സുരക്ഷാ വീഴ്ച: ഓഡിറ്റോറിയം പരിപാടികൾക്കു നിയന്ത്രണം വന്നേക്കും
കൊച്ചി: കുസാറ്റിൽ ആൾക്കൂട്ടനിയന്ത്രണം പാളിയതിൽ ഗുരുതരവീഴ്ച തുറന്നുകാട്ടപ്പെട്ടതോടെ ഓഡിറ്റോറിയങ്ങളിലെ പ്രവർത്തനങ്ങളിൽ പൊതുമാർഗനിർദ്ദേശത്തിനാണ് സംസ്ഥാന സർക്കാർ നീക്കം. പൊലീസിനെ അറിയിക്കാതെ നടത്തിയ പരിപാടിയിൽ സംഘാടകരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് സർവ്വകലാശാലയും സമ്മതിക്കുന്നു.
അടച്ചിട്ട ഗേറ്റ് കടന്നെത്തുന്നത് പടുകുഴിയിലേക്ക്. ഇവിടെ സ്റ്റെപ്പുകളിലിരിക്കുകയായിരുന്നു കുട്ടികളിൽ ചിലർ. ചുരുങ്ങിയ സമയത്തിൽ പടിക്കെട്ടിലേക്ക് നിയന്ത്രണത്തിനപ്പുറം വിദ്യാർത്ഥികളുടെ ഒഴുക്ക് വർധിച്ചു. ഗേറ്റിന് പുറത്തുള്ളവർ ഇരുവശത്തെ കമ്പികൾ മറികടന്നും ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചു. ഗേറ്റിന് പുറത്ത് പിൻവാങ്ങാതെ ആൾക്കൂട്ടം. ഓഡിറ്റോറിയത്തിനുള്ളിലും ചിതറി ഓടാൻ പോലുമാകാതെ ബാരിക്കേഡുകൾ തട്ടി ആൾക്കൂട്ടം പിന്നെയും ഞെരുങ്ങി. തുടർന്നുണ്ടായ ഉന്തിലും തള്ളിലുമാണ് നാലു പേർക്കു ജീവൻ നഷ്ടമായത്. ആൾക്കൂട്ടം നിയന്ത്രിക്കാൻ പൊലീസ് ഉണ്ടായിരുന്നില്ല. കുസാറ്റ് അധികൃതരും സെക്യൂരിറ്റിയെ നിയോഗിച്ചില്ല. ഇതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.