For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

എസ്എഫ്‌ഐ നിയന്ത്രിത കോളേജുകള്‍ ക്രിമിനല്‍ സംഘങ്ങളുടെ താവളം: കെ.സി വേണുഗോപാൽ

സിദ്ധാർത്ഥിന്റെ കുടുംബത്തെ വേണുഗോപാൽ സന്ദർശിച്ചു
04:38 PM Mar 01, 2024 IST | Online Desk
എസ്എഫ്‌ഐ നിയന്ത്രിത കോളേജുകള്‍ ക്രിമിനല്‍ സംഘങ്ങളുടെ താവളം  കെ സി വേണുഗോപാൽ
Advertisement

തിരുവനന്തപുരം: എസ്എഫ്‌ഐ നിയന്ത്രിത കോളേജുകള്‍ ക്രിമിനല്‍ സംഘങ്ങളുടെ താവളവും ഹോസ്റ്റലുകള്‍ പാര്‍ട്ടി ഗ്രാമങ്ങളും ആക്കിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.  എസ്എഫ്ഐയുടെ  മര്‍ദ്ദനത്തെ തുടര്‍ന്ന് ജീവനൊടുക്കേണ്ടി വന്ന പൂക്കോട്  വെറ്ററിനറി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ രക്ഷിതാക്കളെ നെടുമങ്ങാട് എത്തി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ഉത്തരേന്ത്യയിലേതിന് സമാനമായ  ആള്‍ക്കൂട്ട അക്രമണത്തിന്റെ ഇരയാണ് സിദ്ധാര്‍ത്ഥിന്റെയും കൊലപാതകം. മൂന്ന് ദിവസം വെള്ളം പോലും നല്‍കാതെ ആയുധങ്ങള്‍ ഉപയോഗിച്ച് മൃഗീയമായും മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്ത നിലയില്‍ സിദ്ധാര്‍ത്ഥിനെ കണ്ടത്. എസ്എഫ്ഐയില്‍ ചേര്‍ക്കാനുള്ള നിര്‍ബന്ധം ആദ്യമുതല്‍ ഉണ്ടായിരുന്നതായി സിദ്ധാര്‍ത്ഥിന്റെ പിതാവ് പറയുന്നു. പഠിക്കാന്‍ മിടുക്കാനായ സിദ്ധാര്‍ത്ഥിനെ എസ്എഫ്ഐയുടെ ഭാഗമാക്കാന്‍ കഴിയുന്നില്ലെന്ന സാഹചര്യത്തിലാണ് സിദ്ധാര്‍ത്ഥിന്റെ പൈശാചിക കൊലപാതകത്തിലേക്ക്  വഴിതെളിച്ചത്- അദ്ദേഹം പറഞ്ഞു.
കാമ്പസുകളില്‍ റാഗിങ് നിയമം മൂലം  നിരോധിച്ചിട്ടുണ്ട്. എസ്എഫ് ഐ ക്യാമ്പസുകളെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളെപ്പോലെ ആള്‍ക്കൂട്ട അക്രമത്തിന്റെ വേദികളാക്കി. അതിനെതിരെ നടപടിയെടുക്കാനോ അവിടെ നടക്കുന്ന കാര്യങ്ങള്‍ പുറംലോകത്തോട് പറയാനോ അധ്യാപകരോ ഡീനോ തയ്യാറാക്കുന്നില്ല. നിര്‍ഭയത്തോടെ ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ തുറന്ന് പറയാന്‍ അധ്യാപക സമൂഹം തയ്യാറാകണം.  സിദ്ധാര്‍ത്ഥിന്റെ കൊലപാതകത്തില്‍ അവിടത്തെ അധ്യാപകരും പ്രതിക്കൂട്ടിലാണ്. സിപിഎമ്മിന്റെ ക്രിമിനല്‍ കൂട്ടങ്ങളുടെ മുന്നില്‍  ഭിക്ഷയാചിച്ച് നില്‍ക്കേണ്ട ഗതികേടിലാണോ കേരളീയ സമൂഹത്തിന്റെ ജനാധിപത്യ സ്വാതന്ത്ര്യമെന്നും കെ.സി വേണുഗോപാല്‍ ചോദിച്ചു.
തന്റെ  രാഷ്ട്രീയ ജീര്‍ണ്ണതയും അഴിമതിയും മൂടിവെയ്ക്കാന്‍ എസ്എഫ്ഐയെ ക്രിമിനല്‍ സംഘമായി വളര്‍ത്തിയത് മുഖ്യമന്ത്രിയാണ്. അക്രമികള്‍ക്കും ക്രിമിനലുകള്‍ക്കും ജീവന്‍രക്ഷാ പ്രവര്‍ത്തകരുടെ പരിവേഷം നല്‍കി അവരെ മാലയിട്ട് സ്വീകരിക്കുന്ന മുഖ്യമന്ത്രിയും സിപിഎമ്മും സിദ്ധാര്‍ത്ഥിന്റെ കൊലപാതകത്തില്‍ പ്രതിപട്ടികയില്‍ തന്നെയാണ്. കോളേജുകളില്‍ കുട്ടികളെ വിടാന്‍  രക്ഷിതാക്കള്‍ക്ക് ഭയമാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നടക്കുന്ന കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാം. ക്രിമിനല്‍ സംഘങ്ങള്‍ക്കും കൊലപാതികള്‍ക്കും സംരക്ഷണം നല്‍കുമെന്ന സന്ദേശം നല്‍കാന്‍ ബദ്ധശ്രദ്ധനായ മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. കേരളത്തിലെ മുഖ്യമന്ത്രിയെയും  എസ്എഫ്ഐയെയും ഓര്‍ത്ത് ലജ്ജിക്കുകയാണ്. ഇത്ര ചെറുപ്പത്തിലെ ആ ചെറുപ്പക്കാരനെ കൊലചെയ്യാന്‍ എന്തു തെറ്റാണ് സിദ്ധാര്‍ത്ഥ് ചെയ്തത്? ആ കൊലപാതികള്‍ എവിടെയാണ് വിചാരണ ചെയ്യപ്പെടുക? സിദ്ധാര്‍ത്ഥിന്റെ കുടുംബത്തിന്റെ നീതിക്കായുള്ള പോരാട്ടത്തിനും പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാനും ഏതറ്റം വരെയും പോകാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും വേണുഗോപാല്‍ പറഞ്ഞു.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.