ലൈംഗികാതിക്രമം: സംവിധായകന് രഞ്ജിത്തിനെ ചോദ്യംചെയ്തു
കൊച്ചി: ലൈംഗികാതിക്രമം സംബന്ധിച്ച് ബംഗാളി നടിയുടെ പരാതിയില്‍ സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ചോദ്യംചെയ്തു. എറണാകുളം മറൈന്‍ഡ്രൈവിലെ തീരദേശ ഐ.ജിയുടെ ഓഫിസില്‍ നടന്ന ചോദ്യംചെയ്യല്‍ രണ്ടര മണിക്കൂറോളം നീണ്ടു. എ.ഐ.ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ നടന്ന ചോദ്യംചെയ്യലില്‍ പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈ.എസ്.പിമാരടക്കം പങ്കെടുത്തു.
വ്യാഴാഴ്ച രാവിലെ 11ഓടെയാണ് രഞ്ജിത്ത് ചോദ്യംചെയ്യലിന് ഹാജരായത്. 'പാലേരി മാണിക്യ'ത്തില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയ തനിക്കുനേരെ ചിത്രത്തിന്റെ സംവിധായകനായ രഞ്ജിത്ത് കൊച്ചിയിലെ ഫ്ലാറ്റില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഈ കേസില്‍ ചുമത്തിയ കുറ്റങ്ങള്‍ ജാമ്യം ലഭിക്കുന്നതാണെന്ന് പ്രോസിക്യൂഷന് അറിയിച്ചതിനെത്തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തീര്‍പ്പാക്കിയിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനംചെയ്ത് ബംഗളൂരുവില്‍ വെച്ച് പീഡിപ്പിച്ചെന്ന പരാതിയുമായി കോഴിക്കോട് സ്വദേശിയായ യുവാവും രംഗത്തെത്തിയിരുന്നു. ഈ കേസില്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ല കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.
അന്വേഷണ സംഘം വിളിച്ചിട്ടാണ് വന്നതെന്ന് മാത്രമാണ് രഞ്ജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്. ചോദ്യംചെയ്യല്‍ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴും പ്രതികരിക്കാന്‍ തയാറായില്ല. പരാതിക്കാരുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായാല്‍ കുറ്റാരോപിതരെ ചോദ്യംചെയ്തു തുടങ്ങുമെന്ന് പ്രത്യേക അന്വേഷണ സംഘം നേരത്തേ അറിയിച്ചിരുന്നു.