ലോക്സഭയിലെ സുരക്ഷാവീഴ്ച; പ്രതികൾ എത്തിയത് ബിജെപി എംപിയുടെ പാസ്സ് ഉപയോഗിച്ച്
ന്യൂഡൽഹി: പാർലിമെന്റ് ആക്രമണത്തിന്റെ ഇരുപത്തിരണ്ടാം വാർഷിക ദിനത്തിൽ ലോക്സഭയിൽ സുരക്ഷാവീഴ്ചയുണ്ടായ സംഭവത്തിൽ പിടികൂടിയത് സാഗർ ശർമ, മനോരഞ്ജൻ(35) എന്നീ യുവാക്കളെ. കർണാടക മൈസൂർ സ്വദേശിയാണ് മനോരഞ്ജൻ. കമ്പ്യൂട്ടർ എൻജിനിയറിംഗ് ബിരുദധാരിയാണ് ഇയാൾ. മൈസൂർ-കുടക് ബിജെപി എംപി പ്രതാപ് സിംഹയുടെ പാസ് ഉപയോഗിച്ചാണ് രണ്ട് പേർ അകത്ത് കടന്നതെന്നാണ് ലഭിക്കുന്ന വിവരം. സാഗർ ശർമ്മ എന്നയാളുടെ പേരിലാണ് പാസ് നൽകിയിരിക്കുന്നത് എന്നാണ് സൂചന.
ഏകാധിപത്യം തുലയട്ടെ എന്ന് മുദ്രാവാക്യം വിളിച്ചു പറഞ്ഞുകൊണ്ടാണ് ലോക്സഭയ്ക്കുള്ളിൽ അതിക്രമം നടത്തിയത്. മഞ്ഞ നിറമുള്ള പുക വരുന്ന സ്മോക് സ്പ്രേയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഈ സമയം സഭയിൽ ഉണ്ടായിരുന്നില്ല. "താനാ ഷാഹി നഹി ചലേഗി' എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം.
പാർലമെന്റിന്റെ അകത്തും പുറത്തുമായി കളർ സ്പ്രേ ഉപയോഗിച്ച സംഭവത്തിൽ ഒരു യുവതിയടക്കം നാലുപേരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇന്ന് ഉച്ചക്ക് 1.02ന് ശൂന്യവേളയിലാണ് വൻസുരക്ഷാ വീഴ്ചയുണ്ടായത്. സന്ദർശക ഗാലറിയിൽ നിന്ന് രണ്ടുപേർ എംപിമാർ ഇരിക്കുന്ന ഭാഗത്തേക്ക് എടുത്തുചാടുകയായിരുന്നു. ഇവർ സർക്കാർ വിരുദ്ധ മുദ്രാവാക്യം വിളിച്ചതായും ലോക്സഭയിലുള്ള എംപിമാർ പറഞ്ഞു. ഭാരത് മാതാ കീ ജയ്, ജയ് ഭീം മുദ്രാവാക്യം വിളിച്ചാണ് പാർലമെന്റ് മന്ദിരത്തിന് പുറത്ത് നിന്ന് പിടിയിലായവർ പ്രതിഷേധിച്ചതെന്നാണ് റിപ്പർട്ടുകൾ.