ലൈംഗിക ആരോപണം; ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനം രഞ്ജിത്ത് രാജിവച്ചു
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനം രാജിവെച്ച് സംവിധായകൻ രഞ്ജിത്ത്. ഇന്ന് രാവിലെയാണ് സർക്കാരിന് രാജിക്കത്ത് കൈമാറിയത്.
അപമര്യാദമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തെ തുടര്‍ന്നാണ് രാജി. ആരോപണം ഉയർന്നതിന് പിന്നാലെ രഞ്ജിത്തിനെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്കാരിക മന്ത്രി സജി ചെറിയാൻ അടക്കമുള്ളവർ സ്വീകരിച്ചത്. എന്നാൽ ഇതിന് പിന്നാലെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ശക്തമായിരുന്നു.
ചലചിത്ര അക്കാദമി അധ്യക്ഷസ്ഥാനത്തുനിന്ന് രഞ്ജിത്ത് രാജിവെക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപിയും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു. രഞ്ജിത്ത് രാജിവച്ചില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്ന് യൂത്ത് കോൺഗ്രസും മുന്നറിയിപ്പ് നൽകിയിരുന്നു.