പൊലിസ്, ബിജെപിയുടെ ചെരുപ്പിലെ വള്ളികളാവുന്നത് നാണംകെട്ട അവസ്ഥ; വി.കെ ശ്രീകണ്ഠൻ എംപി
പാലക്കാട്: ഇരട്ട വോട്ടർ ഐഡി കാർഡ് കൈവശം വയ്ക്കുന്നത് ജനപ്രാതിനിധ്യ നിയമപ്രകാരം ക്രിമിനൽ കുറ്റമാണെന്നിരിക്കെ ബിജെപി ജില്ലാ പ്രസിഡന്റ് കെഎം ഹരിദാസിനെതിരെ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് വി.കെ ശ്രീകണ്ഠൻ എംപി. ഒരു വർഷം തടവും പിഴയും ശിക്ഷ ലഭിക്കേണ്ട കുറ്റമാണ് ബിജെപി ജില്ലാ പ്രസിഡന്റ് ചെയ്തത്. എന്നാൽ ഇതിൽ നടപടി സ്വീകരിക്കേണ്ട പൊലീസ് കയ്യുംകെട്ടി നോക്കി നിന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇരട്ട വോട്ട് ആരോപണം നേരിടുന്ന ബിജെപി ജില്ലാ പ്രസിഡന്റിന്റെ വോട്ട് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചട്ടവിരുദ്ധമായി വ്യാജ ഐഡി കാർഡുമായി വോട്ട് ചെയ്യാൻ എത്തുന്ന ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ നടപടിയെടുക്കാതെ കള്ളവോട്ട് ചെയ്യാൻ വേണ്ട സുരക്ഷയെ ഒരുക്കി പരവതാനി വിരിക്കുന്ന പിണറായിയുടെ പോലീസ് തങ്ങൾക്ക് നേരെ ബലം പ്രയോഗിക്കുകയാണെന്നും വി കെ ശ്രീകണ്ഠൻ ആരോപിച്ചു. കേരളത്തിലെ പൊലീസിനെ നാണം കെടുത്തുന്നത് ഇതുപോലുള്ള നടപടികളാണ്. മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും ഇതിനു മറുപടി പറയണം. ബിജെപി ജില്ലാ പ്രസിഡന്റിനെ തടയുമെന്ന് പറഞ്ഞ മന്ത്രി എംബി രാജേഷിന്റെ പൊടിപോലും സ്ഥലത്തില്ല. നിയമാനുസൃതം അല്ലാതെ വോട്ട് ചെയ്യാൻ വന്നാൽ യുഡിഎഫ് നിയമാനുസൃതം തന്നെ ചോദ്യം ചെയ്യുമെന്നും വി കെ ശ്രീകണ്ഠൻ പറഞ്ഞു.
യുഡിഎഫ് പ്രതിഷേധം മുന്നിൽകണ്ട് വോട്ട് ചെയ്യാതെ മുങ്ങിയ ബിജെപി ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ നിയമവിരുദ്ധരെ സഹായിക്കാനും വോട്ട് ചെയ്യാൻ സൗകര്യമൊരുക്കാനുമാണ് ബൂത്ത് പരിസരത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചതും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയതും. നീതി നിർവഹണത്തിന് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ ബിജെപിയുടെ ചെരുപ്പിലെ വള്ളികളാവുന്നത് നാണംകെട്ട അവസ്ഥയാണെന്നും ജനാധിപത്യ നേരിടുന്ന വലിയ വെല്ലുവിളിയാണ് ഇതൊന്നും വി.കെ ശ്രീകണ്ഠൻ പറഞ്ഞു.