Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അവർ വിദ്യാർഥികളല്ല, ബോൺ ക്രിമിനലുകൾ; ഡോ.ശൂരനാട് രാജശേഖരൻ എഴുതുന്നു

05:23 PM Jul 08, 2024 IST | Veekshanam
Advertisement

"എസ്എഫ്ഐ തുടരുന്നതു പ്രാകൃതമായ ശൈലിയാണ്. അതു തിരുത്തിയില്ലെങ്കിൽ ഇടതുപക്ഷത്തിനു ബാധ്യതയാകും. പുതിയ എസ്എഫ്ഐ ക്ക് ഇടതുപക്ഷമെന്ന വാക്കിന്റെ അർഥമറിയില്ല. ഇടതുപക്ഷ രാഷ്ട്രീയ ആശയത്തിന്റെ ആഴവും പുതിയ ലോകത്തിനു മുന്നിൽ ഇടതുപക്ഷത്തിനുള്ള കടമയും അറിയില്ല. എസ്എഫ്ഐക്കാർ ഇടതുരാഷ്ട്രീയത്തിന്റെ ചരിത്രം വായിക്കണം. മുതിർന്നവർ അവരെ അതു പഠിപ്പിക്കണം." വിദ്യാർഥി പ്രസ്ഥാനത്തിലൂടെ വളർന്ന് സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വത്തിന്റേതാണ് ഈ വാക്കുകൾ. നമ്മുടെ സംസ്ഥാനത്തെ പ്രമുഖ വിദ്യാർഥി പ്രസ്ഥാനമായ എസ്എഫ്ഐക്കു സംഭവിച്ചിരിക്കുന്ന അപചയത്തെക്കുറിച്ച് ഒരു പ്രധാന ഇടതുപക്ഷ നേതാവിന്റെ നിരീക്ഷണം ഇതാണെങ്കിൽ മറുപക്ഷത്തുള്ളവരുടെയും സാധാരണ ജനങ്ങളുടെയും അഭിപ്രായം ഊഹിക്കാവുന്നതേയുള്ളു.കേരളത്തിലെ പൊതുമേഖലയിലെ സർവകലാശാലാ ചാൻസിലർ കൂടിയായ ​ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ എസ്എഫ്ഐ പ്രവർത്തകരെ ബോൺ ക്രിമിനലുകൾ എന്നാണു വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ രാഷ്ട്രീയം അവിടെ നിൽക്കട്ടെ. പക്ഷേ, ​സർവകലാശാലകളുടെ അധിപൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ വാക്കുകൾക്കു ക്യാംപസുകൾ ചെവി കൊടുക്കണം. എസ്എഫ്ഐയുടെ ഇന്നത്തെ ചെയ്തികൾ കാണുമ്പോൾ നീതിബോധമുള്ള ആരും ​ഗവർണറുടെ ഈ വിശേഷണം അം​ഗീകരിക്കും. കേരളത്തിലെ വൻ സാമ്പത്തിക പ്രതിസന്ധിയും അഴിമതിയും ജനശ്രദ്ധയിൽ നിന്നും തിരിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ സ്പോൺസർ ചെയ്തിരിക്കുന്ന ക്രിമിനൽ സംഘമാണ് എസ്എഫ്ഐ എന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു. അതേ, ജന്മനാ കൊടുംകുറ്റവാളികളായ ഒരു പറ്റത്തിനു ഭൂരിപക്ഷമുള്ള സങ്കേതമായി മാറിയിരിക്കുന്നു എസ്എഫ്ഐ.വിദ്യാർഥി രാഷ്ട്രീയത്തിനോ എസ്എഫ്ഐ എന്ന സംഘടനയ്ക്കോ ഞാൻ എതിരല്ല. രണ്ടും നിലനിൽക്കണമെന്ന് ആ​ഗ്രഹിക്കുന്ന ആളുമാണ്.

