സീ പ്ലെയിന്‍ പദ്ധതി: സോറി പറഞ്ഞിട്ടുവേണം എല്‍ഡിഎഫ് സര്‍ക്കാര്‍ മേനി പറയാനെന്ന് പി കെ കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: തങ്ങളുടെ ഭരണകാലത്ത് എമര്‍ജിങ് കേരളയില്‍ ടൂറിസം വകുപ്പ് അവതരിപ്പിച്ച പദ്ധതി നടപ്പായതില്‍ സന്തോഷമുണ്ടെന്നും സീ പ്ലെയിന്‍ പദ്ധതിയെ അന്ന് എതിര്‍ത്തതില്‍ സോറി പറഞ്ഞിട്ടുവേണം എല്‍.ഡി.എഫ് സര്‍ക്കാര്‍ മേനി പറയാനെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. രാജ്യത്തെ ആദ്യ ജലവിമാനം സംസ്ഥാനത്ത് പറന്നിറങ്ങിയതിന് പിന്നാലെയാണ് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
'ഇടതു സര്‍ക്കാറിന്റെ പരിഷ്‌കാരങ്ങള്‍ ഇങ്ങനെ കാണിക്കുമ്പോള്‍ വാസ്തവത്തില്‍ ചിരിയാണ് വരുന്നത്. ഇവര്‍ക്ക് ബുദ്ധിയുദിക്കാന്‍ എത്രകാലമെടുക്കും. 2012ല്‍ വന്ന പദ്ധതികളെ എതിര്‍ത്തതില്‍ കേരളീയരോട് ഒരു സോറി പറഞ്ഞിട്ട് വേണം മേനിപറയാന്‍. സീ പ്ലെയിന്‍ ഇറങ്ങിയാല്‍ തിലോപ്പിയ കുഞ്ഞുങ്ങള്‍ ചത്തുപോകുമെന്ന് പറഞ്ഞ് അന്ന് വള്ളങ്ങള്‍ നിരത്തി പ്രക്ഷോഭം നടത്തി. ഇപ്പോള്‍ അവിടെത്തെ തിലോപ്പിയ കുഞ്ഞുങ്ങളെ എങ്ങോട്ടെങ്കിലും മാറ്റി പാര്‍പ്പിച്ചോ എന്നറിയില്ല.
ഞങ്ങള്‍ നല്ല കാര്യങ്ങള്‍ ഒന്നും എതിര്‍ക്കാത്തത് കൊണ്ടാണ് അവര്‍ക്കിത് നടത്താനാവുന്നത്. എക്‌സ്പ്രസ് ഹൈവേ എമര്‍ജിങ് കേരളയില്‍ കൊണ്ടുവന്നപ്പോള്‍ എതിര്‍ത്തു. പശുവിനെ എങ്ങനെ ഇപ്പുറത്ത് കൊണ്ടുവരും എന്ന് ചോദിച്ച്. ആ വക വിഡിത്തരം ചോദ്യങ്ങള്‍ ഞങ്ങള്‍ ചോദിക്കാത്തത് കൊണ്ട് നിങ്ങള്‍ക്ക് കാര്യങ്ങള്‍ മുന്നോട്ടുപോകാന്‍ കഴിയുന്നു. അന്ന് എമര്‍ജിങ് കേരളയില്‍ ടൂറിസം വകുപ്പ് കൊണ്ടുവന്ന പദ്ധതി ഇന്ന് നടപ്പാകുന്നതില്‍ സന്തോഷമേയുള്ളൂ. പക്ഷേ നിങ്ങള്‍ ഒരു സോറി പറഞ്ഞിട്ടേ സന്തോഷിക്കാവൂ' - കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.