര്‍ശനത്തെ തള്ളി സിപിഐഎം രംഗത്തുവന്നതോടെയാണ് ഭിന്നത പുറത്തായത്.
ആലപ്പുഴയില്‍ സീപ്ലെയ്ന്‍ വരുന്നത് സ്വാഗതാര്‍ഹമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആര് നാസര്‍ പറഞ്ഞു. ആലപ്പുഴയുടെ വികസനത്തിന് സീപ്ലെയ്ന്‍ അത്യാവശ്യമാണ്. വേണ്ട പഠനം നടന്നിട്ടില്ലെന്ന വാദവും തെറ്റാണ്. ഇതുവരെയുള്ള പഠനത്തില്‍ യാതൊരു പരിസ്ഥിതിക പ്രശ്നവും ഉണ്ടാകില്ലെന്നാണ് കണ്ടെത്തലെന്നും കായല്‍ മലിനീകരണം ഉണ്ടാകുമെന്നും മത്സ്യ സമ്പത്ത് കുറയുമെന്നുമുള്ള വാദങ്ങള്‍ തെറ്റാണെന്നും ആര് നാസര്‍ പറഞ്ഞു. സിപിഐക്ക് ചില തെറ്റിദ്ധാരണകള്‍ ഉണ്ടെന്നും വസ്തുതകള്‍ ബോധ്യപ്പെടുമ്പോള്‍ അവരും യോജിക്കുമെന്നും ആര് നാസര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ജനയുഗം പത്രത്തില്‍ സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് പദ്ധതിക്കെതിരെ രംഗത്തുവന്നിരുന്നു. 'മത്സ്യത്തൊഴിലാളികളും ജലവിമാന പദ്ധതികളും' എന്ന ലേഖനത്തിലാണ് വിമര്‍ശനം. അന്താരാഷ്ട്ര മത്സ്യത്തൊഴിലാളി ദിനത്തിന്റെ ഭാഗമായാണ് ലേഖനം പ്രസിദ്ധീകരിച്ചത്.