For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പുരാരേഖകൾ ശാസ്ത്രീയമായി സംരക്ഷിക്കും: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

08:31 PM Oct 23, 2024 IST | Online Desk
പുരാരേഖകൾ ശാസ്ത്രീയമായി സംരക്ഷിക്കും  മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
Advertisement

തിരുവനന്തപുരം: അത്യപൂർവ്വവും പകരംവയ്ക്കാനില്ലാത്തതുമായ താളിയോലരേഖകളും ചരിത്രരേഖകളും ഭാവി തലമുറയ്ക്കായി ശാസ്ത്രീയ സംരക്ഷണം നടത്തി സൂക്ഷിക്കുന്നതിൽ അതീവ ശ്രദ്ധയാണ് സർക്കാർ പുലർത്തുന്നതെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. തിരുവനന്തപുരത്ത് പുരാവസ്തു കാര്യാലയത്തിൽ നടന്ന ചടങ്ങിൽ 2024-25 വർഷത്തെ പുരാരേഖാ സംരക്ഷണ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാരിന്റെയും വിവിധ വകുപ്പുകളുടേയും തീർപ്പാക്കപ്പെട്ട ശാശ്വതമൂല്യമുള്ള രേഖകളും സൂക്ഷിച്ചു വരുന്ന സർക്കാർ സ്ഥാപനമാണ് സംസ്ഥാന പുരാരേഖാ വകുപ്പ്. അക്കാഡമിക സമൂഹത്തിനും ചരിത്രഗവേഷകർക്കും ആവശ്യമായ രേഖകൾ നല്കാൻ പര്യാപ്തമായ സമ്പന്നമായ ചരിത്രത്തിന്റെ ഒരക്ഷയ ഖനിയാണ് നമ്മുടെ ആർക്കൈവ്‌സെന്നും മന്ത്രി വ്യക്തമാക്കി.
കാലത്തിന്റെ ഇടനാഴിയിലൂടെ മനുഷ്യകുലം താണ്ടിയ സുദീർഘമായ യാത്രയുടെ സാക്ഷ്യപത്രങ്ങളാണ് ചരിത്ര രേഖകൾ. പല കാലങ്ങളിൽ പല രീതിയിൽ ആലേഖനം ചെയ്തിട്ടുള്ള ചരിത്രരേഖകളെ അമൂല്യമായി കരുതി ലോകമെങ്ങും സംരക്ഷിച്ചു വരുന്ന സാഹചര്യത്തിലാണ് പുരാരേഖ സംരക്ഷണ പദ്ധതികൾക്ക് തുടക്കമാകുന്നത്. ചരിത്രത്തേയും കാലത്തേയും രേഖപ്പെടുത്തിയ മനുഷ്യ സംസ്‌കൃതിയുടെ ഗീതികളായ താളിയോലരേഖകൾ മനുഷ്യകുലത്തിൻറെ പോരാട്ടത്തിന്റെ ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു. നിലവിലുളള വ്യവസ്ഥകൾക്കെതിരെയുള്ള സമരങ്ങളാണ് മനുഷ്യന്റെ പ്രയാണങ്ങളെന്നതിനാൽ മുമ്പോട്ടുള്ള യാത്രയ്ക്ക് ഊർജ്ജം പകരുന്നത് ഇന്നലയെക്കുറിച്ചുള്ള ചിന്തകളാണെന്നും അവ നമ്മുടെ കടമകളെ ഓർമ്മപ്പെടുത്തുന്നുവെന്നും മന്ത്രി പറഞ്ഞു.
ആർക്കൈവ്‌സിൽ സൂക്ഷിച്ചിട്ടുള്ള വൈവിധ്യമാർന്ന രേഖകൾ ഗവേഷകർക്കും ചരിത്രകാരന്മാർക്കും അവലംബമാക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രാഥമിക സ്‌ത്രോതസ്സുകളായ ചരിത്രരേഖകളാണ്. കേരളത്തിന്റെ പരമ്പരാഗതമായ ആലേഖന മാധ്യമമായ താളിയോലയിൽ എഴുതപ്പെട്ട രേഖകളുടെ വിപുലമായ ശേഖരം കേരള ആർക്കൈവ്‌സിനെ മറ്റു ആർക്കൈവ്‌സുകളിൽ നിന്നും വ്യത്യസ്തമാക്കുന്നു. ചുരുണകൾ, ഗ്രന്ഥങ്ങൾ ഉൾപ്പെടെ ഏകദേശം ഒരു കോടിയിലധികം വരുന്ന ബൃഹത്തായ താളിയോലശേഖരം സംസ്ഥാന ആർക്കൈവ്സിന്റെ വിജിയണൽ ഓഫീസായ തിരുവനന്തപുരം സെൻട്രൽ ആർക്കൈവ്‌സിലാണ് സൂക്ഷിച്ചിട്ടുള്ളത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഈ രേഖകളെ ഡിജിറ്റൽ രൂപത്തിലേയ്ക്ക് മാറ്റുന്ന പ്രവർത്തനങ്ങൾ വകുപ്പിൽ നടന്നു വരുകയാണ്. പൊതു രേഖകളുടെ സംരക്ഷണത്തിനുള്ള നടപടിക്രമങ്ങൾ നിയമസഭയുടെ പരിഗണനയിലാണ്. സെലക്റ്റ് കമ്മിറ്റി ഇതിനകം തന്നെ നമ്മുടെ പ്രധാന ആർക്കൈവ്‌സുകൾ സന്ദർശിച്ചിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു. പുരാരേഖാ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് പാർവതി എസ്, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ ദിനേശൻ, കേരള മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടർ ആർ ചന്ദ്രൻ പിള്ള, ആർക്കിവിസ്റ്റ് ആർ അശോക് കുമാർ എന്നിവർ സംബന്ധിച്ചു.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.