Advertisement

പക്ഷേ, എസ്എഫ്ഐ എന്ന ഇടതു വിദ്യാർഥി യൂണിയനിൽ സംഭവിച്ച ക്രിമിനൽവൽക്കരണത്തിൽ ദുഃഖിക്കുന്ന ആളാണു താനും. എസ്എഫ്ഐയിൽ ഉള്ളവരെല്ലാം ക്രിമിനലുകളാണെന്ന വിശ്വാസവും എനിക്കില്ല. പക്ഷേ, ആ സംഘടനയിലെ മഹാഭൂരിപക്ഷം പേരും ക്രിമനൽ സ്വഭാവം കാണിക്കുന്നു എന്നാണ് സമീപകാല സംഭവങ്ങൾ എന്നെ ബോധ്യപ്പെടുത്തുന്നത്. പൂക്കോട് വെറ്ററിനറി ക്യാംപസിലും കാര്യവട്ടം ക്യാംപസിലും കൊയിലാണ്ടി ശ്രീനാരായണ കോളെജിലും നടന്ന സംഭവങ്ങൾ സമാനതകളില്ലാത്തതാണ്. ഒരു വിദ്യാർഥി സംഘടനയിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്തതുമാണ്.ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കേറ്റ കനത്ത പരാജയത്തിന്റെ കാരണങ്ങളിലൊന്ന് കേരള വെറ്ററിനറി യൂണിവേഴ്സിറ്റിയുടെ പൂക്കോട് ക്യാംപസിൽ സിദ്ധർഥ് എന്ന വിദ്യാർഥിയു‌ടെ ആത്മഹത്യ (കൊലപാതകം) ആണെന്നു സിപിഎം സംസ്ഥാന കമ്മിറ്റി തന്നെ വിലയിരുത്തിയിട്ടുണ്ട്. പക്ഷേ, പൂക്കോട് വെറ്ററിനറി ക്യാംപസ് ക്രൂരതയിൽ സിപിഎമ്മിനോ എസ്എഫ്ഐക്കോ ഒരു കുറ്റബോധവുമില്ലെന്നു പിന്നീടുള്ള സംഭവങ്ങൾ തെളിയിച്ചു. ഇതുകൊണ്ടൊന്നും തങ്ങൾ പിന്മാറില്ലെന്നാണ് കേരള യൂണിവേഴ്സിറ്റിയുടെ കാര്യവ‌ട്ടം ക്യാംപസിൽ കഴിഞ്ഞ ദിവസം എസ്എഫ്ഐ പ്രഖ്യാപിച്ചതും പ്രവർത്തിച്ചു കാണിച്ചതും. കെഎസ്‌യു തിരുവന്തപുരം ജില്ലാ ജനറൽ സെക്രട്ടറി സാഞ്ചോസിനെ കാര്യവട്ടം കാമ്പസിലെ ഇടിമുറിയിലിട്ട് മർദിച്ച് അവശനാക്കി. അക്രമിച്ചവർക്കെതിരേ കാര്യമായ ഒരു നടപടിയുമുണ്ടായില്ല. എന്നാൽ, സാഞ്ചോസിനെ മർദ്ദിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ശ്രീകാര്യം പോലീസ് സ്റ്റേഷൻ ഉപരോധിച്ച കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുത്തു. വിവരമറിഞ്ഞെത്തിയ ജനപ്രതിനിധികൾക്കെതിരേയും പൊലീസ് കേസെടുത്തു. എന്താണ് ഇതു നൽകുന്ന പാഠം? ക്യാംപസുകളെ കൊലയറകളാക്കാൻ ഭരണകൂടം അനുമതി നൽകിയിട്ടുണ്ട്, അതിനെതിരേ ശബ്ദിക്കുന്നവർക്കെതിരേ പോലും കേസെടുത്ത് ജയിലിലിടും എന്നല്ലേ? ഈ സന്ദേശം നൽകുന്ന ആത്മവിശ്വാസമാണ് എസ്എഫ്ഐ എന്ന ക്രിമിനൽ സംഘത്തിനു വളം വച്ചു കൊടുക്കുന്നത്.എസ്എഫ്ഐ എന്ന വിദ്യാർഥി പ്രസ്ഥാനത്തെ മുഴുവൻ അടച്ചാക്ഷേപിക്കാനല്ല ഈ കുറിപ്പ്. രാഷ്ട്രീയത്തിൽ നാളേയ്ക്കു വേണ്ട നല്ല നേതാക്കളെ സൃഷ്ടിക്കാൻ ഈ സംഘടനയ്ക്കു കഴിയണം.

പക്ഷേ, അവർ ഇപ്പോൾ ചെയ്യുന്നത് അരുംകൊല രാഷ്ട്രീയമാണ്. രാഷ്ട്രീയ കോടുംഭീകരതയാണ്. അത് അവസാനിപ്പിച്ചേ തീരൂ.പൂക്കോടും കാര്യവട്ടവും ഒറ്റപ്പെട്ട കേസുകളല്ല. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജിലും ആയുർവേദ കോളെജിലും ആർ‍ട്സ് ആൻഡ് സയൻസ് കോളെജിലും എറണാകുളം മഹാരാജാസിലും തൃശൂർ ​കേരള വർമയിലും പാലക്കാട് വിക്റ്റോറിയയിലും തലശേരി ബ്രണ്ണനിലുമൊക്കെ പണ്ടു വല്പപ്പോഴും നടത്തിയ അക്രമങ്ങൾ ഇപ്പോൾ സാർവത്രികമായിരിക്കുന്നു. തങ്ങളുടെ താത്പര്യങ്ങൾക്കു വിലങ്ങുതടിയാകുന്ന കോളെജ് പ്രിൻസിപ്പൽ രണ്ടു കാലിൽ കോളെജിലേക്കു വരില്ലെന്നു മൈക്ക് വെച്ചു വെല്ലുവിളിക്കാൻ ശിഷ്യന്മാരായ എസ്എഫ്ഐ നേതാക്കൾക്കു കഴിയുന്നു. കൊയിലാണ്ടി ​ഗുരുദേവ കോളെജ് സംഘർഷവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ ഡോ. സുനിൽ ഭാസ്കർ നൽകിയ പരാതിക്കു കടലാസിന്റെ വില പൊലീസ് നൽകിയില്ല. 20 വർഷം സൈനിക അക്കാഡമിയിൽ പ്രൊഫസറായിരുന്ന താൻ വെടിയുണ്ടകളെ അതിജീവിച്ചിട്ടുണ്ടെന്ന് ‍ഡോ. സുനിൽ ഭാസ്കർ. എന്നാൽ വെ‌ടിയുണ്ടയെക്കാൾ വലിയ വേദനയാണ് എസ്എഫ്ഐ നേതാവെന്ന് അവകാശപ്പെട്ട ഒരു കുട്ടി തന്റെ കരണത്തടിച്ചപ്പോൾ അനുഭവിച്ചതെന്ന അദ്ദേഹത്തിന്റെ വാക്കുകൾ എസ്എഫ്ഐ എന്ന സംഘടനയുടെ ചങ്കിലാണു കൊള്ളേണ്ടത്. തൃശൂർ മാള എഐഎം കോളെജിലും എസ്എഫ്‌ഐ പ്രവർത്തകർ പ്രിൻസിപ്പാളിനെ തടഞ്ഞുവച്ചു വിരട്ടി. എറണാകുളം മഹാരാജാസ് കോളെജിൽ കഴിഞ്ഞ ആഴ്ച സംഘർഷത്തിനിടെ പരിക്കേറ്റ ഫ്രറ്റേണിറ്റി പ്രവർത്തകനെയും കെഎസ്‍യു പ്രവർത്തകനെയും ആംബുലൻസിൽ കയറി എസ്എഫ്ഐ പ്രവർത്തകർ മർദിച്ചു. എസ്എഫ്ഐ എന്ന വിദ്യാർഥി സംഘടനയെ മറയാക്കി ഒരു പറ്റം ആന്റി സോഷ്യൽ ക്രിമിനലുകൾ നടത്തുന്ന അഴിഞ്ഞാ‌ട്ടമാണ് ഇപ്പോൾ കേരളത്തിലെ മിക്കവാറും ക്യാംപസുകളിൽ കാണുന്നത്.എറണാകുളം മഹാരാജാസ് കോളെജ് പ്രിൻസിപ്പലായിരുന്ന ഡോ. കെ.എൽ ബീനയെ ബന്ധിയാക്കി ഭീഷണിപ്പെടുത്തിയ സംഭവം സാംസ്കാരിക കേരളത്തിന്റെ മുഴുവൻ പ്രതിഷേധത്തിനു കാരണമായിരുന്നു. അന്നും പക്ഷേ സിപിഎം നേതൃത്വം എസ്എഫ്ഐയെ പിന്തുണച്ചു. കാര്യവട്ടം ക്യാംപസിലെ അക്രമം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചപ്പോൾ ക്രിമിനൽ സംഘത്തിനു പിന്തുണ അറിയിച്ച് പ്രസം​ഗിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. മുഖ്യമന്ത്രി നടത്തിയ നവകേരള യാത്രയുടെ മറവിൽ ഡിവൈഎഫ്ഐയും സുരക്ഷാ ഉദ്യോ​ഗസ്ഥരും നടത്തിയ ക്രൂരമായ വേട്ടയാടലിൽ ശരീരം തളർന്ന് യൂത്ത് കോൺ​ഗ്രസിന്റെ വനിതാ നേതാവ് ഇപ്പോഴും എന്റെ നാട്ടിൽ ചികിത്സയിലാണ്. അപ്പോഴും മുഖ്യമന്ത്രി ഈ അക്രമത്തെ ന്യായീകരിക്കുകയാണ്.എസ്എഫ്ഐ അടക്കം വിദ്യാർഥി സംഘടനകളെല്ലാം നാടിന് ആവശ്യമാണ്. സിലബസ് പോലെ രാഷ്ട്രീയവും ക്യാംപസുകളിൽ തന്നെ പരിശീലിച്ചു തുടങ്ങണം. നമ്മുടെ ഇന്നത്തെ ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളെയും സാംസ്കാരിക നായകരെയും സംഭാവന ചെയ്തത് ക്യാംപസുകളാണ്. എ.കെ. ആന്റണി, വയലാർ രവി, ഉമ്മൻ ചാണ്ടി, കെ.സി. വേണു​ഗോപാൽ, രമേശ് ചെന്നിത്തല, പിണറായി വിജയൻ, എ.കെ. ബാലൻ, ബിനോയ് വിശ്വം തുടങ്ങിയവരെല്ലാം ക്യാംപസുകളുടെ സംഭാവനകളാണ്.

