തെരഞ്ഞെടുപ്പ് ചുമതലയിലുള്ള ഉദ്യോഗസ്ഥർക്ക് തപാൽ ബാലറ്റ് നിഷേധിച്ചെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചുമതലയുള്ള നിരവധി ജീവനക്കാർക്ക് തപാൽ ബാലറ്റ് നിഷേധിച്ചതായി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ. സ്വന്തം ലോക്സഭാ മണ്ഡലം വിട്ട് മറ്റ് ലോക്സഭാ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് ജോലി ചെയ്യാൻ നിയോഗിക്കപ്പെട്ടവർക്കാണ് തപാൽ ബാലറ്റ് ലഭിക്കാതായത്. അവസാനത്തെ റിഫ്രഷർ ക്ലാസിന് വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും അന്ന് അവർക്ക് വോട്ടിംഗ് സൗകര്യം ഏർപ്പെടുത്തിയില്ല. പോളിംഗ് സാമഗ്രി വിതരണം ചെയ്യുന്ന കേന്ദ്രത്തിൽ ഇന്ന് വോട്ട് ചെയ്യാനുള്ള ക്രമീകരണം ഏർപ്പെടുത്തും എന്നായിരുന്നു അന്ന് അറിയിച്ചത്. എന്നാൽ അവിടെയും ബാലറ്റ് പേപ്പർ എത്തിയില്ലെന്ന് കാട്ടി അവരെ പോളിംഗ് കേന്ദ്രങ്ങളിലേക്ക് അയക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടതിൻ്റെ പേരിൽ വോട്ടവകാശം നിഷേധിക്കപ്പെടുന്നത് പ്രതിഷേധാർഹമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെട്ട് അവരുടെ വോട്ടവകാശം സംരക്ഷിക്കണമെന്നും തപാൽ ബാലറ്റ് അവർക്ക് അനുവദിക്കണമെന്നും കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ഇർഷാദ് എം എസ്സും ജനറൽ സെക്രട്ടറി ബിനോദ് കെയും ആവശ്യപ്പെട്ടു.