അഗ്‌നിവീര്‍ പദ്ധതി സൈന്യത്തിന്റെ പ്രവര്‍ത്തനക്ഷമതയും പോരാട്ടവീര്യവും കുറയ്ക്കുമെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍
ന്യൂഡല്‍ഹി: സൈന്യത്തിലെ അഗ്‌നിപഥ് പദ്ധതിയെക്കുറിച്ച് വലിയ രാഷ്ട്രീയ വിവാദങ്ങളാണ് അരങ്ങേറുന്നത്. അഗ്‌നിവീറുകളെ കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിച്ചു വലിച്ചെറിയുകയാണെന്നും കൊല്ലപ്പെട്ട സൈനികന് നഷ്ടപരിഹാരമോ രക്തസാക്ഷി പദവിയോ നല്‍കിയില്ലെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ലോക്സഭയില്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് തന്നെ രംഗത്തുവരികയുണ്ടായി. രാഹുല്‍ കള്ളം പറയുകയാണെന്നും സൈനികരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്നുമായിരുന്നു രാജ്നാഥ് സിങ്ങിന്റെ വാദം. എന്നാല്‍, അഗ്‌നിവീര്‍ പദ്ധതിയെ കുറിച്ച് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ ശരിവച്ച് കൊല്ലപ്പെട്ട സൈനികന്റെ കുടുംബം രംഗത്തുവന്നതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി.
അഗ്‌നിവീര്‍ പദ്ധതി സൈന്യത്തിന്റെ പ്രവര്‍ത്തനക്ഷമതയും പോരാട്ടവീര്യവും കുറയ്ക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും വിമുക്ത ഭടന്‍മാരും. ആവശ്യമായ പരിചയസമ്പത്ത് ലഭിച്ച് ഒരു സൈനികന്‍ പൂര്‍ണതോതില്‍ യുദ്ധത്തിന് സജ്ജമാകാന്‍ ഏഴ് മുതല്‍ എട്ട് വര്‍ഷം വരെയടുക്കും. എന്നാല്‍, 2022 ജൂണില്‍ ആരംഭിച്ച അഗ്‌നിവീര്‍ പദ്ധതി പ്രകാരം ജോലി ലഭിച്ചവരില്‍ 75 ശതമാനം പേരും നാല് വര്‍ഷം കഴിഞ്ഞാല്‍ സൈന്യത്തില്‍നിന്ന് പിരിഞ്ഞുപോകണം. കൂടുതല്‍ സാങ്കേതിക വിദ്യകള്‍ ആവശ്യമായി വരുന്ന നേവിയെയും വ്യോമസേനയെയും അടക്കം ഇത് ഗുരുതരമായി ബാധിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ദ്രുതഗതിയിലുള്ള സാങ്കേതിക മുന്നേറ്റങ്ങള്‍ക്കൊപ്പം യുദ്ധത്തിന്റെ സ്വഭാവം തന്നെ മാറുകയാണ്. അഗ്‌നിവീറിലെ ഭൂരിഭാഗം പേരും നാല് വര്‍ഷം കഴിഞ്ഞാല്‍ പിരിഞ്ഞുപോകും. അവര്‍ക്ക് എന്തിനാണ് അത്യാധുനിക ആയുധ സംവിധാനങ്ങളെയും മിസൈലുകളെയും യന്ത്രങ്ങളെയും കുറിച്ച് പഠിപ്പിക്കാന്‍ സായുധന സേന സമയവും പണവും കളയുന്നത്' -ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
നിലവില്‍ യുദ്ധസന്നദ്ധരായ സൈനികരുടെ അഭാവം സൈന്യത്തിലുണ്ട്. ഓരോ വര്‍ഷവും ഏകദേശം 60,000 സൈനികരാണ് വിരമിക്കുന്നത്. എന്നാല്‍, 40,000 പേരെ മാത്രമാണ് അഗ്‌നിവീര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. ഉയര്‍ന്ന ശമ്പളം, പെന്‍ഷന്‍ തുക എന്നിവക്ക് വരുന്ന ചെലവ് കുറയ്ക്കുകയാണ് സര്‍ക്കാര്‍ അഗ്‌നിപഥ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നാല് വര്‍ഷം കഴിഞ്ഞ് നിലനിര്‍ത്തുന്ന അഗ്‌നിവീറുകളുടെ എണ്ണം 25 ശതമാനത്തില്‍നിന്ന് 60 ശതമാനം വരെയായി ഉയര്‍ത്തണമെന്നും സൈന്യം ആവശ്യപ്പെടുന്നുണ്ട്.
