For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

എസ്എഫ്ഐയുടെ ‘ഇൻതിഫാദ’ വേണ്ട; കലോൽസവത്തിന് പേര് വിലക്കി വൈസ് ചാൻസലർ

പ്രതിഷേധിക്കാനുളള വേദിയല്ല കലോൽസവം
08:08 PM Mar 04, 2024 IST | Online Desk
എസ്എഫ്ഐയുടെ ‘ഇൻതിഫാദ’ വേണ്ട  കലോൽസവത്തിന് പേര് വിലക്കി വൈസ് ചാൻസലർ
Advertisement

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിന് ‘ഇൻതിഫാദ’ എന്ന പേരു നൽകുന്നത് വിലക്കി വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ ഉത്തരവിറക്കി. ഇസ്രയേലിനെതിരെ പാലസ്തീൻ ഉപയോഗിക്കുന്ന പേരായതിനാൽ കലോത്സവത്തിൽ ഉപയോഗിക്കരുതെന്ന് കാട്ടി വിസിക്ക് പരാതി ലഭിച്ചിരുന്നു. ഈ പേരിന് കലയുമായോ സംസ്കാരമായോ ബന്ധമില്ലെന്ന് പരാതിയിൽ വ്യക്തമാക്കിയിരുന്നു. കലോത്സവത്തിന് 'ഇന്‍തിഫാദ' എന്നു പേരിട്ടിരിക്കുന്നതിനെതിരെയാണ് കൊല്ലം അഞ്ചല്‍ സ്വദേശിയായ എ.എസ്. ആഷിഷ് എന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. യൂണിയന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും വിസി പറഞ്ഞു.
പരാതി ലഭിച്ചതിനെ തുടർന്ന് വിസി രജിസ്ട്രാറോട് വിശദീകരണം തേടി. രജിസ്ട്രാർ സ്റ്റുഡൻസ് സർവീസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറോടും േകരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനോടും വിശദീകരണം തേടി. തുടർന്നാണ് കലോൽസവത്തിന്റെ എല്ലാ പ്ലാറ്റ്ഫോമുകളിൽനിന്നും ‘ഇൻതിഫാദ’ എന്ന വാക്ക് ഒഴിവാക്കാൻ വിസി നിർദേശിച്ചത്.
മാർച്ച് ഏഴു മുതലാണ് കലോൽസവം ആരംഭിക്കുന്നത്. സർവകലാശാല യൂണിയനാണ് പേര് നിശ്ചയിച്ചതെന്ന മറുപടിയാണ് രജിസ്ട്രാർക്ക് സ്റ്റുഡൻസ് സർവീസ് ഡയറക്ടറിൽനിന്നും സർവകലാശാല യൂണിയൻ ചെയർമാനിൽനിന്നും ലഭിച്ചത്. പലസ്തീനിലെ കുട്ടികള്‍ക്കെതിരെ ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങളെ പ്രതിരോധിക്കാനാണ് ‘ഇൻതിഫാദ’ എന്ന പേരു നൽകിയതെന്നാണ് രജിസ്ട്രാർക്ക് സർവകലാശാല യൂണിയൻ ചെയർമാൻ നൽകിയ വിശദീകരണം. സ്റ്റുഡൻസ് സർവീസ് ഡയറക്ടറും പേരിനെ പിന്തുണച്ചു. യൂണിയന് പേരു തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്രമുണ്ടെന്നും അതിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും ഡയറക്ടർ വിശദീകരിച്ചു.
ഈ ന്യായീകരണങ്ങൾ സ്വീകരിക്കാൻ സാധിക്കില്ലെന്ന് രജിസ്ട്രാർക്ക് നൽകിയ കത്തിൽ വിസി വ്യക്തമാക്കി. കലോത്സവം സംഘടിപ്പിക്കുന്നത് പ്രതിഷേധിക്കാനല്ല. വിദ്യാർഥികൾക്കിടയിൽ ഐക്യം വർധിപ്പിക്കാനാണ്. സ്റ്റുഡൻസ് യൂണിയൻ വിദ്യാർഥികളെയും പൊതുസമൂഹത്തെയും ബാധിക്കുന്ന തെറ്റായ പേരാണ് തിരഞ്ഞെടുത്തത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പരിമിതികളുണ്ട്. മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലും ക്യാംപസിന്റെ ഐക്യവും സമാധാനവും തകർക്കുന്ന തരത്തിലും ആവിഷ്കാര സ്വാതന്ത്യം ഉപയോഗിക്കാൻ പാടില്ല. ചില ആശയങ്ങൾ അവതരിപ്പിക്കാനുള്ള വേദിയായി കലോത്സവത്തെ മാറ്റാനാകില്ല. കലയും സംസ്കാരവും വളർത്താനുള്ള വേദികളാകണം ഇതെന്നും വിസി രജിസ്ട്രാറെ അറിയിച്ചു.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.