Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഇലക്റ്ററൽ ബോണ്ടിലെ ഇരട്ടത്താപ്പിന്
സുപ്രീം കോടതിയുടെ തിരിച്ചടി

11:41 AM Mar 18, 2024 IST | Veekshanam
Advertisement

ഒരുവശത്ത് ചില്ലിക്കാശിനു കോടികളുടെ പെനാൽറ്റി. മറുവശത്ത് സഹസ്രകോടികൾ വച്ചുള്ള ഒളിച്ചു കളി. അന്വേഷണ ഏജൻസികളെയും ധനാകാര്യ സ്ഥാപനങ്ങളെയും മുൻനിർത്തി ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തുന്ന ഇരട്ടത്താപ്പിനു താൽക്കാലികമായെങ്കിലും തിരിച്ചടി നൽകിയിരിക്കയാണ് രാജ്യത്തെ പരമോന്നത നീതിപീഠം. അഞ്ചുവർഷം മുൻപ് ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ 45 ദിവസം വൈകിയെന്ന് ആരോപിച്ച് ലോക്‌സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ കോൺഗ്രസ്‌ അക്കൗണ്ടുകളിലെ പണം മരവിപ്പിച്ച് ആദായ നികുതി വകുപ്പ് മോദിയുടെ പാ​ദസേവ നടത്തി. തൊട്ടുപിന്നാലെ വൻകിട കോർപ്പറേറ്റുകളിൽനിന്ന് ബിജെപി സമാഹരിച്ച കോടികളുടെ കണക്ക് ഒളിച്ചു വയ്ക്കാൻ രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ കള്ളക്കളി കൈയോടെ പിടികൂടി പൊളിച്ചടുക്കിയ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ നടപടി സാമ്പത്തിക വിദ​ഗ്ധരെല്ലാം വാഴ്ത്തുകയാണ്.
ദേശീയ പാർലമെന്റ് തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ, പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺ​ഗ്രസിനെ മുച്ചൂടും തകർത്ത് പാപ്പരാക്കി, കള്ളപ്പണത്തിന്റെയും ഉറവിടം വെളിപ്പെടുത്താത്ത വരുമാന സ്രോതസുകളുടെയും മറവിൽ പണാധിപത്യത്തിലൂടെ പരമാധികാരം കൈയാളാനുള്ള നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും ഇരട്ടത്താപ്പിനുള്ള പ്രഹരമാണു കഴിഞ്ഞ ദിവസം സുപ്രീം കോടതി വിധിച്ച ഇലക്റ്ററൽ ബോണ്ടിനെതിരായ സുപ്രധാന വിധി.

