ലൈംഗിക അതിക്രമക്കേസ്; പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്
ന്യൂഡൽഹി: ലൈംഗികാതിക്രമ കേസിൽ ജെഡിഎസ് നേതാവ് പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്. ലൈംഗികാതിക്രമ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. ഹാസനിലെ എൻഡിഎ സ്ഥാനാർത്ഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമാണ് പ്രജ്ജ്വൽ രേവണ്ണ. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനാൽ, പ്രജ്ജ്വൽ രാജ്യത്ത് പ്രവേശിച്ച് ഇമിഗ്രേഷൻ പോയിൻ്റുകളിൽ റിപ്പോർട്ട് ചെയ്താലുടൻ കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് സൂചന. ഏപ്രിൽ 28ന് ഹോളനർസിപൂർ ടൗൺ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രജ്ജ്വലും പിതാവ് എച്ച് ഡി രേവണ്ണയും പ്രതികളാണ്. എന്നാൽ, കേസെടുക്കുന്നതിനു മുൻപേ രാജ്യം വിട്ട പ്രജ്ജ്വൽ ഇപ്പോൾ ജർമ്മനിയിലാണെന്നാണ് റിപ്പോർട്ട്. പ്രജ്ജ്വലിൻ്റെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു.
സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക് മെയിലിന് വിധേയരാക്കിയെന്നാണ് പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരായ കേസ്. കേസിൽ പ്രജ്ജ്വൽ രേവണ്ണയ്ക്കും പിതാവ് എച്ച് ഡി രേവണ്ണയ്ക്കും പ്രത്യേകാന്വേഷണസംഘം സമൻസയച്ചിരുന്നു. എത്രയും പെട്ടെന്ന് നേരിട്ട് ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നത്. പ്രജ്ജ്വലിനെ കഴിഞ്ഞ ദിവസം ജെഡിഎസ് സസ്‌പെൻഡ് ചെയ്തിരുന്നു. പാർട്ടിയുടെ കോർ കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പീഡന ദൃശ്യങ്ങളിൽ ചിലത് രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് മുമ്പ് പുറത്ത് വന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. തിരഞ്ഞെടുപ്പ് രംഗത്ത് കർണാടകയിൽ കോൺഗ്രസിന്റെ പ്രധാന പ്രചാരണ ആയുധവുമായിരുന്നു പ്രജ്ജ്വലിൻ്റെ വീഡിയോ വിവാദം.