'മുറിയിലേക്ക് ക്ഷണിച്ചു, ഫോണിൽ ശല്യപ്പെടുത്തി', കൊല്ലം എംഎൽഎ മുകേഷനെതിരെ ലൈംഗികാരോപണം
കൊച്ചി: നടനും സിപിഎം എംഎല്‍എയുമായ മുകേഷിനെതിരേ വീണ്ടും മീ ടൂ ആരോപണവുമായി കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫ്. പല തവണ ഫോണില്‍ വിളിച്ച് മുറിയിലേക്ക് വരാന്‍ നിര്‍ബന്ധിച്ചെന്നാണ് ആരോപണം.
നിയമം അധികാരമുള്ളവര്‍ക്ക് വേണ്ടിയാണെന്നും സ്ഥിതി മെച്ചപ്പെടുമെന്ന് എങ്ങനെ കരുതാനാകുമെന്നും അവര്‍ ഇന്‍സ്റ്റഗ്രാമിൽ കുറിച്ചു. എവിടെയാണ് നീതിയെന്നും പോസ്റ്റിൽ അവർ ചോദിക്കുന്നുണ്ട്. മുകേഷിന്റെ ചിത്രം ഉള്‍പ്പടെ പങ്കുവച്ചുകൊണ്ടാണ് പോസ്റ്റ്.
2018-ലാണ് മുകേഷിനെതിരേ അന്ന് ട്വിറ്ററായിരുന്ന എക്സ് പ്ലാറ്റ്ഫോമിലൂടെ ടെസ് ജോസഫ് ആരോപണം ഉന്നയിച്ചത്. ടെലിവിഷന്‍ പരിപാടിക്കായി ചെന്നൈയിലെ ഹോട്ടലിൽ താമസിക്കുമ്പോൾ, അവതാരകനായ മുകേഷ് രാത്രി നിരന്തരം വിളിച്ചു ശല്യപ്പെടുത്തിയെന്നായിരുന്നു ആരോപണം.
20 വയസാണ് തന്റെ അന്നത്തെ പ്രായം. ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയിട്ടും വഴങ്ങാതെ വന്നതോടെ തന്റെ റൂം മുകേഷിന്റെ റൂമിനടുത്തേക്ക് മാറ്റി. ഇതില്‍ നിന്നും തന്നെ രക്ഷിച്ചത് തന്റെ ബോസും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ ഡെറിക് ഒബ്രിയാന് ആയിരുന്നു.
രാത്രി തുടര്‍ച്ചയായി ഫോണ്‍ കോളുകള്‍ വന്നതോടെ തന്റെ സഹപ്രവര്‍ത്തകരില്‍ ഒരാളുടെ റൂമില്‍ താമസിക്കേണ്ടതായി വന്നിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തിയിരുന്നു.