Advertisement

*ബിജെപിയുടെ ചാകര ഇലക്റ്ററൽ ബോണ്ട്

ഉറവിടം വെളിപ്പെടുത്താതെ രാഷ്ട്രീയ കക്ഷികൾക്കു ബാങ്ക് ബോണ്ടുകൾ വഴി നൽകുന്ന സംഭാവനയാണ് ഇലക്റ്ററൽ ബോണ്ട്. സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കോർപ്പറേറ്റുകൾക്കും ഇലക്റ്ററൽ ബോണ്ടുകൾ വഴി സംഭാവനകൾ നല്കാനാവും. 1000, 10,000, ലക്ഷം, പത്ത് ലക്ഷം, കോടി എന്നിങ്ങനെയും അതിന്റെ ​ഗുണിതങ്ങളുമാണ് ഇലക്ടറൽ ബോണ്ടുകൾ. അത് ആർക്ക് എത്ര വേണമെങ്കിലും വാങ്ങാം, ആർക്കും സംഭാവന ചെയ്യാം. ആരു വാങ്ങിയെന്നോ ആർക്കു നൽകിയെന്നോ വെളിപ്പെടുത്തേണ്ട ബാധ്യത ബാങ്കിനില്ലെന്നായിരുന്നു എസ്ബിഐയുടെ വാദം. ഇതാണു സുപ്രീം കോടതി തള്ളിയത്.
ഈ പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് പരമോന്നത കോടതിയുടെ അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായാണു വിധിയെഴുതിയത്.
രാഷ്‌ട്രീയ പാർട്ടികൾക്ക് ആരൊക്കെ ഫണ്ട് നൽകുന്നുവെന്ന് അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. അതു തടയുന്നതു വിവരങ്ങൾ അറിയാനുള്ള അവകാശത്തിൻറെ ലംഘനമാണ്. രാഷ്‌ട്രീയ പാർട്ടികൾക്കു സാമ്പത്തിക സഹായം നൽകുന്നവർ തിരിച്ചും സഹായം പ്രതീക്ഷിക്കും. രഹസ്യമായി സംഭാവനകൾ നൽകുന്നവർക്കു പാർട്ടികളിൽ സ്വാധീനം കൂടുമ്പോൾ തെരഞ്ഞെടുപ്പു പ്രക്രിയയെയും അതു ബാധിക്കും- കോടതി ഉത്തരവിൻറെ സാരാംശം ഇതാണ്.
ഇലക്റ്ററൽ ബോണ്ട് വഴി ഏറ്റവുമധികം പണം സ്വരൂപിച്ച പാർട്ടി ബിജെപിയാണ്. 2018 മുതൽ ഇതുവരെ 16,000 കോടിയിലേറെ രൂപ രാഷ്‌ട്രീയ പാർട്ടികൾക്ക് ഇലക്റ്ററൽ ബോണ്ടുകൾ വഴി ലഭിച്ചിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. ഇതിൽ 57 ശതമാനവും ബിജെപിക്കാണു കിട്ടിയത്. 2022 മാർച്ച് വരെ ഇലക്റ്ററൽ ബോണ്ടുകൾ വഴിയുള്ള മൊത്തം സംഭാവന 12,000 കോടിയിലേറെ രൂപയായിരുന്നു. അതിൽ 6,565 കോടിയാണു ബിജെപിക്കു ലഭിച്ചത്. ബിജെപിയുടെ മൊത്ത വരുമാനത്തിൽ 90 ശതമാനവും ഇലക്റ്ററൽ ബോണ്ടുകൾ വഴി ലഭിക്കുന്നതാണ്. സംസ്ഥാനങ്ങളിൽ അധികാരത്തിലിരിക്കുന്ന ചില പ്രാദേശിക കക്ഷികളുടെ ഫ‍ണ്ടിൽ 80 ശതമാനത്തിലേറെയും ഈ മാർഗത്തിലുള്ളത്.
തെരഞ്ഞെടുപ്പു കമ്മിഷൻറെ കണക്കനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വർഷം (2022-23) ബിജെപിയുടെ മൊത്തം വരുമാനം 2,360 കോടി രൂപയാണ്. അതിൽ 1,300 കോടിയോളം രൂപ ഇലക്റ്ററൽ ബോണ്ടുകൾ വഴിയുള്ളത്. ഇത് ഔദ്യോ​ഗിക കണക്ക്. ഇതിന്റെ അഞ്ചിരട്ടിയെങ്കിലും ബിജെപിയുടെ കൈവശമുണ്ടെന്നാണ് കരുതുന്നത്.
അതേസമയം, കോൺഗ്രസിൻറെ വരുമാനം 452 കോടി രൂപ മാത്രം. അതിൽ ഇലക്റ്ററൽ ബോണ്ടുകൾ വഴി ലഭിച്ചത് 171 കോടി രൂപ. തൃണമുൽ കോൺഗ്രസിന് 325 കോടിയും ബിആർഎസിന് 529 കോടിയും ഡിഎംകെയ്ക്ക് 185 കോടിയും ബിജു ജനതാ ദളിന് 152 കോടിയും തെലുങ്കുദേശത്തിന് 34 കോടിയും കഴിഞ്ഞ സാമ്പത്തിക വർഷം ഇലക്റ്ററൽ ബോണ്ടുകൾ വഴി ലഭിച്ചെന്നും കണക്കാക്കപ്പെടുന്നു.

