പോരാട്ടവീര്യവുമായ് കടത്തനാടന്‍ മണ്ണില്‍ ഷാഫി
കോഴിക്കോട്: യുവത്വത്തിന്റെ പോരാട്ടവീര്യവുമായാണ് കടത്തനാടന്‍ മണ്ണില്‍ ഷാഫി പറമ്പില്‍ അങ്കംകുറിക്കാന്‍ എത്തുന്നത്. കേരള നിയമസഭയ്ക്ക് അകത്തും പുറത്തും അവകാശ സമരങ്ങളുടെയും അഴിമതി വിരുദ്ധ പോരാട്ടത്തിന്റെയും കുന്തമുനയായ ഷാഫി പറമ്പിലില്‍ കരുത്തരെ മുട്ടുകുത്തിച്ച പാരമ്പര്യവുമായാണ് വടകരയില്‍ ഇറങ്ങുന്നത്.
പാലക്കാട് പട്ടാമ്പി ഓങ്ങല്ലൂരില്‍ ഷാനവാസ് പറമ്പിലിന്റെയും മൈമൂനയുടെയും മകനായ് 1983 ഫെബ്രുവരി 12ന് ജനിച്ച ഷാഫി പറമ്പില്‍ പട്ടാമ്പി സംസ്‌കൃത കോളേജില്‍ നിന്ന് ബിബിഎയും തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട് കോളേജില്‍ നിന്നും എംബിഎയും പാസായി.
കെ എസ് യു യൂണിറ്റ് ഭാരവാഹിയും കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായും പൊതുരംഗത്തേക്ക് പ്രവേശിച്ച ഷാഫി പിന്നീട് കെ എസ് യു വിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റുമായ് തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാര്‍ഥി പ്രക്ഷോഭവുമായ് ബന്ധപ്പെട്ട് ഇക്കാലയളവില്‍ നിരവധി തവണ ജയില്‍വാസം അനുഭവിച്ചു.
വിദ്യാര്‍ഥി നേതാവായിരിക്കുമ്പോള്‍ 2011 ല്‍ സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ പാലക്കാട് നിന്ന് ആദ്യമായ് അട്ടിമറി ജയം നേടി നിയമസഭയിലെത്തിയ ഷാഫി 2016, 2021 വര്‍ഷങ്ങളിലും വിജയം ആവര്‍ത്തിച്ചു. 2021 ല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ് ബിജെപി അവതരിപ്പിച്ച മെട്രോമാന്‍ ഇ.ശ്രീധരനെയാണ് പരാജയപ്പെടുത്തിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായ കാലയളവില്‍ കേരളത്തിലുടനീളം യുവജന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. നിയമസഭയ്ക്കുള്ളില്‍ പ്രതിപക്ഷ നിരയിലെ ശക്തനായ പോരാളിയായ ഷാഫി യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്. നിലവില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗമാണ്.
ഷിഫ, ഷെഫിൻ, സൽഫാ എന്നിവരാണ് ഷാഫി പറമ്പിലിൻ്റെ സഹോദരിമാർ.
മാഹി സ്വദേശിനി അഡ്വ. അഷീല അലിയാണ് ഭാര്യ. ദുഅ ഏക മകളാണ്.