അര്‍ജുനെ തേടി ഏഴാം നാള്‍: ശക്തമായ മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി
ഷിരൂര്‍: കര്‍ണാടകയിലെ അങ്കോലയില്‍ മണ്ണിടിച്ചിലില്‍ പെട്ട് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഏഴാം ദിവസത്തിലേക്ക് കടന്നു. പ്രദേശത്ത് പെയ്യുന്ന ശക്തമായ മഴ രക്ഷാപ്രവര്‍ത്തനത്ത് കടുത്ത വെല്ലുവിളിയാണ്.
ഞായറാഴ്ച മുതല്‍ സൈന്യത്തിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. സമീപത്തെ ഗംഗാവാലി പുഴയില്‍ നടത്തുന്ന തിരച്ചിലിനൊപ്പം കരയില്‍ ശേഷിക്കുന്ന മണ്ണ് കൂടി നീക്കി പരിശോധിക്കാനാണ് നീക്കം.
ദേശീയപാതയിലെ 98 ശതമാനം മണ്ണ് നീക്കിയിട്ടും ലോറി കണ്ടെത്താനായില്ലെന്ന് ഞായറാഴ്ച കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ശേഷിക്കുന്ന ഭാഗത്ത് ലോറി ഉണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ വാദം. തുടര്‍ന്നാണ് തിരച്ചില്‍ മണ്ണ് ഒഴുകി പോകുന്ന സമീപത്തെ പുഴയിലേക്ക് മാറ്റിയത്. കരയില്‍ ശേഷിക്കുന്ന മണ്‍കൂന നീക്കിയാല്‍ കൂടുതല്‍ മണ്ണിടിച്ചിലിന് കാരണമാകുമെന്നതിനാല്‍ അവിടെ തിരയേണ്ടതില്ല എന്നായിരുന്നു തീരുമാനമെങ്കിലും ഇന്ന് അവിടെ കൂടി പരിശോധിക്കാനാണ് നീക്കം.
നേരത്തെ, ജി.പി.എസ് സിഗ്‌നല്‍ ട്രാക്ക് ചെയ്ത സ്ഥാനത്ത് ലോറിയില്ലെന്നും കര്‍ണാടക വ്യക്തമാക്കിയിരുന്നു. സൈന്യം ഇന്ന് ഡീപ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടര്‍ കൊണ്ടുവന്നാണ് പരിശോധന നടത്തുക.രക്ഷാപ്രവര്‍ത്തനത്തിന്റെ ആറാം ദിവസത്തിലാണ് മേജര്‍ അഭിഷേകിന്റെ നേതൃത്വത്തില്‍ 40 അംഗ സംഘമെത്തിയത്. പിന്നാലെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സ്ഥലത്തെത്തി. അപകടം നടന്ന് ആറാമത്തെ ദിവസമാണ് മുഖ്യമന്ത്രി ദുരന്ത സ്ഥലത്ത് എത്തുന്നത്.
വന്‍തോതില്‍ മണ്ണിടിഞ്ഞ് കിടക്കുന്ന മേഖലയില്‍ റഡാര്‍ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും ലോറിയുണ്ടെന്ന് സ്ഥിരീകരിക്കുന്ന കൃത്യമായ സിഗ്‌നലുകള്‍ ലഭിച്ചിരുന്നില്ല. റഡാര്‍ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിലില്‍ ലഭിച്ച സിഗ്‌നലുകളുടെ ഭാഗത്താണ് ഞായറാഴ്ച രക്ഷാപ്രവര്‍ത്തനം നടത്തിയതെങ്കിലും ഫലമുണ്ടായില്ല. ഏകദേശം ഹൈവേയുടെ മധ്യഭാഗത്തായി അടിഞ്ഞുകൂടിയ മണ്‍കൂനയിലാണ് യന്ത്രഭാഗത്തിന്റേതെന്ന് കരുതാവുന്ന സിഗ്‌നല്‍ ലഭിച്ചത്. സിഗ്‌നല്‍ ലഭിച്ച സ്ഥലത്ത് ട്രക്ക് കണ്ടെത്താനായില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. കുന്നിടിഞ്ഞ് ആറു മീറ്ററോളം ഉയരത്തില്‍ ഹൈവേയില്‍ മണ്‍കൂന രൂപപ്പെട്ടിരുന്നു. നീക്കുന്തോറും മണ്ണിടിയുന്നത് രക്ഷാദൗത്യത്തിന് വെല്ലുവിളിയാണ്.
കഴിഞ്ഞ 16നാണ് അങ്കോലയില്‍ മണ്ണിടിച്ചിലുണ്ടായത്. ഡ്രൈവര്‍മാര്‍ ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും ലോറി നിര്‍ത്തുന്ന മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ 12 പേരാണ് മരിച്ചത്.