കോൺ​ഗ്രസിന്റെ വരുമാനം ക്രൗഡ് ഫണ്ടിം​ഗ്

പൊതുജനങ്ങളിൽ നിന്നു സ്വീകരിക്കുന്ന ചെറിയ സംഭാവനയാണ് ക്രൗഡ് ഫണ്ടിം​ഗ് എന്നറിയപ്പെടുന്നത്. മഹാഭൂരിപക്ഷത്തിന്റെയും കൈയിൽ നിന്ന് 2000 രൂപയിൽ താഴെയുള്ള തുകയാണു കോൺ​ഗ്രസ് സംഭാവനയായി സ്വീകരിക്കുന്നതെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണു​ഗോപാലും ട്രഷറാർ അജയ് മാക്കനും പറയുന്നു. അതിൽ നിന്ന് അഞ്ച് കൊല്ലം മുമ്പ് ആദായ നികുതി റിട്ടേൺ അടയ്ക്കാൻ വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ട്മുൻപ് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്. 210 കോടി പിഴയും ചുമത്തി. അറിയിപ്പ് പോലും നൽകാതെയാണ് കോൺഗ്രസിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചത്. ചെക്കുകൾ ബാങ്കുകൾ സ്വീകരിക്കാതെ വന്നതോടെയാണ് അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചതായി കോൺഗ്രസ് തിരിച്ചറിഞ്ഞത്. കോൺഗ്രസിൻറെയും യൂത്ത് കോൺഗ്രസിൻറെയും എൻഎസ്‌യുഐയുടെയും നാല് അക്കൗണ്ടുകൾ മരവിപ്പിച്ചു. കോൺഗ്രസ് ക്രൗഡ് ഫണ്ടിങ്ങിലൂടെയും മെമ്പർഷിപ്പിലൂടെയും സമാഹരിച്ച പണമായിരുന്നു അക്കൗണ്ടുകളിലുണ്ടായിരുന്നത്. അതിൽ നിന്ന് 65.89 കോ‌ടി രൂപ കേന്ദ്ര സർക്കാർ കൊള്ളയടിച്ചു.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് നടന്ന 2018-19 വർഷം ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ 45 ദിവസം വൈകിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇൻകംടാക്സ് ഡിപ്പാർട്മെന്റിന്റെ ഈ വിചിത്രമായ നടപടി. 2018 ഡിസംബർ 31 ന് സമർപ്പിക്കേണ്ടിയിരുന്ന റിട്ടേൺ നൽകിയത് 2019 ഫെബ്രുവരിയിൽ. തെരഞ്ഞെടുപ്പ് കമ്മിശഷന്റെ പക്കൽപ്പോലുമുള്ള നിക്ഷേപത്തിന് എന്ത് കണക്കാണ് ബിജെപി ആദായ നികുതി വകുപ്പിനു കൈമാറിയതെന്നു വ്യക്തമല്ല. അതേ സമയം, തെരഞ്ഞെടുപ്പ് വേളയിൽ കോൺ​ഗ്രസിനു പ്രവർത്തിക്കാൻ ചില്ലിക്കശില്ലാത്ത അവസ്ഥയിലെത്തിച്ചു. രാഷ്‌ട്രീയവിരുദ്ധ സാമ്പത്തിക ഭീകരതയെന്നാണ് ഈ സംഭവത്തെ കെ.സി. വേണു​ഗോപാൽ വിശേഷിപ്പിച്ചത്. കോൺ​ഗ്രസ് ഭരണകാലത്ത് ഒരു പ്രതിപക്ഷ കക്ഷിക്കു നേരേയും പ്രയോ​ഗിക്കാത്ത കൊടും ഘഡ്​ഗം. ജനാധിപത്യം ഇന്ത്യയിൽ പൂർണ്ണമായി നിലച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വൈദ്യുതി ബില്ലടക്കാനും ജീവനക്കാർക്ക് ശമ്പളം നൽകാനും ഉൾപ്പെടെ പാർട്ടിയുടെ എല്ലാ പ്രവർത്തനങ്ങളേയും ഇത് ബാധിക്കുമെന്നും ന്യായ്‌ യാത്ര മാത്രമല്ല, എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളെയും ഇത് ബാധിച്ചു.

ഇലക്റ്ററൽ ബോണ്ടിൽ ബിജെപിക്കു തിരിച്ചടി

ബോണ്ട് വിതരണം നിർത്തിവയ്ക്കാനും ഇതുവരെയുള്ള മുഴുവൻ ബോണ്ട് വിവരങ്ങളും തെരഞ്ഞെടുപ്പു കമ്മിഷനു നൽകാനും എസ്ബിഐയോട് കോടതി നിർദേശിച്ചിട്ടുണ്ട്. ഈ വിവരങ്ങൾ തെരഞ്ഞെടുപ്പു കമ്മിഷൻ പരസ്യപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെടുന്നു. വരുമാനസ്രോതസ് വെളിപ്പെടുത്താതിരിക്കാനുള്ള ബിജെപി തന്ത്രത്തിനും അതിന് എസ്ബിഐ നടത്തിയ ​ഗൂഢ നീക്കത്തിനുമാണ് സുപ്രീം കോടതി തടയിട്ടത്. പ്രതിപക്ഷ കക്ഷികളുടെ ചിറകരിഞ്ഞു പ്രവർത്തനം തടസപ്പെടുത്തിയും തെരഞ്ഞെടുപ്പ് കമ്മിഷന്റെ സുതാര്യത തകർത്ത് പാർശ്വവർത്തികളെ പ്രതിഷ്ഠിച്ചും ഭൂരിപക്ഷ മത പ്രീണനത്തിലൂടെ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി വോട്ട് ബാങ്ക് പുഷ്ടിപ്പെടുത്തിയുമൊക്കെ ജനവിധി വിലയ്ക്കെടുക്കാനാണ് ബിജെപിയുടെ ശ്രമം. അതിനു തടയിടാനുള്ള അതിശക്തമായ നീക്കം കൂടിയാണ് സുപ്രീം കോടതിയുടെ വിധി. കൂച്ചു വിലങ്ങു പ്രതീക്ഷിച്ചു ഭയന്നിരിക്കുന്ന ഭരണഘടനാ സംവിധാനങ്ങൾക്ക് പ്രതീക്ഷ നൽകുന്നതുകൂടിയാണ് ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി.

Tags :
Politics
Advertisement
Next Article