എസ്എഫ്ഐക്കാർ വിദ്യാർത്ഥിയെ മർദ്ദിച്ചു കൊന്നു;
ഗവർണർക്ക് പരാതി നൽകി മാതാപിതാക്കൾ
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ ബി.വി.എസ്.സി രണ്ടാംവര്‍ഷ വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ മരണത്തിന് കാരണക്കാരായ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി വേണമെന്ന് ബന്ധുക്കള്‍. അക്രമികള്‍ക്ക് പാര്‍ട്ടിയുടെ സംരക്ഷണമുണ്ടെന്നും ഇവര്‍ രക്ഷപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അറസ്റ്റ് എത്രയും വേഗം വേണമെന്നുമാവശ്യപ്പെട്ട് രക്ഷിതാക്കള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് നിവേദനം നല്‍കി. ഇക്കഴിഞ്ഞ 18-നാണ് സിദ്ധാര്‍ഥിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് സിദ്ധാര്‍ഥിന് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായിരുന്നു. സംഭവത്തില്‍ 12 വിദ്യാര്‍ഥികളെ കോളേജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. പ്രണയനൈരാശ്യം മൂലമാണ് സിദ്ധാര്‍ഥ് ആത്മഹത്യ ചെയ്തതെന്നാണ് കോളേജില്‍നിന്ന് രക്ഷിതാക്കളെ അറിയിച്ചത്. സിദ്ധാര്‍ഥിനെ 20-ല്‍ അധികം ആളുകള്‍ മര്‍ദ്ദിച്ചിട്ടുണ്ടെന്നാണ് വിവരം. ബെല്‍റ്റ്, കേബിള്‍ വയര്‍ എന്നിവകൊണ്ട് മര്‍ദ്ദിച്ചതിന്റെ പാടുകള്‍ സിദ്ദാര്‍ഥിന്റെ ദേഹത്തുണ്ടായിരുന്നു.
പുറത്തും കൈയിലും നെഞ്ചിലും താടിയിലും കാലിലുമെല്ലാം മര്‍ദനത്തിന്റെ പാടുകളുണ്ട്. സിദ്ധാര്‍ഥിന്റെ ദേഹത്തെ പാടുകള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും പരാമര്‍ശിച്ചിട്ടുണ്ട്. 15-ന് വീട്ടിലേക്ക് പോകാനായി എറണാകുളം വരെയെത്തിയ സിദ്ധാര്‍ഥിനെ സഹപാഠികളില്‍ ചിലര്‍ ഹോസ്റ്റലിലേക്ക് തിരികെ വിളിപ്പിച്ചിരുന്നെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. ഹോസ്റ്റലില്‍വെച്ച് ക്രൂരമായി മൂന്നുദിവസം മര്‍ദിച്ചെന്നും ഭക്ഷണവും വെള്ളവും നല്‍കിയിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു. സിദ്ധാര്‍ഥിനെ മര്‍ദിക്കുന്ന വിവരം സഹപാഠികള്‍ പുറത്തുപറയാതെ മറച്ചുവെച്ചുവെന്ന ഗുരുതര ആരോപണവും ഇവര്‍ ഉന്നയിച്ചിട്ടുണ്ട്.