പാർലമെന്റിലെ സുരക്ഷ വീഴ്ച്ച; രൂക്ഷ വിമർശനവുമായി കോൺഗ്രസ്; ആഭ്യന്തര മന്ത്രാലയം മറുപടി പറയണമെന്ന് ആവശ്യം
ന്യൂഡൽഹി: പാർലമെന്റ് ഭീകരാക്രമണത്തിന്റെ വാർഷിക ദിനമായ ഇന്ന് ലോക്സഭയിൽ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. സംഭവം ഭയപ്പെടുത്തുന്നതാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ആര്‍ക്കും പരിക്കില്ലെന്നത് ആശ്വാസമാണ്. സുരക്ഷാ വീഴ്ച അനുവദിക്കാനാകില്ല. ആഭ്യന്തര മന്ത്രാലയം മറുപടി പറയണം. സുരക്ഷാ സംവിധാനങ്ങള്‍ പുനപരിശോധിക്കണമെന്നും വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു. സുരക്ഷാ വീഴ്ചയുണ്ടായപ്പോള്‍ ഉദ്യോഗസ്ഥര്‍ എവിടെയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജൻ ചൗധരി ചോദിച്ചു. അംഗങ്ങള്‍ ഒട്ടും ഭയമില്ലാതെ ഇവരെ പിടികൂടി. എന്നാല്‍ ഉദ്യോഗസ്ഥര്‍ എവിടെ പോയിരിക്കുകയായിരുന്നുവെന്നും അധിര്‍ രഞ്ജൻ ചൗധരി ചോദിച്ചു. ബിജെപി എംപിയുടെ സഹായത്തോടെയാണ് പ്രതിഷേധക്കാർ പാർലമെന്റിനുള്ളിൽ കയറിയത്. പുതിയ പാർലമെന്റ് മന്ദിരത്തിൽ സുരക്ഷാ സംവിധാനങ്ങൾ കുറവെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ എംപി പറഞ്ഞു.