കെഎസ്‌യുവിന്റെ നീലപ്പതാക പിടിച്ചു രാഷ്ട്രീയത്തിൽ പിച്ചവച്ചുവന്നയാളാണ് ഞാനും. ഞങ്ങളാരും പഠിച്ചതോ, പരിശീലിച്ചതോ ആയ രാഷ്ട്രീയമല്ല ഇന്നു ക്യാംപസുകളിൽ നടക്കുന്നത്.ഞങ്ങൾ പഠിച്ചപ്പോഴും ഇവിടെ കെഎസ്‌യുവും എസ്എഫ്ഐയും (അന്ന് കെഎസ്എഫ്) മറ്റനേകം സംഘടനകളുമുണ്ടായിരുന്നു. പക്ഷേ, ആർക്കും ഇടിമുറികളുണ്ടായിരുന്നില്ല. ഒരു വിദ്യാർഥി സംഘടന എന്ന നിലയിൽ നിന്ന് കൊടും ക്രിമിനലുകളുടെ കൂടാരമായി എസ്എഫ്ഐ മാറി. ഈ ക്രിമിനലകുകളെ ഉപയോ​ഗിച്ച് അനഭിലഷണീയമായ പ്രവർത്തനങ്ങൾക്ക് സിപിഎമ്മും അതിന്റെ ചില നേതാക്കളും മുന്നിട്ടു നിൽക്കുന്നതാണ് നമ്മുടെ ക്യാംപസുകളെ ശവപ്പറമ്പാക്കിയത്. ‘‘ഒരു ആശയം പറഞ്ഞാൽ ആക്രമിക്കുകയെന്നത് അസഹിഷ്ണുതയുടെ അങ്ങേയറ്റമല്ലേ? ആശയം പറയുന്നവരെപ്പോലും തല്ലാൻ വരുന്നവരോട് എന്താണു പറയുക?’’– ചോദിക്കുന്നത് ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാനും നയതന്ത്ര വിദഗ്ധനുമായ ടി.പി. ശ്രീനിവാസൻ. കേരളത്തിൽ വിദേശ സർവകലാശാലകളുടെ സാധ്യത പരിശോധിക്കുന്നതിന് വിളിച്ചു കൂട്ടിയ യോ​ഗത്തിനെത്തിയ അദ്ദേഹത്തെ നടുറോഡിൽ എസ്എഫ്ഐ നേതാക്കൾ കരണത്തടിച്ചു നിലത്തിട്ടത് ആരും മറന്നിട്ടില്ല. 15 വർഷങ്ങൾക്കു ശേഷം സിപിഎം തന്നെ കേരളത്തിലേക്ക് വിദേശ സർവകലാശാലകളെ കൂട്ടിക്കൊണ്ടു വരുന്നു. സിപിഎമ്മിന്റെ നിലപാട് മാറ്റത്തിൽ കേരളത്തിലെ വിദ്യാർഥികൾക്കു നഷ്ടമായത് നീണ്ട 15 വർഷം. എന്തിനായിരുന്നു അന്ന് എസ്എഫ്ഐക്കാർ ശ്രീനിവാസനെ തല്ലിയത് എന്ന ചോദ്യത്തിന് ഇപ്പോൾ അവർ നൽകുന്ന ഉത്തരം ഇതായിരിക്കും, വെറുതേ ഒരു രസത്തിന്! ഇങ്ങനെ മൃ​ഗയാ വിനോദം നടത്തി രസിക്കുന്ന ഒരു സംഘടന ക്യാംപസുകൾക്കെന്നല്ല പൊതു സമൂഹത്തിനു തന്നെ അപമാനമാണ്. അത്യന്തം അപകടകരവുമാണ്. ഇങ്ങനെയൊരു ക്രിമിനൽ സംഘത്തെ നിയന്ത്രിക്കാൻ സിപിഎമ്മിനു കഴിയുന്നില്ലെങ്കിൽ ഈ സംഘടന പിരിച്ചു വിടണം. പകരം മനുഷ്യത്വവും ജനാധിപത്യവും സ്വാതന്ത്ര്യവും ഉറപ്പ് വരുത്തുന്ന പുതിയ സംഘടന രൂപീകരിക്കണം.

Advertisement
Next Article