പണിമുടക്കിൽ സെക്രട്ടേറിയറ്റ് ജീവനക്കാർ പങ്കെടുക്കും
തിരുവനന്തപുരം:സംസ്ഥാന സർക്കാർ ജീവനക്കാരുടെ ജനുവരി 24-ാം തീയതിയിലെ പണിമുടക്കിൽ സെക്രട്ടേറിയറ്റ് ജീവനക്കാർ പങ്കെടുക്കുമെന്ന് സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടനകളുടെ കൂട്ടായ്മയായ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ അറിയിച്ചു. ആറു ഗഡു (18%) ഡി എ അനുവദിക്കുക,ലീവ് സറണ്ടർ പുന:സ്ഥാപിക്കുക, ശമ്പള പരിഷ്ക്കരണ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക, വിലക്കയറ്റം തടയുക,പന്ത്രണ്ടാം ശമ്പള കമ്മീഷനെ നിയമിക്കുക,സെക്രട്ടേറിയറ്റ് സർവീസ് സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സെക്രട്ടേറിയറ്റ് ജീവനക്കാർ പണിമുടക്കുന്നതെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം എസ്, അറിയിച്ചു.കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ,കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ എന്നീ സംഘടനകളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്.