ഷാരോൺ വധക്കേസ്; പ്രതി ഗ്രീഷ്മ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗ്രീഷ്മയുൾപ്പെടെയുള്ള പ്രതികൾ കോടതിയെ സമീപിച്ചത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയമപരമായ അധികാരമില്ലെന്നു ചൂണ്ടിക്കാട്ടി പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഗ്രീഷ്മയ്ക്കായി അഡ്വ. ശ്രീറാം പാറക്കാട്ടാണ് ഹർജി നൽകിയത്.
കാമുകനായ ഷാരോൺ രാജിനെ 2022 ഒക്ടോബർ 14നു ഗ്രീഷ്മ കഷായത്തിൽ കളനാശിനി നൽകി എന്നാണ് കേസ്. ചികിത്സയിലിരിക്കെ 2022 ഒക്ടോബർ 25നു ഷാരോൺ മരിച്ചു. അന്വേഷണസംഘം നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് വിചാരണ നടപടികൾക്കായി നെയ്യാറ്റിൻകര അഡീ. സെഷൻസ് കോടതിയിലേക്കു കൈമാറിയിരുന്നു. എന്നാൽ പ്രത്യേക അന്വേഷണസംഘത്തലവനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്തിമ റിപ്പോർട്ട് നൽകിയതു നിയമപരമല്ലെന്നാണ് ആക്ഷേപം. കേസിന്റെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു.