എസ്എഫ്ഐയുടെ കലോത്സവ കോഴ ആരോപണത്തിൽ മനംനൊന്ത്, ജീവനൊടുക്കിയ ഷാജിയുടെ മൃതദേഹം സംസ്കരിച്ചു
കണ്ണൂർ: കേരള സർവകലാശാല കലോത്സവത്തിൽ എസ്എഫ്ഐയുടെ കോഴ ആരോപണത്തിലും മർദ്ദനത്തിലും മനംനൊന്ത് ജീവനൊടുക്കിയ അധ്യാപകൻ ഷാജിയുടെ മൃതദേഹം കണ്ണൂർ പയ്യാമ്പലത്ത് സംസ്‌കരിച്ചു. വീട്ടിലെ പൊതുദർശനത്തിന് ശേഷമായിരുന്നു പയ്യാമ്പലത്തെ സംസ്ക്‌കാരം. ഷാജിയുടെ മരണ കാരണം കീടാനാശിനി ഉള്ളിൽ ചെന്നതു മൂലമാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശരീരത്തിൽ അടിയേറ്റ പാടുകളുള്ളതായി പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലില്ല. ഷാജിയുടെ ആത്മഹത്യയിൽ കണ്ണൂർ സിറ്റി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പരിയാരം മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം രാവിലെ എട്ടരയോടെയാണ് ഷാജിയുടെ മൃതദേഹം കണ്ണൂർ ഉരുവച്ചാലിലെ വീട്ടിലെത്തിച്ചത്. വീട്ടിലെ പൊതു ദർശനത്തിന് ശേഷം 10.30 ഓടെ മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിച്ചു. ഷാജിയുടെ ആത്മഹത്യയിൽ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് ആരുടെയും ഭാഗത്ത് നിന്നു ഉണ്ടാവില്ലെന്ന് സ്‌പീക്കർ എ എൻ ഷംസീർ പറഞ്ഞു.