ഷമേജ് കുമാറിന്റെ 'ഖാന ചാഹിയെ' ദുബായ് ഹൃസ്വ ചിത്ര മത്സരത്തിന്റെ അവസാന റൗണ്ടിൽ !
കുവൈറ്റ് സിറ്റി : ഷമേജ് കുമാറിന്റെ ഹൃസ്വ ചിത്രം 'ഖാന ചാഹിയെ' മൂന്നാമത് ദുബായ് അൽ മാർമൂമ് ഹൃസ്വ ചിത്ര മത്സരത്തിന്റെ അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കൊറോണ കാലത്തെ ദുരിതങ്ങളെ സോഷ്യൽ മീഡിയ യുടെ സാധ്യതകളിലൂടെ അതിജീവിക്കുന്ന ഒരു ആരോഗ്യ പ്രവർത്തകയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം.
നോട്ടം ഇന്റർനാഷണൽ ഫെസ്റ്റിവൽ, നാഷണൽ ഫിലിം അക്കാദമി ഫെസ്റ്റിവൽ, സൗത്ത് ഇന്ത്യൻ ടെലിവിഷൻ സിനിമ അവാർഡ്‌സ്, നെടുമുടി വേണു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നീ ഫെസ്റ്റിവലിൽ ഈ ചിത്രം സമ്മാനാര്ഹമായിട്ടുണ്ട്.
ദുബായ് ആര്ട്ട് ആൻഡ് കൾചറൽ അക്കാദമിയുടെ ആഭിമുഖ്യത്തിൽ അന്തരാഷ്ട്ര തലത്തിലും, ഗൾഫ് മേഖലയിലും, തദ്ദേശീയരുമായ സിനിമ പ്രവർത്തകർക്കു പ്രോത്സാഹനം നൽകുന്നതിന് വേണ്ടിയാണു അൽ മർഹൂം ഫിലിം ഫെസ്റ്റിവൽ നടത്തുന്നത്. ഡോക്യുമെന്ററി, ആനിമേഷൻ, ലൈവ് ആക്ഷൻ സിനിമ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ഓരോ വിഭാഗത്തിലെ വിജയിക്കും 30,000 ദിർഹവും ഷിൽഡും നൽകുന്നതാണ്. ജനുവരി 12 മുതൽ 21 വരെ ദുബായ് ഡിസൈൻ ഡിസ്ട്രിക്ടിൽ വെച്ചാണ് ഫെസ്റ്റിവൽ നടക്കുന്നത്.
കുവൈറ്റിലെ പ്രമുഖ ഛായാഗ്രഹനായ ഷാജഹാൻ ആണ് ഖാന ചാഹിയെ യുടെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ബോണി കുര്യൻ സംഗീതം നൽകിയിരിക്കുന്നു. രമ്യ രതീഷ്, ആതിര പ്രവീൺ, പ്രവീൺ കൃഷ്ണൻ, ഉണ്ണി കൈമൾ, ഡോ: പ്രമോദ് എന്നിവരാണ് അഭിനേതാക്കൾ. കല : വരുൺ ദേവ് . കുവൈറ്റിൽ നിന്നുള്ള ഈ ഹ്രസ്വ ചിത്രം ദുബായ് ൽ മികച്ച നേട്ടം കൈവരിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.