ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട വേലായുധന്റെ വീട്ടിലെത്തി ഷാഫി പറമ്പിൽ എംപി
തലശ്ശേരി: എരഞ്ഞോളിയിൽ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട വേലായുധന്റെ വീട്ടിലെത്തി ഷാഫി പറമ്പിൽ എംപി. 10 പൈസയ്ക്ക് ഗുണമില്ലാത്ത രീതിയിലാണ് ബോംബ് കേസുകളിൽ പോലീസിന്റെ ഇടപെടൽ. മുഖ്യമന്ത്രി പഞ്ച് ഡയലോഗ് പറയാതെ പ്രവർത്തിച്ചു കാണിക്കണം എന്നും തലശ്ശേരി എരഞ്ഞോളിയിലെ ബോംബ് സ്പോർട്ണത്തിൽ കുറ്റക്കാർക്ക് എതിരെ കർശനമായി നിയമ നടപടികൾ വേണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
ബോംബ് പൊട്ടി വയോധികൻ മരിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി വേലായുധന്റെ അയൽവാസി സീന രംഗത്തെത്തി. പ്രദേശത്ത് ബോംബ് ഉണ്ടാക്കുന്നത് സ്ഥിരമായ കാര്യമാണെന്നും തൊട്ടടുത്ത പറമ്പിൽ നിന്ന് പോലും നേരത്തെ ബോംബുകൾ കണ്ടെടുത്തിട്ടുണ്ടെന്നും പോലീസിനെ അറിയിക്കാതെ സിപിഎം പ്രവർത്തകർ ബോംബ് എടുത്തു മാറ്റിയിട്ടുണ്ടെന്നും ഭയം മൂലമാണ് പ്രതികരിക്കാതിരുന്നത് എന്നും സീന പറഞ്ഞു. ഇപ്പോൾ മറ്റു നിവർത്തി ഒന്നുമില്ലാതെയാണ് തുറന്നു പറയുന്നത്. ജീവിക്കാൻ അനുവദിക്കണമെന്നാണ് അപേക്ഷ എന്നും ബോംബ് പൊട്ടി മരിക്കാൻ അല്ല ആഗ്രഹം എന്നും ഇത്തരക്കാർക്ക് എതിരെ കർശന നടപടികൾ ഉണ്ടാകണമെന്നും സീന പറഞ്ഞു.