'പെന്‍ഷന്‍ ബില്‍ കുറയ്ക്കുകയാണ് അഗ്‌നിവീര്‍ പദ്ധതി കൊണ്ടുവരാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചത്. ഈ പദ്ധതി ഫലപ്രാപ്തി കുറയ്ക്കുമെന്ന വസ്തുത ദേശസുരക്ഷയെക്കുറിച്ച് ധാരണയുള്ളവര്‍ക്കെല്ലാം അറിയാം' -2021ല്‍ നേവി ചീഫായി വിരമിച്ച അഡ്മിറല്‍ കെ.ബി. സിങ് എക്‌സില്‍ കുറിച്ചു.'ദേശസുരക്ഷയില്‍നിന്ന് സാമ്പത്തിക ശാസ്ത്രം എപ്പോഴും അകലം പാലിക്കണം. പ്രവര്‍ത്തനക്ഷമത കുറയ്ക്കുമോ അതോ വര്‍ധിപ്പിക്കുമോ എന്നതാകണം എപ്പോഴും സൈന്യത്തില്‍ മാറ്റവും പരിഷ്‌കാരവും കൊണ്ടുവരേണ്ടതിന്റെ മാനദണ്ഡം' -മുന്‍ നേവി ചീഫ് അഡ്മിറല്‍ അരുണ്‍ പ്രകാശ് പറഞ്ഞു.
സാധാരണ സൈനികര്‍ക്ക് 11 മാസത്തെ പരിശീലനമാണ് നല്‍കിയിരുന്നത്. എന്നാല്‍, അഗ്‌നിവീറുകള്‍ക്ക് ആറ് മാസത്തെ അടിസ്ഥാന പരിശീലനം മാത്രമാണ് ലഭിക്കുന്നത്.പത്ത് ശതമാനം പേരെ മാത്രമേ ഹ്രസ്വകാല സേവനത്തിനായി സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യാവൂവെന്ന് സൈന്യം നിര്‍ദേശിച്ചിരുന്നതായി മുന്‍ ആര്‍മി ചീഫ് ജനറല്‍ എം.എം. നരവന്‍സ് പറഞ്ഞു. എന്നാല്‍, 100 ശതമാനം പേരെയും ഹ്രസ്വകാലത്തേക്ക് റിക്രൂട്ട് ചെയ്യണമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസ് നിര്‍ദേശിച്ചത്. റിക്രൂട്ട് ചെയ്ത 75 ശതമാനം പേരെയും നിലനിര്‍ത്തണമെന്ന് പിന്നീട് സൈന്യം ആവശ്യപ്പെട്ടെങ്കിലും അതും അംഗീകരിച്ചില്ല.
അഗ്‌നിപഥ് പദ്ധതി ഇതിനകം തന്നെ വിവിധ ബറ്റാലിയനുകളുടെ സുപ്രധാനമായ ഐക്യത്തിലും സൗഹൃദത്തിലും ഉത്സാഹത്തിലും വിള്ളലുകള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 'ഇപ്പോള്‍ രണ്ട് തരം സൈനികരുണ്ട്. അഗ്‌നിവീറുകളും കൂടാതെ വാര്‍ഷിക അവധിയും ഉയര്‍ന്ന സാലറിയും പെന്‍ഷനുമുള്ള സാധാരണ സൈനികരും. സാധാരണ സൈനികനായി നിലനിര്‍ത്താനുള്ള യോഗ്യതക്കായി അഗ്‌നിവീറുകള്‍ക്കിടയില്‍ അനാരോഗ്യകരാമയ മത്സരങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഭരണഘടന 100 തവണ മാറ്റാമെങ്കില്‍, അഗ്‌നിപഥില്‍ എന്തുകൊണ്ട് മാറ്റം വരുത്തിക്കൂട'-അദ്ദേഹം ചോദിച്ചു.