കേരളവർമ്മയിലെ എസ്എഫ്ഐയുടെത്, രായ്ക്കുരാമാനം ജനാധിപത്യത്തെ അട്ടിമറിച്ച സംഘപരിവാർ രാഷ്ട്രീയശൈലി; കെഎസ്‌യു
തൃശ്ശൂർ: കേരളവർമ്മ കോളേജിലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ച എസ്എഫ്ഐക്കെതിരെയും ഇടത് അധ്യാപക സംഘടനകൾക്കെതിരെയും രൂക്ഷ വിമർശനവുമായി കെഎസ്‌യു. ജനാധിപത്യമരമായി തെരഞ്ഞെടുപ്പ് നടന്ന ക്യാമ്പസിൽ വിദ്യാർത്ഥികൾ വോട്ട് ചെയ്ത് വിജയിപ്പിച്ച ശ്രീക്കുട്ടനെ രായ്ക്കുരാമാനം റീകൗണ്ടിങ്ങിലൂടെ തോൽപ്പിച്ച് വിദ്യാർത്ഥി വികാരത്തെ അട്ടിമറിച്ച വിഷയത്തിൽ എസ് എഫ് ഐക്കും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനുമെതിരെ രൂക്ഷ വിമർശനവുമായി കെ എസ് യു നേതാവ് ആൻ സെബാസ്റ്റ്യൻ അടക്കമുളളവ രംഗത്തെത്തിയിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും രായ്ക്കുരാമാനം ജനാധിപത്യത്തെ അട്ടിമറിച്ച സംഘപരിവാർ രാഷ്ട്രീയശൈലിയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വൈസ് പ്രിൻസിപ്പലും പ്രിൻസിപ്പൽ ഇൻ ചാർജായും ഇരുന്ന കേരളവർമയിൽ ഈ രാത്രി കണ്ടെതെന്നാണ് ആൻ സെബാസ്റ്റ്യൻ്റെ വിമർശനം. ഈ ജനാധിപത്യ - മനുഷ്യത്വ വിരുദ്ധതക്ക് കൂട്ടുനിൽക്കുന്നവരെ, നിങ്ങളെ "നീചർ" എന്ന് മുദ്രകുത്താതെ കാലം കടന്നു പോകില്ലെന്നും ആൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.