സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളില്‍ വിഭാഗീയത രൂക്ഷം: മിനിറ്റ്‌സ് ബുക്കുമായി വനിത സെക്രട്ടറി ഇറങ്ങിപ്പോയി
ചാരുംമൂട്: ബ്രാഞ്ച് സമ്മേളനങ്ങളില്‍ വിഭാഗീയത രൂക്ഷമാക്കിയത് സി.പി.എം നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നു. ചാരുംമൂട് ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള ബ്രാഞ്ച് സമ്മേളനങ്ങളില്‍ പാര്‍ട്ടി അംഗങ്ങള്‍ സമ്മേളനം ബഹിഷ്‌കരിക്കുന്നത് നിത്യസംഭവമായി. പലയിടത്തും സമ്മേളനം വഴിപാടായി മാറി. ചില ബ്രാഞ്ചുകളിലെ സമ്മേളനങ്ങള്‍ നിരവധി തവണ മാറ്റിവെച്ചു.
കഴിഞ്ഞ ദിവസം നടന്ന പള്ളിക്കല്‍ വടക്ക് ബ്രാഞ്ച് സമ്മേളനം പൂര്‍ത്തീകരിക്കാതെ മിനിറ്റ്‌സ് ബുക്കുമായി വനിത ബ്രാഞ്ച് സെക്രട്ടറി ഇറങ്ങിപ്പോയി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. സംസ്ഥാന കമ്മിറ്റി നല്‍കിയ മാര്‍ഗരേഖക്ക് വിരുദ്ധമായി ഉദ്ഘാടകന്‍ ജില്ല സെക്രട്ടറിയേറ്റ് അംഗത്തെ വ്യക്തിപരമായി ആക്ഷേപിച്ചത് പ്രതിനിധികള്‍ തമ്മില്‍ വാക്കേറ്റത്തിന് കാരണമായി. ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്ക് സര്‍ക്കാര്‍ ജീവനക്കാരന്റെ പേര് ഉയര്‍ന്നുവന്നതും പ്രശ്‌നത്തിനിടയാക്കി.
സര്‍ക്കാര്‍ ജോലിക്കാര്‍ ബ്രാഞ്ച് സെക്രട്ടറിയാവാന്‍ പാടില്ലെന്ന് പ്രതിനിധികള്‍ വാദിച്ചു. ആര്‍ക്കും മത്സരിക്കാമെന്ന നിര്‍ദേശമാണ് ലോക്കല്‍ സെക്രട്ടറി നല്‍കിയത്. സമ്മേളനം ചൂടേറിയ വാഗ്വാദത്തിലേക്ക് കടന്നപ്പോള്‍ നാലു പേരുകള്‍ ലോക്കല്‍ സെക്രട്ടറി ഏകപക്ഷീയമായി പ്രഖ്യാപിച്ചു. ഇത് സംഘടന രീതിയല്ലെന്ന് ചൂണ്ടിക്കാണിച്ച് ബ്രാഞ്ച് സെക്രട്ടറി മിനിറ്റ്‌സ് ബുക്കും മറ്റ് രേഖകളുമായി സമ്മേളനം അവസാനിപ്പിക്കാതെ ഇറങ്ങി പോവുകയായിരുന്നു.
പയ്യനല്ലൂര്‍ ബ്രാഞ്ച് സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം വന്നതിനെത്തുടര്‍ന്ന് സമ്മേളനം നിര്‍ത്തിവെക്കേണ്ടിവന്നു. പാലമേല്‍ തെക്ക് ലോക്കല്‍ കമ്മിറ്റിയുടെ കീഴില്‍ നടന്ന ബ്രാഞ്ച് സമ്മേളനങ്ങള്‍ സംഘടന രീതിയിലല്ല നടക്കുന്നതെന്ന് കാണിച്ച് നിരവധി പരാതികള്‍ ജില്ല കമ്മിറ്റിക്ക് നല്‍കിയിട്ടുണ്ട്. എല്‍.സി സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവും ചേര്‍ന്ന് അവരുടെ ബിസിനസ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന രീതിയില്‍ സമ്മേളനം നടത്തുകയാണെന്നും അംഗങ്ങള്‍ക്കിടയില്‍ പരക്കെ ആക്ഷേപമുണ്ട്. ഇവര്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളും ചര്‍ച്ചകള്‍ക്ക് ഇടയാകുന്നുണ്ട്.
ചര്‍ച്ചകളിലേക്ക് കടക്കാതെ അഭിപ്രായങ്ങള്‍ മിനിറ്റ്‌സില്‍ രേഖപ്പെടുത്തി വേഗത്തില്‍ സമ്മേളനം അവസാനിപ്പിക്കുന്ന രീതിയാണ് പലയിടത്തും നടക്കുന്നതെന്നും ആക്ഷേപമുണ്ട്. പാലമേല്‍ തെക്ക് ലോക്കല്‍ കമ്മിറ്റിയിലെ ബ്രാഞ്ച് സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പരാതികളും വ്യാജ മെമ്പര്‍ഷിപ്പിനെ കുറിച്ച ആരോപണവും പരിശോധിക്കാന്‍ ജില്ല കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.