ശാസ്താംകോട്ട കെഎസ്എംഡിബി കോളേജ് വജ്രജൂബിലി നിറവില്‍
ശാസ്താംകോട്ട: ദക്ഷിണ കേരളത്തിലെ ഏറ്റവും വലിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ കുമ്പളത്തു ശങ്കുപ്പിള്ള സ്മാരക തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോളെജ് അറുപതിന്റെ നിറവില്‍. കോളെജിന്റെ വജ്രജൂബിലിയും ഗ്ലോബല്‍ ആലുമ്‌നി സമ്മേളനവും വിപുലമായി നടത്താനുള്ള ഒരുക്കം പൂര്‍ത്തിയായി വരുന്നതായി പ്രിന്‍സിപ്പാള്‍ പ്രൊഫ. (ഡോ.) കെ. സി. പ്രകാശ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 19നു ഉച്ചയ്ക്കു മൂന്നിന് കോളേജ് അങ്കണത്തില്‍ നടക്കുന്ന വിപുലമായ വിദ്യാഭ്യാസ- സാംസ്‌കാരിക സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വജ്ര ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അധ്യക്ഷത വഹിക്കും. 20നു നടക്കുന്ന ഗുരുവന്ദനം മന്ത്രി ജെ. ചിഞ്ചു റാണിയും 21നു ചേരുന്ന മാധ്യമ സെമിനാര്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉദ്ഘാടനം ചെയ്യും. സാമൂഹ്യ, രാഷ്ട്രീയ, വിദ്യാഭ്യാസ, മാധ്യമ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.
സാമൂഹിക പരിഷ്‌കര്‍ത്താവും നവോത്ഥാന നായകനും വിദ്യാഭ്യാസ ചിന്തകനുമായിരുന്ന കുമ്പളത്തു ശങ്കുപ്പിള്ളയുടെ ദീര്‍ഘവീക്ഷണമാണ് ശുദ്ധജലതാടകക്കരയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഈ സമുന്നത വിദ്യാഭ്യാസ കേന്ദ്രം.1964-ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തിലാണ് ഈ സരസ്വതീ ക്ഷേത്രം സമാരംഭിച്ചത്. അന്നത്തെ ബോര്‍ഡ് പ്രസിഡന്റ് മങ്കുഴി മാധവന്റെയും അംഗങ്ങളായ മക്കപ്പുഴ വാസുദേവന്‍ പിള്ള, കേശവന്‍ പോറ്റി എന്നിവരുടെയും പിന്‍ബലത്തിലാണ് ഈ കോളെജ് സ്ഥാപിതമായത്. ദ്വിവര്‍ഷ പ്രീ ഡിഗ്രി കോഴ്സ് മാത്രമുള്ള ജൂനിയര്‍ കോളെജായിട്ടായിരുന്നു തുടക്കം. 1967-ല്‍ ഫസ്റ്റ് ഗ്രേഡ് കോളെജായി ഉയര്‍ത്തപ്പെട്ടു. നിലവില്‍ 17 ഡിഗ്രി കോഴ്സുകളും 7 ബിരുദാനന്തര കോഴ്സുകളും 2 ഗവേഷണ വിഭാഗവും കോളെജില്‍ പ്രവര്‍ത്തിക്കുന്നു. കേരള സര്‍വകലാശാലയ്ക്കു കീഴിലുള്ള ഏറ്റവും വലിയ കോളെജ് ആണിത്. 3000 ത്തോളം വിദ്യാര്‍ത്ഥികളും 120ല്‍പ്പരം അധ്യാപകരും 50 ഓളം ജീവനക്കാരുമുണ്ട്. ക്യാപ്റ്റന്‍ (ഡോ.) ടി. മധു, ഡോ. കെ. അനീഷ്, കെ വി രാമാനുജന്‍ തമ്പി, ആര്‍. ശ്രീജ, ഡോ. പി.ആര്‍ ബിജു തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു