വിമാനത്താവളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സ്ത്രീ വേഷത്തില്‍ തൂങ്ങിമരിച്ച നിലയില്‍
ദെഹ്റാദൂണ്‍: വിമാനത്താവളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ദെഹ്റാദൂണ്‍ വിമാനത്താവളത്തില്‍ ജോലിചെയ്യുന്ന എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനെയാണ് തിങ്കളാഴ്ച രാവിലെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിമാനത്താവളത്തിന് സമീപത്തെ താമസസ്ഥലത്ത് കിടപ്പുമുറിയിലാണ് ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ചത്. സ്ത്രീവേഷം ധരിച്ച് സീലിങ് ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. സ്ത്രീകള്‍ ധരിക്കുന്ന മാക്സിയും ഉള്‍വസ്ത്രങ്ങളും ഇദ്ദേഹം ധരിച്ചിരുന്നു. നെറ്റിയില്‍ പൊട്ട് തൊടുകയും കൈകളില്‍ വളകളും ഉണ്ടായിരുന്നു. ലിപ്സ്റ്റിക്കും ഉപയോഗിച്ചിരുന്നു.സംഭവസമയത്ത് ഉദ്യോഗസ്ഥനെ കൂടാതെ ബന്ധുക്കളായ രണ്ടുപേരാണ് വീട്ടിലുണ്ടായിരുന്നത്. ഉദ്യോഗസ്ഥന്റെ ഭാര്യ അധ്യാപികയാണ്. സംഭവസമയത്ത് ഇവര്‍ വീട്ടിലുണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രി ബന്ധുക്കളായ രണ്ടുപേര്‍ക്കൊപ്പം ഉദ്യോഗസ്ഥന്‍ പുറത്തുപോയിരുന്നു. തുടര്‍ന്ന് ഒരുമിച്ച് അത്താഴം കഴിച്ച് മടങ്ങിയെത്തിയശേഷം ഇദ്ദേഹം ഉറങ്ങാന്‍പോയി. രണ്ട് കിടപ്പുമുറികളുള്ള വീട്ടില്‍ ബന്ധുക്കളായ രണ്ടുപേരും ഒരുമുറിയിലാണ് കിടന്നത്. തിങ്കളാഴ്ച രാവിലെ സമീപത്തെ ഒരു തോട്ടത്തില്‍ പോകാനും ഇവര്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ബന്ധുക്കള്‍ രണ്ടുപേര്‍ എഴുന്നേറ്റെങ്കിലും ഉദ്യോഗസ്ഥനെ മുറിക്ക് പുറത്തേക്ക് കണ്ടില്ല. പലതവണ വിളിച്ചിട്ടും മുറിയില്‍നിന്ന് പ്രതികരണമുണ്ടായില്ല. ഇതോടെ ബന്ധുക്കള്‍ സമീപത്ത് താമസിക്കുന്ന മറ്റ് ഉദ്യോഗസ്ഥനെ വിവരമറിയിച്ചു. തുടര്‍ന്ന് ഇവരെത്തി വാതില്‍ തകര്‍ത്ത് അകത്തുകടന്നതോടെയാണ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.
സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥന്റെ മൊബൈല്‍ഫോണ്‍ കസ്റ്റഡിയിലെടുത്തതായും ഫോണിലെ വിവരങ്ങള്‍ പരിശോധിക്കുമെന്നും സിറ്റി പോലീസ് സൂപ്രണ്ട് മനോജ് കത്യാല്‍ മാധ്യമങ്ങളോട് പറഞ്ഞു.