ആളുമാറി യുവാവിനെ ജയിലിലടച്ച സംഭവത്തിൽ റിപ്പോര്‍ട്ട് തേടി എസ്. പി
മലപ്പുറം: ആളുമാറി യുവാവിനെ ജയിലിൽ അടച്ച സംഭവത്തിൽ സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയോട് ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വെളിയങ്കോട് സ്വദേശി ആലുങ്ങല്‍ അബൂബക്കറെയാണ് പോലീസ് ആളുമാറി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് യഥാര്‍ത്ഥ പ്രതി ഇയാളല്ലെന്ന് കണ്ട് കോടതി ഇയാളെ മോചിപ്പിച്ചത്. ഭർത്താവ് ജീവനാംശം നൽകുന്നില്ലെന്ന യുവതിയുടെ പരാതിയിലാണ് അബൂബക്കറിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കേപുറത്ത് അബൂബക്കർ എന്നയാളിന് പകരം ആലുങ്ങൽ അബൂബക്കറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.വടക്കേപുറത്ത് അബൂബക്കർ ഗാർഹിക പീഡന കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ്. ഇയാളാണെന്ന് കരുതിയാണ് ആലുങ്ങൽ അബൂബക്കറിനെ പൊലീസ് ജയിലിലടച്ചത്. ഇതെ തുടർന്ന് നാലു ദിവസം ആലുങ്ങൽ അബൂബക്കറിന് ജയിലിൽ കിടക്കേണ്ടി വരികയും ചെയ്തു. ഒടുവിൽ ബന്ധുക്കൾ പരാതിയുമായി കോടതിയെ സമീപിച്ചതോടെ അബൂബക്കർ ജയിൽ മോചിതനായി. സംഭവത്തിൽ പൊന്നാനി പൊലീസിന് വീഴ്ച പറ്റിയതായാണ് കണ്ടെത്തൽ. റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടർ നടപടികളിലേക്ക് കടന്നേക്കും.