കുഴൽപ്പണക്കടത്ത് കേസിലെ പ്രതി കോൺഗ്രസിനെ രാജ്യസ്നേഹം പഠിപ്പിക്കേണ്ട ; കെ സുരേന്ദ്രന് മറുപടിയുമായി ഷാഫി പറമ്പിൽ
പാലക്കാട്: കുഴൽപ്പണം കടത്തിയ കേസിൽ പ്രതിയാക്കപ്പെട്ടയാൾ തന്നെയോ കോൺഗ്രസിനെയോ രാജ്യസ്നേഹം പഠിപ്പിക്കേണ്ടേന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് മറുപടിയുമായി ഷാഫി പറമ്പിൽ എംഎഎ. ബിജെപിയിൽ നിന്ന് രാജ്യസ്നേഹം പഠിക്കേണ്ട ഗതികേട് ഒരുകാലത്തും തങ്ങൾക്ക് വരാൻ പോകുന്നില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നത് ശീലമാ ക്കിയ ആളാണ് സുരേന്ദ്രനെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി
സുരേന്ദ്രന് സീറോ ക്രെഡിബിലിറ്റിയാണെന്നും ഷാഫി പരിഹസിച്ചു. മുമ്പ് ചാണ്ടി ഉമ്മന് എതിരേയും അർജുൻ രാധാകൃഷ്ണനെതിരേയും ഉൾപ്പെടെ പല കോൺഗ്രസ് നേതാക്കൾക്ക് എതിരേയും ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങൾ സുരേന്ദ്രൻ ഉന്നയിച്ചിട്ടുണ്ട്. വാർത്തയിൽ ഇടം പിടിക്കാനുള്ള ഇത്തരം അൽപത്തരങ്ങൾ ഇനിയെങ്കിലും സുരേന്ദ്രൻ അവസാനിപ്പിക്കണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
രാഷ്ട്രീയ ജീവനുണ്ടെന്ന് കാണിക്കാൻ സുരേന്ദ്രൻ യൂത്ത് കോൺഗ്രസിന്റെ പുറത്ത് കുതിര കയറേണ്ട. പണം കൊടുത്ത് സ്ഥാനാർഥിയെ മറ്റാൻ ശ്രമിച്ചതിന്റെ കേസുകളുൾപ്പെടെയുള്ളയാൾ വ്യാജ ആരോപണം ഉന്നയിച്ച് തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രോസസിന്റെ ക്രെഡിബിലിറ്റി അളക്കാൻ നിൽക്കേണ്ട. മൊബൈൽ നമ്പരുകളും തിരിച്ചറിയൽ രേഖകളും വീഡിയോ വെരിഫിക്കേഷൻ അടക്കം സംവിധാനങ്ങളും ഉപയോഗിച്ച് പൂർണമായും സുതാര്യമായിട്ടാണ് യൂത്ത്കോൺഗ്രസ് തെരഞ്ഞെടുപ്പ് നടന്നതെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.