'സംഘടന നിർജീവം'; പഠിപ്പ് മുടക്ക് തന്ത്രവുമായി എസ്എഫ്ഐ
കൊച്ചി: നിർജീവമായ സംഘടനയെ ഉണർത്തുവാൻ പഠിപ്പുമുടക്ക് തന്ത്രവുമായി എസ്എഫ്ഐ. സംസ്ഥാനത്ത് വിവിധ സർവ്വകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ സമീപകാലത്തൊന്നും ഉണ്ടാകാത്ത തിരിച്ചടിയാണ് എസ്എഫ്ഐക്ക് നേരിടേണ്ടി വന്നത്. വർഷങ്ങളായി എസ്എഫ്ഐ യൂണിയൻ ഭരണം തുടർന്ന് പല ക്യാമ്പസുകളും കടപുഴകി വീണിരുന്നു. ക്യാമ്പസുകളിലെ തെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയായി വിലയിരുത്തലുകൾ വന്നതോടെ എസ്എഫ്ഐയുടെ ദുരവസ്ഥ സിപിഎം നേതൃത്വം ഗൗരവത്തിലെടുക്കുകയായിരുന്നു. തുടർച്ചയായി വിവാദങ്ങളിൽ പെട്ടപ്പോഴും എസ്എഫ്ഐക്കെതിരെ സിപിഎം വാളെടുത്തിരുന്നു. അന്ന് സിപിഎം ഇടപെട്ട് എസ്എഫ്ഐ നേതാക്കൾക്ക് പഠന ക്ലാസ് ഉൾപ്പെടെയുള്ളവ ഏർപ്പെടുത്തുകയും ക്യാമ്പുകൾ സംഘടിപ്പിക്കണമെന്ന് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.
വിവാദങ്ങൾ ഉയർന്നപ്പോൾ സിപിഎം നേതൃത്വത്തെ എസ്എഫ്ഐ ബോധിപ്പിച്ചിരുന്നത് അതൊന്നും കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ ബാധിക്കില്ലെന്ന് ആയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ എസ്എഫ്ഐക്ക് നേതൃത്വത്തോട് മറുപടി പറയാൻ പോലും കഴിയാതെ വന്നു. മുഖം നഷ്ടപ്പെട്ട സർക്കാരിന്റെ മുഖം മിനുക്കുവാൻ ഒരുഭാഗത്ത് നവ കേരള സദസ്സുമായി മുന്നോട്ടു പോകുമ്പോഴാണ് മറുഭാഗത്ത് എസ്എഫ്ഐ തകർച്ചയിലേക്ക് വീണത്. ക്യാമ്പസുകളിൽ രൂപപ്പെട്ട കെ എസ് യു അനുകൂല സാഹചര്യം സർക്കാരിനെതിരായ വിദ്യാർത്ഥികളുടെ നിലപാടാണെന്നും സിപിഎം തിരിച്ചറിയുന്നുണ്ട്. ഈ ഘട്ടത്തിലാണ് ഏത് വിധേയനെയും ക്യാമ്പസുകൾ പിടിച്ചെടുക്കണമെന്ന ശക്തമായ താക്കീത് സിപിഎം നൽകുന്നത്. ഒട്ടേറെ വിദ്യാർത്ഥി വിരുദ്ധ സമീപനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണെങ്കിലും അതിലൊന്നും എസ്എഫ്ഐക്ക് മിണ്ടാൻ ആകാത്ത അവസ്ഥയാണ്.
വിദ്യാഭ്യാസ മേഖലയിലെ കിതപ്പിനെതിരെയും മൗനം തന്നെയാണ് അവർക്കുള്ളത്. അപ്പോഴാണ് വലിയ കടുപ്പമൊന്നും വേണ്ടെങ്കിലും കേന്ദ്രസർക്കാനെതിരെ സമരം ചെയ്യുവാനുള്ള നിർദ്ദേശം ഉണ്ടാകുന്നത്. ദേശീയതലത്തിൽ ഒട്ടേറെ വിദ്യാർത്ഥി വിരുദ്ധ കേന്ദ്രസർക്കാർ സ്വീകരിച്ചപ്പോഴൊക്കെയും സമരരംഗത്ത് എസ്എഫ്ഐ ഉണ്ടായിരുന്നില്ല. കേരളത്തിൽ പേരിനുമാത്രം നിഷേധങ്ങൾ സംഘടിപ്പിക്കാറാണ് പതിവ്. ഇപ്പോഴിതാ സംഘടനയ്ക്ക് കരുത്ത് കൂട്ടുവാൻ വേണ്ടി ഇന്ന് സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പഠിപ്പ് മുടക്ക് സമരം നടത്തുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലും അല്ലാതെയും കേന്ദ്രസർക്കാരിനെതിരെ മയത്തിലുള്ള പ്രചാരണങ്ങളാണെന്നത് പഠിപ്പുമുടക്കിന് പിന്നിലെ ദുരുദ്ദേശം വ്യക്തമാക്കുന്നതാണ്.