ഷാഫിയുടെ പ്രമേയത്തിനു അനുമതിയില്ല, സപ്ലൈകോയെ തകർക്കരുതെന്നു മന്ത്രി അനിൽ
തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവും സപ്ലൈകോയിൽ അവശ്യസാധനങ്ങൾക്കു നേരിടുന്ന കടുത്ത ക്ഷാമവും ചർച്ച ചെയ്യാൻ നിയമസഭയിൽ പ്രതിപക്ഷത്തിന് അനുമതി നിഷേധിച്ചു. സപ്ലൈകോയുടെ പ്രതിസന്ധിയിൽ നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം. ഷാഫി പറമ്പിൽ എംഎൽഎയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. സർക്കാർ അവഗണന മൂലം പ്രതിസന്ധിയിലായ സപ്ലൈകോ ജനങ്ങളിലുണ്ടാക്കിയ ആശങ്ക സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. എന്നാൽ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ച് സ്പീക്കർ.
വിലയക്കയറ്റമുണ്ടെന്നു തുറന്നു സമ്മതിച്ച ഭക്ഷ്യമന്ത്രി ജി.ആർ അനിൽ കേന്ദ്ര സർക്കാരാണ് അതിനു കാരണമെന്നും ചൂണ്ടിക്കാട്ടി. സബ്സിഡി സാധനങ്ങളുടെ ലഭ്യതയിൽ കുറവുണ്ട്. കേരളത്തിലെ ശക്തമായ വിപണി ഇടപെടൽ സംവിധാനം സപ്ലൈകോയാണ്. അവശ്യ സാധന കുറവ് ഏതാനും മാസങ്ങളായി ഉണ്ട്. ചില്ലറ വിൽപന മേഖലകളിലേക്ക് കുത്തകകൾ വരുന്നു. അതിന്റെ സ്വാധീനത്തിൽ സപ്ലൈകോയെ തകർക്കരുത്. സപ്ലൈകോയെ സംരക്ഷിക്കാൻ സർക്കാർ നടപടി എടുക്കും. സപ്ലൈകോയെ തകർക്കാൻ ശ്രമമുണ്ടെന്നും ജിആർ അനിൽ ആരോപിച്ചു. സപ്ലൈകോയ്ക്ക് സാമ്പത്തിക പ്രയാസം ഉണ്ടായിട്ടുണ്ട്.
സപ്ലൈകോയെ തകർക്കാൻ ശ്രമിക്കുന്നത് ഞങ്ങളല്ലെന്ന് ഷാഫി പറമ്പിൽ മറുപടി നൽകി. അവശ്യ സാധനമില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവിനെ കഴിഞ്ഞ സമ്മേളനത്തിൽ വെല്ലുവിളിച്ചയാളാണ് മന്ത്രി. ഇപ്പോൾ മന്ത്രി തന്നെ അവശ്യസാധനം ഇല്ലെന്ന് പറയുന്നുവെന്ന് ഷാഫി കുറ്റപ്പെടുത്തി. പ്രതിപക്ഷം ഓരോ കാര്യങ്ങൾ എഴുതി നൽകുന്നത് കയ്യക്ഷരം നന്നാക്കാനല്ല . സപ്ലൈകോയെ തകർക്കരുതെന്ന് പ്രതിപക്ഷത്തോടല്ല മന്ത്രി പറയേണ്ടതെന്നും ഒപ്പമിരിക്കുന്നവരോടാണെന്നും ഷാഫി പറമ്പിൽ തിരിച്ചടിച്ചു.