ലൈംഗികാരോപണം; നടി രേവതി സമ്പത്തിനെതിരെ പരാതി നൽകി സിദ്ദിഖ്
കൊച്ചി: ലൈംഗികാരോപണം ഉന്നയിച്ച നടി രേവതി സാമ്പത്തിനെതിരെ പരാതി നൽകി സിദ്ദിഖ്. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നിൽ പ്രത്യേക അജണ്ട ഉണ്ടെന്നും ഇത് അന്വേഷിക്കണമെന്നുമാണ് ഡിജിപിയ്ക്ക് നൽകിയ പരാതിയിൽ സിദ്ദിഖ് പറയുന്നത്. വ്യത്യസ്ത സമയങ്ങളിലാണ് രേവതി സമ്പത്ത് ആരോപണം ഉന്നയിക്കുന്നത്. ബലാത്സംഗ ആരോപണം ഉന്നയിച്ചത് ഇപ്പോൾ മാത്രമാണ്. ആരോപണൾക്ക് പിന്നിൽ നിക്ഷിപ്‌ത താത്പര്യമാണെന്നും പരാതിയിൽ സിദ്ദിഖ് ആരോപിച്ചു.
രേവതി സമ്പത്തിന്റെ പരാതിയിൽ പറയുന്നത് ഇങ്ങനെയാണ്, 'പ്ലസ് ടു കഴിഞ്ഞിരിക്കുമ്പോഴാണ് ഇദ്ദേഹം സമൂഹമാധ്യമം വഴി ബന്ധപ്പെടുന്നത്. നിള തീയേറ്ററില്‍ 'സുഖമായിരിക്കട്ടെ'യെന്ന സിനിമയുടെ പ്രിവ്യൂ ഉണ്ടായിരുന്നു. പ്രിവ്യൂ കണ്ടതിന് ശേഷം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചപ്പോഴാണ് പോകുന്നത്. അവിടെ പോകുന്നത് വരെ മോളേയെന്നായിരുന്നു വിളിച്ചത്. എന്നാല്‍ ഈ മോളെ വിളി ഇങ്ങനൊരു അപ്രോച്ചായിരിക്കുമെന്ന് വിചാരിക്കുന്നില്ല. അങ്ങനൊരു സിനിമ നിലനില്‍ക്കുന്നില്ലെന്ന് പിന്നീടാണ് മനസിലാക്കുന്നത്. അവിടെ വെച്ചാണ് അദ്ദേഹം എന്നെ സെക്ഷ്വലി അബ്യൂസ് ചെയ്യുന്നത്,'
2019ല്‍ തനിക്ക് നേരിട്ട അനുഭവങ്ങൾ തുറന്നു പറഞ്ഞതാണെന്ന് രേവതി പറഞ്ഞിരുന്നു. അതിനു പിന്നാലെ സിനിമയിൽ നിന്ന് മാറ്റിനിർത്തിയതായും രേവതി പറഞ്ഞിരുന്നു. തന്റെ സമ്മതമില്ലാതെയാണ് ഉപദ്രവിച്ചതെന്നും സിദ്ദിഖ് പറയുന്നതെല്ലാം കള്ളമാണെന്നും താനടക്കമുള്ള എല്ലാ അതിജീവിതമാരോടും ചെയ്തിരിക്കുന്നത് ബലാത്സംഗമാണെന്നും രേവതി കൂട്ടിച്ചേർത്തു.